Connect with us

National

കൂടിക്കാഴ്ച: മോദിക്കും നവാസ് ശരീഫിനും വിമര്‍ശനങ്ങള്‍

Published

|

Last Updated

ന്യൂഡല്‍ഹി/ഇസ്‌ലാമാബാദ്: റഷ്യയിലെ ഉഫയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക് പ്രധാനമന്ത്രി നവാസ് ശരീഫും തമ്മിലുള്ള കൂടിക്കാഴ്ച ചരിത്രപരമെന്ന് പൊതുവേ വിശേഷിപ്പിക്കപ്പെടുമ്പോഴും സ്വന്തം നാട്ടില്‍ നവാസിന് പഴി. സംയുക്ത പ്രസ്താവനയില്‍ സമാധാനത്തിലേക്കുള്ള നിരവധി നിര്‍ദേശങ്ങള്‍ ഉണ്ടെങ്കിലും കാശ്മീര്‍ വിഷയത്തെ കുറിച്ച് പരാമര്‍ശമില്ലാത്തതിലാണ് പാക് മാധ്യമങ്ങള്‍ക്കും നേതാക്കള്‍ക്കുമുള്ള അമര്‍ഷം. തീവ്രവാദം അമര്‍ച്ച ചെയ്യണമെന്നും മുംബൈ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ വിചാരണ വേഗത്തിലാക്കണമെന്നും നിഷ്‌കര്‍ഷിക്കുന്ന സംയുക്ത പ്രസ്താവന കാശ്മീര്‍ വിഷയത്തെക്കുറിച്ച് മൗനം പാലിക്കുന്നു. ഇത് നരേന്ദ്ര മോദിയുടെ വിജയവും നവാസിന്റെ പരാജയവുമാണെന്ന് പാക് മാധ്യമങ്ങള്‍ വിലയിരുത്തി.
അതേസമയം, നരേന്ദ്ര മോദിക്കും പൂക്കളും കല്ലേറും ലഭിച്ചു. മോദി- നവാസ് ശരീഫ് ചര്‍ച്ച കീഴടങ്ങലാണെന്ന് ശിവസേന ആരോപിച്ചു. കൂടിക്കാഴ്ചയെ ബി ജെ പി ചരിത്രപരമെന്ന് വിശേഷിപ്പിച്ചപ്പോള്‍ പുതുതായി ഒന്നുമില്ലെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം. അതിര്‍ത്തിയില്‍ ഇപ്പോഴും കടന്ന് കയറ്റം തുടരുമ്പോള്‍ മോദി കൈകൊള്ളുന്ന സൗഹാര്‍ദ സമീപനം അയഥാര്‍ഥമാണെന്ന് ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ പറഞ്ഞു. എന്നാല്‍ ഇതാദ്യമായി തീവ്രവാദം സംബന്ധിച്ച ഇന്ത്യന്‍ നിര്‍വചനം പാക്കിസ്ഥാന്‍ അംഗീകരിച്ചുവെന്നതാണ് ഉഫ കൂടിക്കാഴ്ചയുടെ വിജയമെന്ന് ബി ജെ പി നേതാവ് എം ജെ അക്ബര്‍ പറഞ്ഞു.
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ സാകിയുര്‍റഹ്മാന്‍ ലഖ്‌വി നിയമത്തിന് പുറത്ത് സൈ്വരവിഹാരം നടത്തുമ്പോള്‍ ഒരു ചര്‍ച്ചക്കുമില്ലെന്നായിരുന്നു വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ പ്രധാനമന്ത്രി ചര്‍ച്ചക്ക് മുന്‍കൈയെടുക്കുന്നു. ഇത് മോദി സര്‍ക്കാറിന്റെ ഏകോപനമില്ലായ്മയുടെ കൃത്യമായ തെളിവാണെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ മൂന്ന് ദിവസമായി അതിര്‍ത്തിയില്‍ രണ്ട് ജവാന്‍മാരെയാണ് പാക്കിസ്ഥാന്‍ വകവരുത്തിയത്. ഈ സാഹചര്യത്തില്‍ ചര്‍ച്ചക്കെന്താണ് തിടുക്കമെന്ന് അദ്ദേഹം ചോദിച്ചു. സംയുക്ത പ്രസ്താവനയില്‍ കാശ്മീര്‍ ഉണ്ടായിരുന്നുവെങ്കില്‍ കൂടിക്കാഴ്ച വന്‍ വിജയമാകുമായിരുന്നുവെന്ന് പാക് മുന്‍ വിദേശകാര്യ മന്ത്രിയും തഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഷാ മഹ്മൂദ് ഖുറൈശി പറഞ്ഞു. കാശ്മീര്‍ ഇല്ലാത്തത് വിചിത്രമായിരിക്കുന്നുവെന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. നവാസ് ശരീഫിനെ മോദി അപമാനിച്ചുവെന്ന് പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി സെനറ്റര്‍ റഹ്മാന്‍ മാലിക് പറഞ്ഞു. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ആജ്ഞാനുവര്‍ത്തിയെപ്പോലെയാണ് നവാസ് ശരീഫ് കാണപ്പെട്ടത്. മോദി നിന്നിടത്ത് നിന്നു. ദീര്‍ഘദൂരം നടന്ന് ചെന്നത് ശരീഫാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംയുക്ത പ്രസ്താവനയില്‍ കാശ്മീര്‍ പരാമര്‍ശിക്കാതെ പോയത് നവാസ് ശരീഫിന്റെ പരാജയമാണെന്ന് ജിയോ ടി വി എഡിറ്റര്‍ തലത് ഹുസൈന്‍ പറഞ്ഞു. മോദിയെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുകയാണ് നവാസ്. ഇന്ത്യയില്‍ നിന്ന് അനുകൂല പ്രതികരണം ലഭിക്കാന്‍ പാക്കിസ്ഥാന് തിടുക്കമുള്ളത് പോലെയാണ് അദ്ദേഹത്തിന്റെ പ്രവൃത്തിയെന്നും ഹുസൈന്‍ ആരോപിച്ചു.