ഒന്നര കിലോമീറ്റര്‍ തുരങ്കം നിര്‍മിച്ച് മെക്‌സിക്കന്‍ മയക്കുമരുന്ന് രാജാവ് ജയില്‍ ചാടി

Posted on: July 15, 2015 6:00 am | Last updated: July 15, 2015 at 1:18 am
തുരങ്കത്തിന്റെ ഒരറ്റം ജയില്‍ സുരക്ഷാ അധികൃതര്‍ പരിശോധിക്കുന്നു(ഇടത്), തുരങ്കത്തിന്റെ ഉള്‍വശം. ചിത്രത്തില്‍ കാണുന്ന വാഹനം ഉപയോഗിച്ചാണ് തുരങ്കത്തിലൂടെ സഞ്ചരിച്ചത്(മധ്യം), രക്ഷപ്പെട്ടതിന്റെ സാറ്റലൈറ്റ് ചിത്രീകരണം(വലത്).
തുരങ്കത്തിന്റെ ഒരറ്റം ജയില്‍ സുരക്ഷാ അധികൃതര്‍ പരിശോധിക്കുന്നു(ഇടത്), തുരങ്കത്തിന്റെ ഉള്‍വശം. ചിത്രത്തില്‍ കാണുന്ന വാഹനം ഉപയോഗിച്ചാണ് തുരങ്കത്തിലൂടെ സഞ്ചരിച്ചത്(മധ്യം), രക്ഷപ്പെട്ടതിന്റെ സാറ്റലൈറ്റ് ചിത്രീകരണം(വലത്).

മെക്‌സിക്കോ സിറ്റി : ഒരു വര്‍ഷത്തെ കഠിന പ്രയത്‌നത്തില്‍ രഹസ്യമായി നിര്‍മിച്ച തുരങ്കത്തിലൂടെ മയക്കുമരുന്ന് രാജാവ് ജോക്വിന്‍ എല്‍ ചാപോ ഗുസ്മാന്‍ ജയില്‍ ചാടി. പിടികൂടുന്നവര്‍ക്ക് മെക്‌സികോ സര്‍ക്കാര്‍ 3.8 മില്യണ്‍ ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചു. ജയിലില്‍നിന്നും രക്ഷപ്പെടാന്‍ ഇയാളെ ഗാര്‍ഡുമാര്‍ സഹായിച്ചുവെന്ന സംശയത്താല്‍ ഉന്നത ജയില്‍ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടിട്ടുണ്ട്. ശനിയാഴ്ച അര്‍ധരാത്രിക്ക് ശേഷമാണ് ഇയാള്‍ ജയിലിലെ സെല്ലില്‍നിന്നും രക്ഷപ്പെട്ടത്. രക്ഷപ്പെടുമ്പോള്‍ ഇയാള്‍ നിരീക്ഷണ ബ്രേസ്‌ലെറ്റ് ധരിച്ചിരുന്നുവെന്നും ഇവിടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സിസി ടിവി ക്യാമറയുണ്ടായിരുന്നുവെന്നും ആഭ്യന്തര മന്ത്രി മിഗ്വെല്‍ ഏഞ്ചല്‍ ഒസോരിയോ ചോങ് പറഞ്ഞു. ഗുസ്മാന് ജയില്‍ ജീവനക്കാരുടെ സഹായം ലഭിച്ചുവെന്ന് സംശയമുണ്ടെന്നും ഇത് സ്ഥിരീകരിച്ചാല്‍ ഇവര്‍ക്കെതിരെ കുറ്റം ചുമത്തുമെന്നും അദ്ദേഹം പറഞ്ഞു. സിനാലോ മയക്കുമരുന്ന് കടത്ത് സംഘത്തിന്റെ തലവനായ ഗുസ്മാന്‍ 17 മാസമായി ജയിലിലായിരുന്നു. ജയിലില്‍ കിടക്കവെ 2001 ലും ഇയാള്‍ രക്ഷപ്പെട്ടിരുന്നു. സെല്ലില്‍നിന്നും ഒന്നര കിലോമീറ്ററോളം ടണല്‍ നിര്‍മിച്ചാണ് ഇത്തവണ രക്ഷപ്പെട്ടിരിക്കുന്നത്. വൈദ്യുതി സംവിധാനങ്ങളും അടിയന്തര ഓക്‌സിജന്‍ സംവിധാനങ്ങളും തുരങ്കത്തില്‍ തയ്യാറാക്കിയാണ് അത്ഭുതകരമായ ജയില്‍ ചാട്ടം. തുരങ്ക നിര്‍മാണത്തിന് വേണ്ടി 3,250 ടണ്‍ മണ്ണ് നീക്കം ചെയ്തിട്ടുണ്ട്. നിരീക്ഷണ ക്യാമറകളില്‍ പതിയാതെയായിരുന്നു രക്ഷപ്പെടല്‍. ഇയാള്‍ ധരിച്ച നിരീക്ഷണ ബ്രേസ്‌ലറ്റ് ജയിലില്‍ മാത്രമേ പ്രവര്‍ത്തിക്കൂ.