ഫ്രാന്‍സിലെ കെമിക്കല്‍ പ്ലാന്റില്‍ ഇരട്ട സ്‌ഫോടനം

Posted on: July 15, 2015 6:00 am | Last updated: July 16, 2015 at 5:24 pm

പാരിസ്: ഫ്രാന്‍സിലെ കെമിക്കല്‍ പ്ലാന്റില്‍ ഇരട്ട സ്‌ഫോടനം. ദക്ഷിണ ഫ്രാന്‍സിലെ മാര്‍സെയ്‌ലെ പ്രവിശ്യയില്‍ വിമാനത്താവളത്തിന് സമീപത്തെ പ്ലാന്റിലാണ് സംഭവം. രാജ്യം ദേശീയ ബാസ്റ്റയില്‍ ജയില്‍ ദിനം ആചരിക്കാനിരിക്കെ അപ്രതീക്ഷിതമായി സംഭവിച്ച ഈ സ്‌ഫോടനത്തെ കുറിച്ച് സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടതായി ബൗഷസ് ദ്യൂ റോഹന്‍ പ്രവിശ്യയിലെ അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ ഇതുവരെയും അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഇത് ഒരു യാദൃച്ഛിക അപകടമായാണ് കാണുന്നതെന്നും അവര്‍ വ്യക്തമാക്കി.
പൊട്ടിത്തെറി സംഭവിച്ച ഉടനെ 120 അഗ്നിശമനസേനാംഗങ്ങളെയും 50 വാഹനങ്ങളെയും അപകടസ്ഥലത്ത് വിന്യസിച്ചു. പൊട്ടിത്തെറി സംഭവിച്ച പെട്രോകെമിക്കല്‍ കമ്പനി നടത്തിപ്പുകാരായ ലിയോന്‍ഡല്‍ ബാസല്‍ കമ്പനിയും വായു ഗുണമേന്മാ പരിശോധകരും വായുവിന്റെ ഗുണമേന്‍മ പരിശോധിച്ച് കൊണ്ടിരിക്കുകയാണ്. അന്തരീക്ഷത്തില്‍ പുക പടര്‍ന്നതിനാല്‍ ചുറ്റുപാടുകളിലെ വായുവില്‍ അപകടകരമായ വാതകങ്ങള്‍ കലരാന്‍ സാധ്യതയും തള്ളിക്കളയുന്നില്ല.