ആണവ കരാര്‍ യാഥാര്‍ഥ്യമാകുന്നു; ഇറാനുമായി ധാരണ

Posted on: July 14, 2015 8:08 pm | Last updated: July 16, 2015 at 9:42 am

IK
വിയന്ന/ടെഹ്‌റാന്‍: ഇറാനും അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യ ശക്തികളും നിര്‍ണായക ആണവ ധാരണയിലെത്തി. ആസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയില്‍ നടന്ന പതിനെട്ട് മണിക്കൂര്‍ നീണ്ട മാരത്തോണ്‍ ചര്‍ച്ചക്കൊടുവിലാണ് ഇരുവിഭാഗവും ധാരണയിലെത്തിയത്. ഇറാന്‍ അതിന്റെ ആണവ പരിപാടികള്‍ ഗണ്യമായ തോതില്‍ വെട്ടിക്കുറക്കാനും ആണവ നിലയങ്ങളും സംവിധാനങ്ങളും പരിശോധനക്ക് തുറന്നുകൊടുക്കാനും സന്നദ്ധമാകും. ഇറാന്റെ ആണവ നിലയങ്ങളിലുള്ള സെന്‍ട്രിഫ്യൂഗുകളുടെ എണ്ണം 19,000ത്തില്‍ നിന്ന് 6,104 ആയി വെട്ടിക്കുറക്കും. ഇതില്‍ തന്നെ 1,044 സെന്‍ട്രിഫ്യൂഗുകള്‍ യുറേനിയം സമ്പുഷ്ടീകരണം ഒഴിച്ചുള്ള ആണവാവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കും. നിലയങ്ങളിലും സൈനിക, ഗവേഷണ കേന്ദ്രങ്ങളില്‍ പോലും പരിശോധന അനുവദിക്കേണ്ടി വരും. പകരം ഒരു വ്യാഴവട്ടക്കാലമായി ഇറാന് മേല്‍ ചുമത്തിയ പല തലത്തിലുള്ള ഉപരോധങ്ങള്‍ പിന്‍വലിക്കും. ഇറാനിയന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ള്വരീഫും യൂറോപ്യന്‍ യൂനിയന്‍ നയമേധാവി ഫ്രഡറിക്ക മൊഗേരിനിയുമാണ് ആണവ ധാരണയിലെത്തിയതായി പ്രഖ്യാപിച്ചത്.
അനാവശ്യമായ പ്രതിസന്ധിക്ക് അന്ത്യം കുറിക്കുന്ന ‘വിന്‍ വിന്‍’ പരിഹാരമാണ് ഉണ്ടായിരിക്കുന്നതെന്നും അന്താരാഷ്ട്ര സമൂഹത്തെ ഗൗരവതരമായി ബാധിക്കുമായിരുന്ന ഒരു പ്രശ്‌നത്തില്‍ നിന്ന് പുറത്തുകടന്ന് പുതിയ ചക്രവാളങ്ങള്‍ തുറന്നിരിക്കുകയാണെന്നും ള്വരീഫ് പ്രതികരിച്ചു. എല്ലാവര്‍ക്കും പൂര്‍ണ ഗുണകരമായ ഒരു ധാരണയും സാധ്യമല്ല. എന്നാല്‍, എല്ലാവര്‍ക്കും ഒരു പരിധിവരെ നല്ലതെന്ന് പറയാവുന്ന ധാരണയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. നയതന്ത്രവും സഹകരണവും ഏകോപനവും വഴി ദശകങ്ങള്‍ നീണ്ട സംഘര്‍ഷത്തിനും അഭിപ്രായവ്യത്യാസത്തിനും പരിഹാരം കാണാന്‍ സാധിക്കുമെന്ന് തെളിഞ്ഞുവെന്ന് മൊഗേരിനി പറഞ്ഞു. കരാര്‍ നിര്‍മാണാത്മകമാണെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി ട്വിറ്ററില്‍ കുറിച്ചു.
അതേസമയം, കരാര്‍ ചരിത്രപരമായ പിഴവാണെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കുറ്റപ്പെടുത്തി. ഈ ധാരണയിലൂടെ ഉപരോധങ്ങളെല്ലാം നീങ്ങിക്കിട്ടുമ്പോള്‍ കോടിക്കണക്കിന് ഡോളറാണ് ഇറാന് ലഭിക്കുക. ഇത് തീവ്രവാദ പ്രവര്‍ത്തനത്തിന് ഊര്‍ജം പകരുമെന്ന് അദ്ദേഹം ആരോപിച്ചു. ആണവ ധാരണ ഇറാന്റെ ആഭ്യന്തര സമ്പദ്‌വ്യവസ്ഥയെ ശക്തമാക്കുമെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ കേന്ദ്ര ബേങ്ക്, ദേശീയ എണ്ണക്കമ്പനി, ഷിപ്പിംഗ് സ്ഥാപനങ്ങള്‍, വിമാന കമ്പനികള്‍, മറ്റു പ്രധാന സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവക്കുള്ള ഉപരോധം നീങ്ങുന്നത് ആശ്വാസകരമാണെന്ന് ഇര്‍ന വിലയിരുത്തുന്നു.
ഇറാനിലെ ആണവ നിലയങ്ങളില്‍ സൈനികാവശ്യത്തിനുള്ള യുറേനിയം സമ്പുഷ്ടീകരണം നടക്കുന്നുണ്ടെന്നും ഉടന്‍ അവര്‍ ബോംബ് നിര്‍മിക്കുമെന്നുമുള്ള കുറ്റമാണ് പാശ്ചാത്യ ശക്തികള്‍ നിരന്തരം ഇറാന് മേല്‍ ചുമത്തിവന്നത്. എന്നാല്‍, തങ്ങളുടെ ആണവപരിപാടി ഊര്‍ജാവശ്യത്തിനാണെന്ന് ഇറാന്‍ ആണയിടുന്നു. യു എന്‍ ആണവോര്‍ജ ഏജന്‍സി നടത്തിയ പരിശോധനയില്‍ പാശ്ചാത്യ ആരോപണത്തിന് തെളിവൊന്നും ലഭിക്കാതിരുന്നിട്ടും ഇറാനുമേലുള്ള ഉപരോധം തുടരുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ചൈന, റഷ്യ, ജര്‍മനി എന്നിവയുടെ പ്രതിനിധികളും ഇറാനും ചര്‍ച്ചകള്‍ ആരംഭിച്ചത്. 2006ല്‍ ആരംഭിച്ച ആറ് രാഷ്ട്ര ചര്‍ച്ചകള്‍ക്ക് ഇറാനില്‍ ഹസന്‍ റൂഹാനി അധികാരത്തില്‍ വന്ന ശേഷം വേഗം കൂടി. പുതിയ ധാരണ ഇറാന്‍ പരമോന്നത നേതൃത്വത്തിന് എത്രമാത്രം സ്വീകാര്യമാകുമെന്നതിനനുസരിച്ചിരിക്കും അതിന്റെ ഭാവി.
ഉപരോധത്തെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ മരവിച്ചു കിടക്കുന്ന നീക്കിയിരിപ്പ് തുക രാജ്യത്തേക്ക് തിരിച്ചെത്തുമെന്നത് ഇറാന് ആശ്വാസകരമാണ്. ഉപരോധം നീങ്ങുന്നതോടെ മറ്റ് രാജ്യങ്ങളുമായി സൈനിക, സാമ്പത്തിക സഹകരണം ശക്തമാകുകയും ചെയ്യും.