പോലീസിന്റെ വഴിവിട്ട സഹായം: നാസറിന് ജാമ്യം ലഭിച്ചു

Posted on: July 15, 2015 9:43 am | Last updated: July 15, 2015 at 9:43 am

മാനന്തവാടി: വീട്ടമ്മയെ വശീകരിച്ച് നഗ്നചിത്രങ്ങള്‍ പകര്‍ത്തി ബലാത്സംഗം ചെയ്ത കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന കുഞ്ഞോം പണിയോടന്‍ നാസറിന് കോടതി ജാമ്യം അനുവദിച്ചു. ജാമ്യം ലഭിക്കാന്‍ പോലീസ് ഒത്തുകളിച്ചെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ജൂണ്‍ 27നാണ് ഒളിവില്‍ കഴിയുകയായിരുന്ന നാസറിനെ പോലീസ് പിടികൂടിയത്. അറസ്റ്റിന് ശേഷം ഇയാള്‍ക്കെതിരെ ആറോളം പരാതികള്‍ പോലീസിന് ലഭിച്ചെങ്കിലും നടപടിയെടുക്കാന്‍ മടിക്കുകയായിരുന്നു. അതു കൊണ്ട് തന്നെ കാപ്പചുമത്തുമെന്ന ജില്ലാ പോലീസ് മേധാവിയുടെ പ്രഖ്യാപനവും നടപ്പായില്ല. നാസറിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച പനമരം സ്വദേശിയെ പിടികൂടാനും പോലീസ് അമാന്തം കാട്ടുകയാണ്. ലഭിച്ച പരാതികളില്‍ ഒത്തു തീര്‍പ്പിനുള്ള ശ്രമങ്ങളാണ് പോലീസിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്നും പറയപ്പെടുന്നു. പോലീസ് നടപടിക്കെതിരെ ആഭ്യന്തരമന്ത്രി, ഡി ജി പി എന്നിവര്‍ക്ക് പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാര്‍.