Connect with us

Gulf

സഊദ് അല്‍ ഫൈസല്‍ രാജകുമാരന്റെ വിയോഗത്തില്‍ കണ്ണീര്‍ വാര്‍ത്ത് അറബ് ലോകം

Published

|

Last Updated

റിയാദ്: സഊദി മുന്‍ വിദേശകാര്യ മന്ത്രിയും രാജകുടുംബാംഗവുമായ സഊദ് അല്‍ ഫൈസല്‍ രാജകുമാരന്റെ വിയോഗത്തില്‍ കണ്ണീര്‍ വാര്‍ത്ത് അറബ് ലോകം.
വ്യാഴാഴ്ച അന്തരിച്ച നേതാവിന് ആദരാഞ്ജലിയര്‍പ്പിച്ച് അറബ് രാജ്യങ്ങളില്‍ ഔദ്യോഗിക ദുഃഖാചരണത്തിന് തുടക്കമായി. പതാകകള്‍ പകുതി താഴ്ത്തിക്കെട്ടും. ഔദ്യോഗിക പരിപാടികള്‍ പലതും റദ്ദാക്കുകയോ മാറ്റി വെക്കുകയോ ചെയ്യും. ലോകത്ത് ഏറ്റവും കൂടുതല്‍ കാലം പദവിയിലിരുന്ന വിദേശകാര്യ മന്ത്രിയാണ് സഊദ് അല്‍ ഫൈസല്‍ രാജകുമാരന്‍(75). അദ്ദേഹത്തിന്റെ ദേഹവിയോഗ വിവരം വ്യാഴാഴ്ചയാണ് റോയല്‍ കോര്‍ട്ട് പുറത്തുവിട്ടത്.
1975ല്‍ വിദേശകാര്യ മന്ത്രിയായി നിയോഗിക്കപ്പെട്ട സഊദ് അല്‍ ഫൈസലിനെ കഴിഞ്ഞ ഏപ്രിലില്‍ നടന്ന പുനഃസംഘടനയിലാണ് തല്‍സ്ഥാനത്ത് നിന്ന് മാറ്റിയത്. കടുത്ത പുറം വേദനയടക്കം നിരവധി ആരോഗ്യപ്രശ്‌നങ്ങളില്‍ ഉഴലുകയായിരുന്നു അദ്ദേഹം. ഖബറടക്ക ചടങ്ങുകള്‍ ഇന്ന് മക്കയില്‍ നടക്കും.
ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസി, ജോര്‍ദാന്‍ ഭരണാധികാരി അബ്ദുല്ല രാജാവ് തുടങ്ങിയ രാഷ്ട്ര നേതാക്കള്‍ സ്വിറ്റ്‌സര്‍ലാന്‍ഡിലെ ദാവോസില്‍ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കുന്നത് റദ്ദാക്കി ഖബറടക്ക ചടങ്ങുകള്‍ക്കായി സഊദിയിലെത്തി. ജോര്‍ദാനില്‍ 40 ദിവസമാണ് ദുഃഖാചരണം. പ്രതിജ്ഞാബദ്ധനായ നയതന്ത്രജ്ഞനായിരുന്നു സഊദ് രാജകുമാരനെന്ന് യു എസ് പ്രസിഡന്റ് ബരാക് ഒബാമ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
അദ്ദേഹത്തെ ലോകം മുഴുവന്‍ എക്കാലവും അനുസ്മരിക്കുമെന്നും ഒബാമ പറഞ്ഞു. ബുദ്ധിമാനായ സുഹൃത്തിനെയാണ് നഷ്ടമായിരിക്കുന്നതെന്ന് യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി പറഞ്ഞു. ജീവിതത്തിന്റെ അവസാന ശ്വാസം വരെ രാജ്യതാത്പര്യത്തിനായി ധീരമായി നിലകൊണ്ട മഹാനായ നേതാവിനെയാണ് അറബ് ലോകത്തിന് നഷ്ടമായിരിക്കുന്നതെന്ന് ബഹ്‌റൈന്‍ ഭരണാധികാരി ഹമദ് ബിന്‍ ഈസാ അല്‍ ഖലീഫ പറഞ്ഞു. ബഹ്‌റൈനില്‍ 40ദിവസമാണ് ദുഃഖാചരണം. ഖത്തര്‍, യു എ ഇ, ഒമാന്‍, അള്‍ജീരിയ, ലിബിയ, ടുണീഷ്യ, മൗറിത്താന, ലെബനന്‍, ഫലസ്തീന്‍ അതോറിറ്റി തുടങ്ങിയവ മൂന്ന് ദിവസം ദുഃഖാചരണം നടത്തും.
നാല് സഊദി രാജാക്കന്മാര്‍ക്ക് കീഴില്‍ പ്രവര്‍ത്തിച്ച സഊദ് രാജകുമാരന്‍ മധ്യപൂര്‍വേഷ്യയുടെ വിവിധ പ്രശ്‌നങ്ങളില്‍ രാജ്യത്തിന്റെ നിലപാട് രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കു വഹിച്ചു.