കുട്ടികള്‍ ഇരുചക്രവാഹനങ്ങള്‍ ഓടിച്ചാല്‍ കര്‍ശന നടപടി: ഡി ജി പി

Posted on: July 11, 2015 10:25 pm | Last updated: July 12, 2015 at 12:26 am

traffic_law_kimberley_mccosker

തിരുവനന്തപുരം: കുട്ടികള്‍ ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കുന്നത് കര്‍ശനമായി നിയന്ത്രിക്കുമെന്ന് ഡി ജി പി സെന്‍കുമാര്‍. 18 വയസ്സിന് താഴെയുള്ളവര്‍ ഇരുചക്രവാഹനങ്ങള്‍ ഉപയോഗിച്ചാല്‍ കര്‍ശന നിയമനടപടി എടുക്കുമെന്നും ഡി ജി പി തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. 50 സിസിക്ക് മുകളില്‍ എഞ്ചിന്‍ കപ്പാസിറ്റിയുള്ള ഇരുചക്രവാഹനങ്ങള്‍ ഓടിച്ചാലാണ് കര്‍ശന നടപടിയെടുക്കുക.
tp senkumarപതിനെട്ട് വയസ്സിന് താഴെയുള്ളവര്‍ 50 സി സി യില്‍ കൂടുതല്‍ എഞ്ചിന്‍ കപ്പാസിറ്റിയുള്ള ഇരുചക്രവാഹനങ്ങള്‍ ഓടിച്ചാല്‍ മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 180, 181 വകുപ്പുകള്‍ പ്രകാരം കര്‍ശന നടപടി എടുക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ നടക്കുന്ന വാഹനാപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ക്ക് ഇരയാവുന്നത് ഇരുചക്രവാഹനങ്ങളാണ്. അടുത്തകാലത്ത് 18വയസ്സിനു താഴെയുള്ളവര്‍ ഇരുചക്രവാഹനങ്ങള്‍ അപകടകരമായ വേഗതയിലും അലക്ഷ്യമായും ഓടിക്കുന്നതായി നിരവധി പരാധികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദ്ദേശമെന്ന് ഡി ജി പി വ്യക്തമാക്കി.
കേന്ദ്ര മോട്ടോര്‍ വാഹന നിയമം 1988 സെക്ഷന്‍ 4 പ്രകാരം വാഹനം ഓടിക്കുവാന്‍ അനുവദനീയമായ കുറഞ്ഞ പ്രായം കണക്കാക്കിയിട്ടുണ്ട്. ഇതനുസരിച്ച് 50 സി സിയില്‍ കൂടുതല്‍ എഞ്ചിന്‍ കപ്പാസിറ്റി ഇല്ലാത്ത ഇരുചക്രവാഹനം 16 വയസ്സ് തികഞ്ഞവര്‍ക്ക് ഓടിക്കാവുന്നതാണ്. എന്നാല്‍ 50 സി സിക്ക് മുകളിലുള്ള ഇരുചക്രവാഹനം ഓടിക്കാന്‍ ഇവര്‍ക്ക് അനുമതിയില്ല. ഇത്തരം കേസുകള്‍ പിടിക്കപ്പെട്ടാല്‍ പിഴ ചുമത്തി തീര്‍പ്പാക്കുന്നതിന് പകരം വാഹന ഉടമക്കെതിരെ 180,181 സെക്ഷനുകല്‍ പ്രകാരമുള്ള നിയമ നടപടികള്‍ക്കായി കോടതിയെ സമീപിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഡി ജി പി വ്യക്തമാക്കി.