ഗുജറാത്തിലെ വെള്ളപ്പൊക്കത്തില്‍ നിരവധി മൃഗങ്ങള്‍ക്കും ജീവനാശം

Posted on: July 15, 2015 6:00 am | Last updated: July 15, 2015 at 12:21 am

ന്യൂഡല്‍ഹി: ഗുജറാത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ വംശനാശ ഭീഷണി നേരിടുന്ന പത്ത് ഏഷ്യന്‍ സിംഹം ഉള്‍പ്പെടെ നിരവധി വന്യമൃഗങ്ങള്‍ക്ക് ജീവനാശം സംഭവിച്ചതായി സര്‍ക്കാര്‍ റിപ്പോര്‍ട്ട്. ഇതുകൂടാതെ, 1670 നീലക്കാളകളും (ബ്ലൂ ബുള്‍സ്) 87 പുള്ളിമാനുകളും വെള്ളപ്പൊക്കത്തില്‍ ചത്തതായാണ് കണക്ക്. ഇക്കഴിഞ്ഞ ജൂണില്‍ സൗരാഷ്ട്ര മേഖലയിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പെട്ട് 55 പേര്‍ മരിച്ചിരുന്നു. ആയിരക്കണക്കിനാളുകളെ പ്രദേശത്ത് നിന്ന് കുടിയൊഴിപ്പിക്കേണ്ടിവന്നിരുന്നു.

ഈ മാസം രണ്ട് വരെ പത്ത് സിംഹങ്ങളുടെ ജഡം കണ്ടുകിട്ടിയിട്ടുണ്ടെന്ന് ഗുജറാത്ത് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റിനെ (പി സി സി എഫ്) ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വംശനാശ ഭീഷണി നേരിടുന്ന അത്യപൂര്‍വം സിംഹ വര്‍ഗമാണ് ഏഷ്യന്‍ സിംഹങ്ങള്‍. ഗുജറാത്തിലുള്ള 500 എണ്ണം മാത്രമാണ് ലോകത്ത് തന്നെ ഇവയുടെ അവശേഷിപ്പ് എന്നാണ് കരുതുന്നത്. 1670 നീലക്കാളകളുടെയും 87 പുള്ളിമാനുകളുടെയും ജഡത്തോടൊപ്പം ഒരുതരം കറുത്തമാനുകളുടെ ഒമ്പതും കാട്ടുപന്നികളുടെ ആറും മൃതാവശിഷ്ടങ്ങളും പ്രദേശത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ആവാസ വ്യവസ്ഥക്കുണ്ടായ നാശത്തെക്കുറിച്ച് വനം വകുപ്പും പ്രാദേശിക പരിസ്ഥിതി പ്രവര്‍ത്തകരും ചേര്‍ന്ന് പരിശോധനക ള്‍ ആരംഭിച്ചിട്ടുണ്ട്. ഏഷ്യന്‍ സിംഹം ഇന്ത്യയില്‍ ഗുജറാത്തില്‍ മാത്രമാണുള്ളത്. വംശനാശഭീഷണിയിലുള്ള ഇവയെ രാജ്യാത്തെ സമാന ആവാസ വ്യവസ്ഥയുള്ള മറ്റ് വന്യജീവി സങ്കേതങ്ങളിലേക്ക് മാറ്റുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ കാണിക്കുന്ന താത്പര്യക്കുറവിനെ വന്യജീവി വിദഗ്ധര്‍ ചോദ്യം ചെയ്ത് തുടങ്ങിയിട്ടുണ്ട്. ഇത് സംബന്ധിച്ച് കേസുകളും നിലനില്‍ക്കുന്നുണ്ട്.
ഇത്തരം വന്യ ജീവികളില്‍ ചിലതിനെയെങ്കിലും അയല്‍ സംസ്ഥാനങ്ങളിലെ വന്യജീവി സങ്കേതങ്ങളിലേക്ക് പുനരധിവസിപ്പിക്കണമെന്ന് 2013ല്‍ സുപ്രീം കോടതിയുടെ നിര്‍ദേശമുണ്ടായിരുന്നു.