Connect with us

International

സൗത്ത് കരോലിനയില്‍ നിയമസഭാ മന്ദിരത്തിലെ കോണ്‍ഫെഡറേഷന്‍ പതാക നീക്കം ചെയ്തു

Published

|

Last Updated

വാഷിംഗ്ടണ്‍: വംശവെറിക്കെതിരെ അമേരിക്കയില്‍ നിര്‍ണായക വിജയം.
കറുത്ത വര്‍ഗക്കാരുടെ ചര്‍ച്ച് ആക്രമിക്കപ്പെടുകയും തീവ്രവലതുപക്ഷക്കാര്‍ നിരന്തരം ആക്രമണം അഴിച്ചു വിടുകയും ചെയ്ത സൗത്ത് കരോലിനയിലെ നിയമസഭാ മന്ദിരത്തില്‍ നിന്നും കോണ്‍ഫെഡറേഷന്‍ പതാക നീക്കം ചെയ്തു. സിവില്‍ അവകാശ സംഘടനകളുടെ ശക്തമായ ബഹിഷ്‌കരണ സമരത്തിന്റെ വിജയമാണിത്.
സിവില്‍ യുദ്ധ സമയത്ത് മേഖലാപരമായ അഭിമാനത്തിന്റെ ചിഹ്നമായിരുന്ന കോണ്‍ഫെഡറേഷന്‍ പതാക പിന്നീട് വര്‍ണ വിവേചനത്തിന്റെ പ്രതീകമായി മാറുകയായിരുന്നു. ഈയിടെ കറുത്ത വര്‍ഗക്കാരുടെ ചര്‍ച്ച് ആക്രമിച്ച ഡിലന്‍ റൂഫ് ഈ പതാക സ്ഥിരമായി കൊണ്ടു നടക്കാറുണ്ടായിരുന്നു.
മേഖലാപരമായ അഭിമാനത്തിന്റെ പേര് പറഞ്ഞ് ഈ പതാക നിയമസഭാ മന്ദിരത്തില്‍ പാറിക്കളിക്കുകയായിരുന്നു. ഇത് നീക്കം ചെയ്യണമെന്ന് നിരന്തരം ആവശ്യമുയര്‍ന്നിട്ടും അധികൃതര്‍ തയ്യാറാകാതിരുന്നതോടെയാണ് സിവില്‍ ആക്ടിവിസ്റ്റുകള്‍ സമരത്തിന് തുടക്കം കുറിച്ചത്.
പതാക നീക്കാന്‍ തയ്യാറായതോടെ ബഹിഷ്‌കരണ സമരം അവസാനിപ്പിക്കുന്നതായി നാഷനല്‍ അസോസിയേഷന്‍ ഫോര്‍ ദി അഡ്വാന്‍സ്‌മെന്റ് ഓഫ് കളേര്‍ഡ് പീപ്പിള്‍ (എന്‍ എ എ സി പി) അറിയിച്ചു. പതാക മാറ്റി എന്നത്‌കൊണ്ട് മാത്രം എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചുവെന്ന് പറയാനാകില്ല.
പലതലങ്ങളില്‍ വര്‍ണവെറി നിലനില്‍ക്കുകയാണ്. നീതിന്യായ വിഭാഗം, സാമ്പത്തിക ഘടന, തൊഴില്‍, വിദ്യാഭ്യാസം, പാര്‍പ്പിടം, ആരോഗ്യ സംരക്ഷണം തുടങ്ങി എല്ലാ ടമേഖലകളിലും മതില്‍ക്കെട്ടുകള്‍ ഉണ്ടെന്നും സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Latest