കസിയസ് റയല്‍ വിട്ടു; ഇനി പോര്‍ട്ടോക്കൊപ്പം

Posted on: July 13, 2015 6:00 am | Last updated: July 13, 2015 at 2:34 am

images
മാഡ്രിഡ്: റയല്‍ മാഡ്രിഡിന്റെ വലകാക്കാന്‍ ഇനി ഐകര്‍ കസിയസ് ഇല്ല. റയലുമായുള്ള 25 വര്‍ഷത്തെ ബന്ധത്തിന് വിരാമമിട്ട കസിയസ് പോര്‍ച്ചുഗീസ് ക്ലബായ പോര്‍ട്ടോയിലേക്കാണ് കൂടുമാറിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഗോള്‍കീപ്പര്‍ ഡേവിഡ് ഡി ഗീ കസിയസിന് പകരമായി റയലിന്റെ കാവല്‍ക്കാരനാകും. 1990 ല്‍ ആണ് കസിയസ് റയലിന്റെ യൂത്ത് ടീമിലെത്തുന്നത്. ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി അവര്‍ക്കായി ഗോള്‍വല കാക്കാനിറങ്ങി. 2008ല്‍ റയലിന്റ് ക്യാപ്റ്റനായി. പിന്നീടങ്ങോട്ട് കസിയസിന്റെ കരുത്തില്‍ റയല്‍ സ്വന്തമാക്കിയത് സ്വപ്‌നതുല്യ നേട്ടങ്ങള്‍. റയല്‍ മൂന്ന് വട്ടം ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായതും അഞ്ച് തവണ ലാലിഗ ചാമ്പ്യന്മാരായതും കസിയസിന്റെ ചോരാത്ത കരങ്ങളുടെ ബലത്തിലാണ്.റയല്‍ മാഡ്രിഡിന് വേണ്ടി 16 സീസണുകളിലായി 724 മത്സരങ്ങളില്‍ ഗോള്‍ വലയം കാത്തു. 2010ല്‍ സ്‌പെയിന്‍ ആദ്യമായി ലോകകപ്പ് കിരീടം നേടുമ്പോള്‍ ഗോള്‍വല കാത്തതും കസിയസ് തന്നെ. ആ ലോകകപ്പില്‍ ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം ലഭിച്ചതും മറ്റാര്‍ക്കുമായിരുന്നില്ല.
റയല്‍ മാഡ്രിഡിന് ചാമ്പ്യന്‍സ് ലീഗ് കിരീടം നിലനിര്‍ത്താന്‍ കഴിയാത്തതും സ്പാനിഷ് ലീഗ്, കിംഗ്‌സ് കപ്പ് കിരീടങ്ങള്‍ നേടാന്‍ കഴിയാത്തതും കസിയസിന്റെ മോശം പ്രകടനങ്ങള്‍ മൂലമാണെന്ന് അദ്ദേഹത്തിന്റെ കടുത്ത ആരാധകര്‍ തന്നെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതോടെ കസിയസ് റയല്‍ വിടുമെന്നുള്ള വാര്‍ത്തകള്‍ പരന്നു.