കടുവയെ തൃശൂര്‍ മൃഗശാലയിലേക്ക് മാറ്റും

Posted on: July 15, 2015 9:50 am | Last updated: July 15, 2015 at 9:50 am

സുല്‍ത്താന്‍ ബത്തേരി: കഴിഞ്ഞ ദിവസം കൂട് വെച്ച് പിടികൂടിയ കടുവയെ തൃശൂര്‍ മൃഗശാലയിലേക്കയക്കും.
കാഴ്ചബംഗ്ലാവിലേക്കയക്കുന്നത് ഓടപ്പള്ളം, കൊട്ടനാട്, മൂലങ്കാവ് പ്രദേശങ്ങളില്‍ നിന്ന് പിടിച്ച രണ്ടാമത്തെ കടുവയെയാണ്. രണ്ട് വര്‍ഷം മുമ്പ് മൂലങ്കാവില്‍ നിന്ന് അന്നത്തെ തഹസില്‍ദാര്‍ കെ കെ വിജയനെ ആക്രമിച്ച് പരുക്കേല്‍പ്പിച്ച കടുവയെയും മയക്കുവെടി വെച്ച് പിടികൂടി തൃശൂര്‍ കാഴ്ച ബംഗ്ലാവിലേക്കയച്ചിരുന്നു.
മൂലങ്കാവില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലെയാണ് ഓടപ്പള്ളം ഗ്രാമം. ഇവിടുത്തെ ഗവണ്‍മെന്റ് ഹൈസ്‌കൂളിന് സമീപം വെച്ചാണ് അഞ്ച് ദിവസം മുമ്പ് കടുവ ആദ്യമായി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചു കൊലപ്പെടുത്തിയത്.
പിന്നീട് ഒരു കിലോമീറ്റര്‍ അകലെയുള്ള കൊട്ടനാട് വെച്ച് ഒന്നിടവിട്ട ദിവസങ്ങളിലായി രണ്ട് പശുക്കളെയും കൊന്നു. അവസാനം കൊന്ന പശുവിന്റെ ജഡമാണ് കടുവക്ക് കെണിയായത്. ഇന്നലെ പിടിയിലായ കടുവയെയും തൃശൂര്‍ കാഴ്ചബംഗ്ലാവിലേക്ക് കൊണ്ടുപോയി. പിടികൂടിയ കടുവയെ വീണ്ടും കാട്ടിലേക്ക് വിടുന്നത് പ്രതിഷേധത്തെ തുടര്‍ന്ന് ഉപേക്ഷിക്കുയായിരുന്നു.