Connect with us

Gulf

ഫാമിലി വില്ലേജില്‍ കഴിയുന്നത് 19 അനാഥ കുട്ടികള്‍

Published

|

Last Updated

ദുബൈ: അനാഥകുട്ടികളുടെ സംരക്ഷണം ഉറപ്പാക്കാനുള്ള ദുബൈ സര്‍ക്കാരിന്റെ പ്രതിബദ്ധതയുടെ ഭാഗമായുള്ള ഫാമിലി വില്ലേജില്‍ കഴിയുന്നത് 19 അനാഥകുട്ടികള്‍. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമായിരുന്നു രണ്ടാഴ്ചമുമ്പ് വില്ലേജിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചത്. 100 കുട്ടികളെ വരെ സംരക്ഷിക്കാന്‍ ഉതകരുന്ന സൗകര്യങ്ങളാണ് ഫാമിലി വില്ലേജില്‍ സജ്ജമാക്കിയിരിക്കുന്നത്. ഇതിനായി 16 വില്ലകളാണ് നിര്‍മിച്ചിരിക്കുന്നത്. 15 കോടി ദിര്‍ഹമാണ് വില്ലേജിനായി ഔഖാഫും മൈനേഴ്‌സ് അഫയേഴ്‌സ് ഫൗണ്ടേഷനും ചെലവഴിച്ചിരിക്കുന്നത്. അനാഥകുട്ടികള്‍ക്ക് ആരോഗ്യകരമായ ചുറ്റുപാടില്‍ ജീവിക്കാന്‍ അവസരം ഒരുക്കാനാണ് ഫാമിലി വില്ലേജിലൂടെ ദുബൈ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഫെബ്രുവരി മുതല്‍ ഇവിടെ കുട്ടികള്‍ താമസിക്കാന്‍ ആരംഭിച്ചിരുന്നു.
മൂന്നു വിഭാഗം ജീവനക്കാരാണ് ഇവിടെയുള്ളത്. അഡ്മിനിസ്‌ട്രേറ്റര്‍മാര്‍, സാമൂഹികപ്രവര്‍ത്തകര്‍, കുട്ടികളെ പരിചരിക്കുന്നവര്‍ എന്നിവരാണവര്‍. കുട്ടികള്‍ക്ക് മാതാപിതാക്കളില്‍ നിന്നു ലഭിക്കുന്നതിന് തുല്യമായ സ്‌നേഹവും പരിചരണവുമാണ് ഇവിടെയുള്ള പരിചാരകില്‍ നിന്ന് ലഭിക്കുന്നത്. ഇവരെ മാതാവെന്നും പിതാവെന്നുമാണ് കുട്ടികള്‍ വിളിക്കുന്നത്. കുട്ടികളെ സ്‌നേഹിക്കാനും ആവശ്യമായ കാര്യങ്ങള്‍ കണിശമായി ചെയ്തുകൊടുക്കാനുമെല്ലാം പ്രതിബദ്ധതയുള്ളവരെ നോക്കിയാണ് വില്ലേജില്‍ നിയമിച്ചിരിക്കുന്നതെന്ന് ഫാമിലി വില്ലേജ് മാനേജറായ വിദാദ് അല്‍ മഹ്മൂദ് വ്യക്തമാക്കി. വില്ലേജിലെ കുട്ടികള്‍ക്ക് മുത്തശ്ശിയാണ് അല്‍ മഹ്മൂദ്. കുട്ടികള്‍ക്ക് “മാതാപിതാക്കള്‍”ക്കൊപ്പം “അമ്മായി” മാരായി പ്രവര്‍ത്തിക്കുന്ന ജീവനക്കാരുമുണ്ട്. കുട്ടികള്‍ക്ക് സ്‌നേഹവും പരിചരണവും ഉറപ്പാക്കുന്നതിനൊപ്പം അവര്‍ ഭക്ഷണം കഴിച്ചോ എന്നതുള്‍പെടെയുള്ള കാര്യങ്ങളും “മാതാപിതാക്കള്‍” ശ്രദ്ധിക്കുന്നുണ്ട്. എല്ലാ അര്‍ഥത്തിലും ഒരു കുടുംബത്തില്‍ ജീവിക്കുന്ന അന്തരീക്ഷമാണ് ഫാമിലി വില്ലേജില്‍ പുനസൃഷ്ടിച്ചിരിക്കുന്നത്.
ദുബൈ വിമണ്‍സ് അസോസിയേഷനും തദ്ദേശീയരായ വിദഗ്ധരുമെല്ലാം ചേര്‍ന്നാണ് ഫാമിലി വില്ലേജിന് രൂപംനല്‍കിയത്. എസ് ഒ എസ് ചില്‍ഡ്രണ്‍സ് വില്ലേജസ് ഇന്റര്‍നാഷനലില്‍ നിന്ന് പരിശീലനം നേടിയവരാണ് ഇവിടെ ജോലിചെയ്യുന്നവര്‍.
എസ് ഒ എസ് നിര്‍ദേശിക്കുന്ന നിലവാരവും ഉറപ്പാക്കിയാണ് പ്രവര്‍ത്തനം. ഫാലിമി വില്ലേജ് യാഥാര്‍ഥ്യമാക്കാന്‍ പരിശ്രമിച്ച എല്ലാവരോടും അതിയായ നന്ദിയുണ്ടെന്ന് അമാഫ് അണ്ടര്‍ സെക്രട്ടറി തയ്യിബ് അല്‍ റൈസി പറഞ്ഞു.