Connect with us

Gulf

പത്ത് കോടി ബേങ്ക് ബാലന്‍സുള്ള യാചകന്‍ കുവൈത്തില്‍ പിടിയില്‍

Published

|

Last Updated

ദുബൈ: അനധികൃതമായി ഭിക്ഷ യാചിച്ച വിദേശിയെ പിടികൂടിയ പോലീസുകാര്‍ ഞെട്ടി. യാചകന്റെ ബേങ്ക് നിക്ഷേപം 5,00,000 കുവൈത്ത് ദീനാര്‍. ഏകദേശം പത്ത് കോടി ഇന്ത്യന്‍ രൂപ വരുമിത്. തലസ്ഥാനമായ കുവൈത്ത് സിറ്റിയിലെ പള്ളിക്ക് സമീപമിരുന്നായിരുന്നു പരദേശിയുടെ ഭിക്ഷാടനം. പള്ളിയിലേക്ക് ആരാധനക്ക് വരുന്നവരോട് പണത്തിന് അത്യാവശ്യമുണ്ടെന്നും തനിക്ക് വീട് പോലുമില്ലെന്നും പറഞ്ഞാണ് ഇയാള്‍ യാചിച്ചിരുന്നത്. പ്രദേശത്ത് പെട്രോളിങ്ങ് നടത്തിയിരുന്ന പോലീസുകാരാണ് അനധികൃത ഭിക്ഷാടനം കണ്ട് ഇയാളെ പിടികൂടിയത്. നിയമാനുസൃതമല്ലാത്ത ഭിക്ഷാടനത്തിന് ഉടനെ പോലീസ് അറസ്റ്റ് ചെയ്ത ഇയാളെ അല്‍അഹ്മദി പോലീസ് സ്‌റ്റേഷനില്‍ ചോദ്യം ചെയ്യുന്നതിനിടെയാണ് ബേങ്ക് അക്കൗണ്ടിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തായത്. പ്രദേശിക ബേങ്കില്‍ 5 ലക്ഷം ദീനാറാണ് ഇയാളുടെ നിക്ഷേപം.
കുവൈത്ത് ഉള്‍പ്പെടെയുള്ള ജി സി സി രാഷ്ട്രങ്ങളില്‍ ഭിക്ഷാടനത്തിന് കര്‍ശന നിരോധമേര്‍പ്പെടുത്തിയിട്ടുണ്ട്. പ്രത്യേകിച്ച് പ്രാദേശിക വാസികളിലും വിദേശീയരിലും സകാത്ത്, ദാന-ധര്‍മ്മ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ഏര്‍പ്പെടാനുള്ള പ്രവണത ശക്തമായിരിക്കുന്ന റമസാന്‍ മാസത്തില്‍ യാചകരോട് ഒരു ദയയും കാണിക്കരുതെന്നും ജി സി സി രാഷ്ട്രങ്ങള്‍ തീരുമാനമെടുത്തിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയ ഏഷ്യക്കാരുള്‍പെടെയുള്ള 22 യാചകരെ കുവൈത്തില്‍ നിന്നും നാട് കടത്തിയരുന്നു. സമീപകാലത്ത്് ഗള്‍ഫ് രാഷ്ട്രങ്ങളിലെ അന്യദേശക്കാര്‍ക്കിടയില്‍ ഭിക്ഷാടനം ഒരു ലാഭകരമായ പ്രവൃത്തിയായി മാറിയിട്ടുണ്ട്.

Latest