ആറു മാസത്തിനിടയില്‍ 11 വാഹനാപകട മരണം

Posted on: July 14, 2015 10:31 pm | Last updated: July 14, 2015 at 10:34 pm

അജ്മാന്‍: അജ്മാനില്‍ ആറു മാസത്തിനിടെയുണ്ടായ വാഹനാപകടങ്ങളില്‍ 11 പേര്‍ മരിച്ചതായി ഗതഗാതവകുപ്പ് അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു വാഹനാപകടങ്ങള്‍ എമിറേറ്റില്‍ കൂടുകയാണ്. 20, 412 ലഘു വാഹനാപകട കേസുകള്‍ കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ എമിറേറ്റിലുണ്ടായി. ഈ അപകടങ്ങളില്‍ 135 പേര്‍ക്കു നിസാരവും ഗുരുതവുമായി പരുക്കേറ്റിട്ടുണ്ട്. പോയവര്‍ഷം ഇതേ കാലയളവില്‍ 16, 998 അപകടങ്ങളായിരുന്നു പോലീസ് രേഖപ്പെടുത്തിയിരുന്നത്. 20 ശതമാനമാണു വാഹനാപകടങ്ങളുടെ വര്‍ധന. അതോടൊപ്പം അപകടങ്ങളില്‍ ജീവാഹാനി സംഭവിക്കുന്നവരുടെ തോതും ഉയര്‍ന്നതില്‍ അധികൃതര്‍ക്കു ആശങ്കയുണ്ട്.
വിവിധ ദേശക്കാരായ ഒന്‍പത് പേര്‍ക്കാണു 2014 പകുതി പിന്നിട്ടപ്പോഴേക്കും വാഹനാപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടിരുന്നത്. ഇക്കൊല്ലം ഇതു 11 ആയി ഉയര്‍ന്നുവെന്ന് അജ്മാന്‍ പോലീസ് തലവന്‍ ബ്രിഗേ. ശൈഖ് സുല്‍ത്താന്‍ ബ്ന്‍ അബദുല്ല അല്‍ നുഐമി അറിയിച്ചു.
ആറുമാസത്തിനകം 45 ആളുകളെ വാഹനം തട്ടിയ കേസും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 48 പേരെയാണു വാഹനം ഇടിച്ചിരുന്നത്. അമിത വേഗവും മുന്നിലെ വാഹനവുമായി മതിയായ അകലം പാലിക്കാത്തതും മുന്നറിയിപ്പില്ലാതെ ലൈന്‍ മാറുന്നതുമാണു അപകടങ്ങളുടെ എണ്ണം കൂട്ടിയ നിയമലംഘനങ്ങള്‍.
അനുമതിയില്ലാതെ റോഡിനു കുറുകെ കടക്കുന്നതാണു വാഹനം തട്ടിയുണ്ടായ അപകടങ്ങള്‍ക്കു മുഖ്യഹേതു. ഈ നിയമലംഘനങ്ങള്‍ പതിവായ ശൈഖ് റാശിദ് ബിന്‍ ഹുമൈദ്, ഖലീഫ ബി സായിദ് റോഡുകളില്‍ പോലീസ് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നതായി ശൈഖ് അല്‍ നുഐമി അറിയിച്ചു.