കാഴ്ചാപ്രശ്‌നമുള്ള 2.3 കോടി പേര്‍ക്ക് നൂര്‍ ദുബൈ വെളിച്ചമേകി

Posted on: July 15, 2015 4:24 pm | Last updated: July 15, 2015 at 4:24 pm
നൂര്‍ ദുബൈയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ദുബൈ പോലീസ് അഞ്ച് ലക്ഷം ദിര്‍ഹം കൈമാറിയപ്പോള്‍. ദുബൈ പോലീസ് മേധാവി മേജര്‍ ജനറല്‍ ഖമീസ് മതര്‍ അല്‍ മസീന നൂര്‍ ദുബൈ വൈസ് ചെയര്‍മാന്‍ നാസര്‍ ഖലീഫ, അഡ്. മാനേജര്‍ മനാല്‍ തരിയം എന്നിവര്‍ക്ക് കൈമാറിയപ്പോള്‍
നൂര്‍ ദുബൈയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ദുബൈ പോലീസ് അഞ്ച് ലക്ഷം ദിര്‍ഹം കൈമാറിയപ്പോള്‍. ദുബൈ പോലീസ് മേധാവി മേജര്‍ ജനറല്‍ ഖമീസ് മതര്‍ അല്‍ മസീന നൂര്‍ ദുബൈ വൈസ് ചെയര്‍മാന്‍ നാസര്‍ ഖലീഫ, അഡ്. മാനേജര്‍ മനാല്‍ തരിയം എന്നിവര്‍ക്ക് കൈമാറിയപ്പോള്‍

അബുദാബി: 21 രാജ്യങ്ങളിലായി കാഴ്ചാപ്രശ്‌നം നേരിടുന്ന 2.3 കോടി ആളുകളെ സഹായിച്ചതായി നൂര്‍ ദുബൈ ഫൗണ്ടേഷന്‍ അധികാരികള്‍ വ്യക്തമാക്കി. ഏഷ്യയിലും ആഫ്രിക്കയിലുമായാണ് ഫൗണ്ടേഷന്‍ കാഴ്ചക്ക് പ്രശ്‌നം നേരിടുന്നവര്‍ക്ക് അത്താണിയായി മാറിയത്.
പൂര്‍ണമായ തോതില്‍ അന്ധത നേരിട്ടവരും ഫൗണ്ടേഷന്റെ സഹായം ലഭിച്ചവരില്‍ ഉള്‍പെടും. കഴിഞ്ഞ എട്ടു വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടയിലാണ് ജീവകാരുണ്യ രംഗത്ത് സ്തുത്യര്‍ഹമായ സേവനം നൂര്‍ ദുബൈ കാഴ്ചവെച്ചിരിക്കുന്നത്. 2008ലാണ് ഫൗണ്ടേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചത്. രോഗികള്‍ക്ക് ഓരോരുത്തര്‍ക്കും കണ്ണടക്കും തിമിര ശസ്ത്രക്രിയക്കുമാണ് ഫൗണ്ടേഷന്‍ സാമ്പത്തിക സഹായം നല്‍കിയത്.
യമന്‍, ബംഗ്ലേദേശ്, ബുര്‍കിനഫാസോ, ടോഗോ, ഫിലിപൈന്‍സ്, നൈജര്‍, ചാഡ്, മാലി, ഗാന, കാമറൂണ്‍, ഉഗാണ്ട, സോമാലിയ, പലസ്തീന്‍, ഇറാഖ്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് സഹായം ലഭിച്ചത്. ഈ വര്‍ഷം ഫൗണ്ടേഷന്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത് എത്യോപ്യ, പാകിസ്ഥാന്‍, മൊറോക്കോ, സുഡാന്‍, ശ്രീലങ്ക, നേപ്പാള്‍ എന്നീ രാജ്യങ്ങളിലായിരിക്കും.
വിവിധ സേനവങ്ങളാണ് രോഗികള്‍ക്ക് നല്‍കുന്നതെന്നും ഇതില്‍ ശസ്ത്രക്രിയ, മരുന്ന് വിതരണം, കണ്ണട വിതരണം തുടങ്ങിയവ ഉള്‍പെടുമെന്ന് ഫൗണ്ടേഷന്‍ വക്താവ് വ്യക്തമാക്കി. രോഗികള്‍ക്ക് സൗജന്യമായാണ് ഇവയെല്ലാം ലഭ്യമാക്കുന്നത്. തദ്ദേശീയ സമൂഹങ്ങള്‍ക്കിടയില്‍ വിവിധ കണ്ണ് രോഗങ്ങളെക്കുറിച്ച് ബോധവത്കരണവും രോഗപ്രതിരോധ മരുന്ന് വിതരണവും നടത്തുന്നുണ്ട്.
ബോധവത്കരണ പരിപാടികളില്‍ ഡോക്ടര്‍മാരും ശസ്ത്രക്രിയാവിദഗ്ധരും നഴ്‌സുമാരും സാമൂഹികപ്രവര്‍ത്തകരും അധ്യാപകരും ഉള്‍പെടെയുള്ളവര്‍ പങ്കെടുക്കുന്നുണ്ട്. രോഗികളെ പരിശോധിക്കുകയും ആവശ്യമായ ആന്റിബയോട്ടിക് ഉള്‍പെടെയുള്ള മരുന്നുകള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. ഏപ്രില്‍ മാസത്തില്‍ പാക്കിസ്ഥാനിലെ ജലം മേഖലയില്‍ നടത്തിയ ക്യാമ്പില്‍ 3,010 രോഗികളെയാണ് സഹായിച്ചത്. 451 പേര്‍ക്ക് ക്യാമ്പിന്റെ ഭാഗമായി തിമിര ശസ്ത്രക്രിയ നടത്തി.
മേയില്‍ മൊറോക്കയിലെ കാസബ്ലാങ്കയില്‍ നടത്തിയ ക്യാമ്പ് 4,200 പേര്‍ക്ക് അനുഗ്രഹമായി. 450 പേര്‍ക്ക് തിമിര ശസ്ത്രക്രിയ നടത്തിയതായും വക്താവ് വെളിപ്പെടുത്തി.