അറസ്റ്റ ചെയ്ത ബേങ്ക് ജീവനക്കാരനെ ക്രൈം ബ്രാഞ്ച് കസ്റ്റഡയില്‍ വാങ്ങി

Posted on: July 16, 2015 10:26 am | Last updated: July 16, 2015 at 10:26 am

arrestകോഴിക്കോട്: പഞ്ചാബ് നാഷണല്‍ ബേങ്കിന്റെ മുഖ്യശാഖയിലെ ലോക്കറുകളിലുണ്ടായ കവര്‍ച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത ബേങ്ക് ജീവനക്കാരനെ ആറ് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡയില്‍വാങ്ങി. ബേങ്ക് ക്ലാര്‍ക്ക് പുതിയറ സ്രാമ്പിക്കല്‍ പറമ്പ് ‘അച്യുതം’ വീട്ടില്‍ അനില്‍കുമാറിനെയാണ് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (അഞ്ച്) കസ്റ്റഡിയില്‍ വിട്ടത്. പത്ത് ദിവസത്തേക്ക് വിട്ടുകിട്ടണമെന്ന് കാണിച്ചായിരുന്നു ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കിയിരുന്നത്. കസ്റ്റഡിയില്‍ വാങ്ങിയ ശേഷം പ്രതി നെഞ്ചുവേദനയുണ്ടെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയനാക്കി.
കെ പി കേശവമേനോന്‍ റോഡിലെ പഞ്ചാബ് നാഷണല്‍ ബേങ്കിന്റെ മുഖ്യശാഖയിലെ ലോക്കറുകളില്‍ നിന്ന് 200 പവനോളം സ്വര്‍ണാഭരണങ്ങളും വജ്രമാലയും സഊദി മുദ്രയുള്ള സ്വര്‍ണ നാണയങ്ങളുമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. ഇതില്‍ സഊദി മുദ്രയുള്ള ആഭരണങ്ങല്‍ അനില്‍കുമാറില്‍ നിന്ന് കണ്ടെത്തിയിരുന്നു. മറ്റ് ആഭരങ്ങളെക്കുറിച്ച് വിവരങ്ങള്‍ അറിയുന്നതിന് ചോദ്യം ചെയ്യുന്നതിനായാണ് ക്രൈംബ്രാഞ്ച് അനില്‍കുമാറിനെ കസ്റ്റഡിയില്‍ വാങ്ങിയത്.