ഗതാഗതക്കുരുക്ക് കണ്ടെത്താന്‍ ഉതകുന്ന ക്യാമറകളുമായി പോലീസ്

Posted on: July 11, 2015 5:07 pm | Last updated: July 11, 2015 at 5:07 pm


467565835
ദുബൈ: ഗതാഗതക്കുരുക്ക് കണ്ടെത്താന്‍ ഉതകുന്ന ക്യാമറകളുമായി ദുബൈ പോലീസ് രംഗത്ത്. ഇതിനായി 52 ക്യാമറകളാണ് ശൈഖ് സായിദ് റോഡില്‍ പോലീസ് സ്ഥാപിച്ചിരിക്കുന്നത്. അമിതവേഗക്കാരെയും ഗതാഗതക്കുരുക്കിന് കാരണക്കാരാവുന്നവരെയും കണ്ടെത്താന്‍ ലക്ഷ്യമിട്ടാണ് ക്യാമറകള്‍. തിരക്കുള്ള റോഡില്‍ അപകടങ്ങളും മരണങ്ങളും ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി. ചുവപ്പ് വെളിച്ചം മറികടക്കുന്ന വാഹനങ്ങളെ പിടിക്കാന്‍ പ്രത്യേക സംവിധാനമുള്ള 31 ക്യാമറകളും പോലീസ് സജ്ജമാക്കിയിട്ടുണ്ട്. ഇത്തരം ഗുരുതരമായ ഗതാഗത നിയമലംഘനം വര്‍ധിക്കുന്ന സാഹചര്യത്തിലാണിത്.
ക്യാമറകളെല്ലാം ശൈഖ് സായിദ് റോഡിലാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് ദുബൈ പോലീസ് ഗതാഗത വിഭാഗം തലവന്‍ കേണല്‍ സെയ്ഫ് അല്‍ മസ്‌റൂഇ വ്യക്തമാക്കി. ഗതാഗതത്തിരക്കും കൂടുതല്‍ ഗതാഗതനിയമലംഘനങ്ങള്‍ നടക്കുന്നതുമാണ് ക്യാമറകള്‍ ശൈഖ് സായിദ് റോഡില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചതിന് പിന്നില്‍. അമിതവേഗവും വാഹനങ്ങള്‍ക്കിടയില്‍ മതിയായ അകലം പാലിക്കാത്തതും ഇവിടെ പതിവ് നിയമലംഘനങ്ങളാണ്.
ശൈഖ് സായിദ് റോഡില്‍ മുമ്പുണ്ടായിരുന്ന ക്യാമറകള്‍ മാറ്റിയാണ് പുതിയവ സ്ഥാപിച്ചത്. ഇവിടെ നിന്നും ഒഴിവാക്കുന്ന ക്യാമറകള്‍ മറ്റിടങ്ങളില്‍ സ്ഥാപിക്കും. അപകടം കുറഞ്ഞതും ഗാതഗതക്കുരുക്ക് അധികം അനുഭവപ്പെടാത്തതുമായ റോഡുകളിലാവും പഴയ ക്യാമറകള്‍ മാറ്റി സ്ഥാപിക്കുക. പുതിയ ക്യാമറകളില്‍ രണ്ട് ദിശയില്‍ നിന്നും വരുന്ന വാഹനങ്ങളെ കൃത്യമായി കണ്ടെത്താന്‍ സാധിക്കും. അതുപോലെ മതിയായ അകലം പാലിക്കാതെ കടന്നുപോകുന്ന വാഹനങ്ങളും ഇതിന്റെ പരിധിയില്‍ വരും. ഏത് വിധത്തിലുള്ള നിയമലംഘനവും കൃത്യമായി പതിയുന്നതാണ് പുതുതായി സ്ഥാപിച്ചിരിക്കുന്ന അത്യാധുനിക ക്യാമറകള്‍.
ഈ മാസത്തിന്റെ തുടക്കം മുതലാണ് ഇത്തരം ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമാക്കിയത്. നിയമം ലംഘച്ച് മറികടക്കുന്ന വാഹനങ്ങള്‍, നിരോധനം നിലനില്‍ക്കുന്ന സമയത്ത് തിരക്കേറിയ റോഡുകളില്‍ കയറുന്ന ലോറി ഉള്‍പെടെയുള്ള വാഹനങ്ങള്‍ തുടങ്ങിയവയെയും ക്യാമറ പിടികൂടും. യഥാര്‍ഥത്തില്‍ പോലീസ് പട്രോള്‍ വാഹനം ഓടിക്കുന്നതിന് തുല്യമായ ഫലമാണ് പുതിയ ക്യാമറകള്‍ നല്‍കുക.
ചുവപ്പ് വെളിച്ചം മറികടക്കുന്നത് കണ്ടെത്താന്‍ സ്ഥാപിച്ച 31 ക്യാമറകള്‍ കാറിനൊപ്പം ലോറികളെയും ഇതേ നിയമലംഘനത്തിന് പിടികൂടാന്‍ സഹായിക്കുന്നതാണ്. റോഡ് സുരക്ഷ ഉറപ്പാക്കാനും വാഹനം ഓടിക്കുന്നവര്‍ക്ക് പെരുമാറ്റച്ചട്ടം നടപ്പാക്കാനും അപകടം ഒഴിവാക്കാനുമാണ് നടപടിയെന്നും കേണല്‍ അല്‍ മസ്‌റൂഇ പറഞ്ഞു.