Connect with us

Articles

ജനം ജയിപ്പിച്ചിട്ടും തോറ്റുമടങ്ങുന്ന ഭരണാധികാരി

Published

|

Last Updated

ഗ്രീസിലെ ബേങ്കുകള്‍ അടഞ്ഞു തന്നെ കിടക്കുകയാണ്. അനിശ്ചിതാവസ്ഥക്ക് ഒരു ശമനവുമില്ല. തുറന്ന് വെച്ചിരിക്കുന്ന ഏതാനും എ ടി എമ്മുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂവാണ്. പ്രതിദിനം 60 യൂറോ മാത്രമേ ഒരാള്‍ക്ക് പിന്‍വലിക്കാനാകുകയുള്ളൂ. ഇങ്ങനെ ക്യൂ നില്‍ക്കുമ്പോഴും പെന്‍ഷന്‍കാര്‍ ബേങ്കുകള്‍ തോറും അലയുമ്പോഴും തൊഴിലില്ലാത്തതിനാല്‍ വീട്ടില്‍ നിന്ന് ഇറക്കിവിട്ട യുവാക്കള്‍ നഗരചത്വരങ്ങളില്‍ മുന്നോട്ടുള്ള വഴി കാണാതെ അന്തിച്ച് നിന്നപ്പോഴും ശക്തമായ തീരുമാനമെടുത്തത് കൊണ്ടാണ് ഹിതപരിശോധനയില്‍ “നോ” പക്ഷം ജയിച്ചത്. ഐ എം എഫും യൂറോപ്യന്‍ കമ്മീഷനും യൂറോപ്യന്‍ സെന്‍ട്രല്‍ ബേങ്കും മുന്നോട്ട് വെച്ച കടുത്ത ചെലവ് ചുരുക്കല്‍ നടപടികള്‍ സ്വീകരിക്കണോ വേണ്ടയോ എന്നായിരുന്നു ഹിതപരിശോധനയില്‍ ചോദിച്ചത്. 60 ശതമാനത്തിലധികം ജനങ്ങള്‍ വേണ്ടെന്ന് വിധിയെഴുതി. ഈ വിധിയെഴുത്ത് ലോകത്തിനാകെ പുതിയൊരു ഉണര്‍വ് നല്‍കി. കടം നല്‍കുന്നവരും വാങ്ങുന്നവരും തമ്മില്‍ നിലനില്‍ക്കേണ്ട സാര്‍വലൗകിക മര്യാദക്കായുള്ള വോട്ടായിരുന്നു അത്. കൊളോണിയല്‍ ചൂഷണത്തിലൂടെ സമാഹരിച്ച സമ്പത്ത് താത്കാലികമായി കൈമാറുക വഴി കൂടുതല്‍ കൂടുതല്‍ സമ്പത്ത് ആര്‍ജിക്കുകയെന്ന വട്ടിപ്പലിശ സംസ്‌കാരത്തിലൂടെ ഇന്നും കൊളോണിയല്‍ സാമ്പത്തിക ഘടന അപ്പടി നിലനിര്‍ത്തിപ്പോരുന്ന ഐ എം എഫ് അടക്കമുള്ള ആഗോളഭീമന്‍മാര്‍ക്ക് ജനങ്ങളുടെ പ്രഹരമായിരുന്നു ഗ്രീക്ക് ഹിതപരിശോധന. അലക്‌സിസ് സിപ്രാസ് എന്ന ഇടത് ആഭിമുഖ്യമുള്ള നേതാവിന്റെ കരങ്ങള്‍ക്ക് ജനങ്ങളുടെ ഈ മനസ്സമ്മതം ശക്തി പകര്‍ന്നുവെന്നതിലും സംശയമില്ല. കാരണം അദ്ദേഹത്തിന്റെ പാര്‍ട്ടിയായ സിരിസ പാര്‍ട്ടി യൂറോപ്യന്‍ യൂനിയന്റെ മുഷ്‌കിനു മുന്നില്‍ മുട്ടു മടക്കേണ്ടതില്ലെന്ന സ്വല്‍പ്പം വൈകാരികമായ നിലപാടാണ് കൈക്കൊണ്ടിരുന്നത്. ജനങ്ങള്‍ വികാരജീവികള്‍ ആയതുകൊണ്ടു കൂടി സിപ്രാസും സിരിസയും ഗ്രീക്ക് ജനതയില്‍ ഭൂരിപക്ഷവും ഒരേ തരംഗ ദൈര്‍ഘ്യത്തില്‍ വന്നു. രാഷ്ട്രീയവും സാമ്പത്തികവുമായ കെമിസ്ട്രി ഇവര്‍ തമ്മില്‍ സംഭവിച്ചുവെന്ന് പറയാം.
പക്ഷേ യൂറോപ്യന്‍ യൂനിയന്‍ നേതൃത്വം ഈ സന്ദേശം സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല. അവര്‍ ഇപ്പോഴും മുന്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. പെന്‍ഷന്‍ വെട്ടിക്കുറക്കണം. നികുതി കൂട്ടണം. ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ വിട്ടു നില്‍ക്കണം. കടുത്ത ചെലവ് ചുരുക്കല്‍ നടപടി വേണം. പൊതു മേഖലാ സ്ഥാപനങ്ങളില്‍ നിന്ന് കൂട്ടപിരിച്ചു വിടല്‍ വേണം. ഇതേ പല്ലവി അവര്‍ ആവര്‍ത്തിക്കുന്നു. ഗ്രീസിന് ഒന്നു നടുനിവര്‍ത്താന്‍ പുതിയ പാക്കേജ് അനിവാര്യമാണു താനും. ഇവിടെയാണ് ഒരു തരം നില്‍ക്കള്ളിയില്ലായ്മയിലേക്ക് സിപ്രാസും സംഘവും കൂപ്പുകുത്തുന്നത്. ഇന്ന് ബ്രസല്‍സില്‍ നടക്കുന്ന ഇ യു ധനമന്ത്രിമാരുടെ ഉച്ചകോടിയില്‍ നിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ഗ്രീസ് ആത്യന്തിക തകര്‍ച്ചയിലേക്ക് നീങ്ങും. രാഷ്ട്രീയമായി വിജയിച്ചുവെങ്കിലും സാമ്പത്തികമായി ഒരു ചെറു ചുവടുവെപ്പ് പോലും പരസഹായമില്ലാതെ കാഴ്ചവെക്കാനാകാത്ത വിധം ബന്ധിതമാണ് ഈ രാജ്യം. ഇത് വര്‍ഷങ്ങളായി ആവര്‍ത്തിച്ചു വന്ന പിഴവുകളില്‍ നിന്ന് രൂപപ്പെട്ടതാണ്. കടം വാങ്ങിക്കുന്നവര്‍ ഇങ്ങനെ ബന്ധിതമായിരിക്കും എന്നത് തന്നെയാണ് മുതലാളിത്ത, പലിശയധിഷ്ഠിത സ്ഥാപനങ്ങളുടെ ശക്തിയെന്ന് ഒരിക്കല്‍ കൂടി തെളിയുകയാണ്.
ഇതിന്റെ തുടര്‍ച്ചയാണ് മുന്‍ നിലപാടുകളില്‍ നിന്ന് ഏറെ പിന്നോട്ട് പോകാനുള്ള സിപ്രാസ് സര്‍ക്കാറിന്റെ തീരുമാനം. എന്തൊക്കെയാണോ ഹിതപരിശോധനയിലൂടെ ജനങ്ങള്‍ തള്ളിക്കളഞ്ഞത് അവ ഒരളവ് വരെ അംഗീകരിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായിരിക്കുന്നു. രാജ്യം പാപ്പര്‍സൂട്ടാകാതിരിക്കാന്‍ 5900 കോടി ഡോളറിന്റെ പാക്കേജ് ഉടനെ വേണം. അതിന് ഇ യു കനിയണം. എന്നു വെച്ചാല്‍ ജര്‍മനി കനിയണം. നിബന്ധനകള്‍ ഒരു പരിധി വരെയെങ്കിലും അംഗീകരിച്ചു മാത്രമേ അത് സാധ്യമാകുകയുള്ളൂ. ബ്രസല്‍സില്‍ ഇന്ന് ചര്‍ച്ചക്കെടുക്കുന്ന ഗ്രീക്ക് പ്രൊപ്പോസല്‍, ജനതയുടെ തീരുമാനത്തെ അട്ടിമറിക്കുന്നതാകുന്നത് അങ്ങനെയാണ്. രാഷ്ട്രീയമായി ശരിയാകുമ്പോഴും സാമ്പത്തികമായി തെറ്റായി മാറുന്നു സിപ്രാസ്. രാഷ്ട്രീയമായി ശക്തി കൈവന്നാലും ആശ്രിത രാഷ്ട്രങ്ങള്‍ക്ക് ശരിയായ സാമ്പത്തിക തീരുമാനങ്ങള്‍ കൈക്കൊള്ളാനാകില്ലെന്നും ഈ പ്രപ്പോസല്‍ വിളിച്ചു പറയുന്നു.

image00
പുതിയ ഗ്രീക്ക് രേഖയില്‍ ഷിപ്പിംഗ് കമ്പനികളുടെ നികുതി കൂട്ടുമെന്ന് വ്യക്തമാക്കുന്നുണ്ട്. റസ്റ്റോറന്റുകള്‍ക്കും കാറ്ററിംഗ് സ്ഥാപനങ്ങള്‍ക്കുമടക്കം 23 ശതമാനം ഏകീകൃത വാറ്റ് നിരക്ക് പ്രഖ്യാപിക്കും. 2016ഓടെ പ്രതിരോധ ചെലവില്‍ 300 മില്യണ്‍ യൂറോയുടെ കുറവ് വരുത്തും. ഗ്രീക്ക് ടെലികോം ഭീമനായ ഒ ടി ഇയുടെ അവശേഷിക്കുന്ന ഓഹരികളും വിറ്റഴിക്കും. തുറമുഖങ്ങളുടെ സ്വകാര്യവത്കരണം ശക്തമാക്കും. നികുതി അവധികള്‍ പൂര്‍ണമായി പിന്‍വലിക്കും തുടങ്ങിയ നിര്‍ദേശങ്ങളാണ് പുതിയ രേഖയില്‍ ഉള്ളത്. പുതിയ രേഖ സിപ്രാസിന്റെ ജനസമ്മതി കുത്തനെ ഇടിക്കുമെന്നറപ്പാണ്. ഹിതപരിശോധനയില്‍ തള്ളിയ പല നിബന്ധനകളും അംഗീകരിക്കുന്നതാണ് പുതിയ രേഖയെന്നത് തന്നെയാണ് കാരണം.
ഒരു ജനത മുഴുവന്‍ ആഗ്രഹിച്ചിട്ടും പിന്തുണച്ചിട്ടും നിലപാടില്‍ ഉറച്ച് നില്‍ക്കാന്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിച്ച ഒരു ഭരണാധികാരിക്ക് സാധിക്കാത്തത് എന്തുകൊണ്ടാണ്? ഉദാരവത്കരണത്തിലൂടെയും കമ്പോള സാമ്പത്തിക ക്രമത്തിലൂടെയും ഏറെ ദൂരം സഞ്ചരിച്ചാല്‍ തിരിച്ചുപോക്ക് എളുപ്പമെല്ലെന്നതാണ് പ്രശ്‌നം. അത് രാഷ്ട്രങ്ങളെ ചില സാമ്പത്തിക ശീലങ്ങളില്‍ അകപ്പെടുത്തുന്നുണ്ട്. വിദേശ മൂലധനത്തിനായി കണ്ണും നട്ടിരിക്കുകയെന്നത് അത്തരത്തിലുള്ള ഒരു ശീലമാണ്. ഇന്ത്യ തന്നെയാണല്ലോ ഇതിന് ഏറ്റവും നല്ല മാതൃക. രാജ്യത്തിന്റെ വികാസത്തിന് നാം ആശ്രയിക്കാന്‍ പോകുന്നത് പുറത്ത് നിന്നുള്ളവരുടെ മുതല്‍മുടക്കിനെയാണ്. ആ മുതല്‍ മുടക്ക് ലാഭേച്ഛയില്‍ അധിഷ്ഠിതമാണെന്നും അതു സാധ്യമാകുമ്പോള്‍ ആഭ്യന്തരമായ ഉത്പാദന സംവിധാനങ്ങള്‍ പലതും കൂമ്പടഞ്ഞു പോകുമെന്നും ഈ കാത്തിരിപ്പ് ശീലമാക്കിയ സാമ്പത്തിക നയരൂപവത്കരണ അധികാരികള്‍ ചിന്തിക്കാറില്ല. അങ്ങനെ ആരെങ്കിലും ചിന്തിച്ചാല്‍ തന്നെ പുതിയ കാലത്തിന്റെ കുതിപ്പിനിടയില്‍ പഴഞ്ചന്‍ ആശങ്കകള്‍ ഉയര്‍ത്തുന്നുവെന്ന പഴിയാണ് അയാള്‍ക്ക് കിട്ടുക. വിദേശ ഏജന്‍സികളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും കടമെടുത്തു കൊണ്ടിരിക്കുക എന്നതാണ് മറ്റൊരു ശീലം. കടം വീട്ടുന്നത് കൊണ്ട് തീരുന്നില്ല ബാധ്യത. കടം വാങ്ങുമ്പോള്‍ ചില പ്രത്യയശാസ്ത്ര ബാധ്യതകള്‍ക്ക് കൂടി രാജ്യം കീഴ്‌പ്പെടും. ഇക്കാലം വരെ തുടര്‍ന്നുവന്ന സാമ്പത്തിക മുന്‍ഗണനകള്‍ അട്ടിമറിക്കപ്പെടും. സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങേണ്ടി വരും. പൊതു മേഖലാ സ്ഥാപനങ്ങള്‍ വിറ്റ് തുലക്കേണ്ടി വരും. ക്ഷേമ പദ്ധതികള്‍ മുഴുവന്‍ നിര്‍ത്തലാക്കേണ്ടി വരും.
2008ല്‍ ലോകത്തെയാകെ പിടിച്ചുലച്ച സാമ്പത്തിക മാന്ദ്യം ക്രൂരമായി ബാധിച്ച യൂറോപ്യന്‍ രാജ്യം ഗ്രീസ് ആയിരുന്നു. ധനക്കമ്മി കുറച്ചു കാണിക്കുക പോലുള്ള ചെപ്പടി വിദ്യകള്‍ക്ക് ഗ്രീക്ക് ഭരണാധികാരികള്‍ മുതിര്‍ന്നതോടെ അത് വായ്പാ ദാതാക്കളെയും മുതല്‍മുടക്കുകാരെയും വല്ലാതെ പ്രകോപിപ്പിച്ചു. വായ്പയുടെ വാതിലുകള്‍ അടഞ്ഞു. മുതല്‍മുടക്കിയവര്‍ പിന്‍വലിച്ച് മടക്ക യാത്ര തുടങ്ങി. അങ്ങനെയാണ് ഗ്രീസ് പ്രതിസന്ധിയുടെ ആഴക്കടലില്‍ പതിച്ചത്. സാമ്പത്തിക വളര്‍ച്ച കുത്തനെ ഇടിഞ്ഞു. വിദേശനാണ്യ ശേഖരം താഴ്ന്നു. നിരവധി ബേങ്കുകള്‍ അടച്ചു പൂട്ടി. തൊഴിലില്ലായ്മ 30 ശതമാനം വര്‍ധിച്ചു. പെന്‍ഷന്‍ തുകയും ശമ്പളവും നല്‍കാനാകാതെ വലഞ്ഞു. ഇടക്കിടക്ക് യൂറോപ്യന്‍ യൂനിയന്‍ അനുവദിച്ചിരുന്ന രക്ഷാപാക്കേജുകള്‍ സത്യത്തില്‍ കടം നല്‍കിയവര്‍ക്കുള്ള രക്ഷാ പാക്കേജായിരുന്നു. ഈ പണം മുഴുവന്‍ അവര്‍ക്കാണ് ലഭിച്ചത്.
ഇങ്ങനെ മുച്ചൂടും മുടിഞ്ഞ ഗ്രീസിന്റെ ഭരണസാരഥ്യമാണ് ബദല്‍ സ്വപ്‌നങ്ങള്‍ എമ്പാടുമുള്ള സിപ്രാസ് ഏറ്റെടുത്തത്. ഐ എം എഫിന് കൊടുത്തു തീര്‍ക്കേണ്ട വായ്പാ ഗഡുവിന്റെ കാര്യം വന്നപ്പോള്‍ അദ്ദേഹവും യൂറോപ്യന്‍ സെന്‍ട്രല്‍ ബേങ്കിനെ സമീപിച്ചു. അവര്‍ പഴയ നിബന്ധനകള്‍ ആവര്‍ത്തിച്ചു. അവിടെ ശീലങ്ങളില്‍ നിന്ന് വഴിമാറി നടക്കാന്‍ സിപ്രാസ് തീരുമാനിച്ചു. പക്ഷേ ആ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കാനാകാതെ സിപ്രാസും ശീലങ്ങള്‍ക്ക് കീഴടങ്ങിയിരിക്കുന്നു. ഇന്ന് ബ്രസല്‍സില്‍ നിന്ന് “നല്ല വാര്‍ത്ത”കള്‍ വരുമെന്നുറപ്പാണ്. കാരണം സിപ്രാസ് ശീലങ്ങളിലേക്ക് തിരിച്ചു പോയിരിക്കുന്നു. സംയുക്ത കറന്‍സി, സാമ്പത്തിക കൂട്ടായ്മകള്‍, അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങള്‍ എല്ലാം തുറന്ന വിപണി ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങളാണ്. എന്നു വെച്ചാല്‍ പുതിയ കൊളോണിയലിസം. സ്വന്തം ബോധ്യങ്ങളില്‍ ഉറച്ച് നില്‍ക്കാന്‍ ഒരു ജനതക്കും അവരുടെ ഭരണാധികാരിക്കും സാധിക്കാതെ വന്നാല്‍ പിന്നെ എന്ത് പരമാധികാരമാണുള്ളത്?
വിദേശ മൂലധനത്തിന്റെയും കടത്തിന്റെയും ചിറകിലേറി കുതിക്കാമെന്ന് വ്യാമോഹിക്കുന്നവര്‍ക്കുള്ള കൃത്യമായ പാഠമാണ് ഗ്രീസ്. ആഭ്യന്തരവും പൊതു ഉടമസ്ഥതയിലുള്ളതുമായ ഉത്പാദന സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക മാത്രമാണ് വന്‍കിടക്കാരന്റെ സാമ്പത്തിക ആക്രമണങ്ങള്‍ ചെറുക്കാനുള്ള വഴി. നിങ്ങളെ കടക്കാരനാക്കുന്നതും കടം വീട്ടാന്‍ പാക്കേജുകള്‍ വെച്ചു നീട്ടുന്നതും വന്‍ ശക്തികളുടെ നിലനില്‍പ്പിനും വളര്‍ച്ചക്കുമാണ്. നിങ്ങളെ പുറത്തുകടക്കാനാകാത്ത വ്യൂഹത്തില്‍ അകപ്പെടുത്തുകയാണ് ചെയ്യുന്നത്.

 

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest