സഞ്ചാരികളുടെ ആഹ്ലാദാരവങ്ങള്‍ക്ക് കാതോര്‍ത്ത്

Posted on: July 10, 2015 6:25 pm | Last updated: July 10, 2015 at 6:25 pm

kannaadiദുബൈയിലേക്ക് വിനോദ സഞ്ചാരികള്‍ വര്‍ധിക്കുമോ? സമ്പദ് വ്യവസ്ഥ മെച്ചപ്പെടുമോ? നാലാള്‍ കൂടുന്നിടത്ത് ഇത് പലപ്പോഴും ചര്‍ച്ചാ വിഷയമാകാറുണ്ട്. 2008ലെ ലോക സാമ്പത്തിക മാന്ദ്യത്തിന്റെ അലയൊലി അനുഭവപ്പെട്ട നഗരങ്ങളിലൊന്നാണ് ദുബൈ. അതില്‍ നിന്ന് കരകയറുകയും വേള്‍ഡ് എക്‌സ്‌പോ 2020ക്ക് ആതിഥ്യം വഹിക്കാന്‍ ശേഷി നേടുകയും ചെയ്തതിനു ശേഷവും ചിലര്‍ക്കെങ്കിലും ഇപ്പോഴും സംശയമുണ്ട്. മധ്യപൗരസ്ത്യ ദേശത്തിന്റെ രാഷ്ട്രീയ കലുഷിതാവസ്ഥയാണ് പ്രധാന കാരണം. ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ആക്രമണം സഊദി അറേബ്യയിലും കുവൈത്തിലും മറ്റും സൃഷ്ടിച്ച ഭീതിയുടെ ചെറിയൊരംശം മറ്റു ഗള്‍ഫ് രാജ്യങ്ങളിലുമുണ്ടെന്നത് യാഥാര്‍ഥ്യം. എന്നാലും അതിനെയൊക്കെ അതിജീവിക്കാനുള്ള സാമൂഹിക, സാമ്പത്തികാവസ്ഥയാണ് മിക്ക ഗള്‍ഫ് നഗരങ്ങളിലുമുള്ളത്. ദുബൈ ഒരുപടികൂടി കടന്ന് ലോകത്തിന്റെ നെറുകയിലേക്ക് കുതിക്കുകയാണ്. കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്ന നഗരമായി ദുബൈ മാറുമെന്നാണ് പൊതുവെയുള്ള കണക്കുകൂട്ടല്‍.
ഈദ്, വേനല്‍ വിസ്മയ ആഘോഷങ്ങള്‍ക്ക് സഊദി അറേബ്യയില്‍ നിന്നു മാത്രം 15 ലക്ഷം പേരെത്തുമെന്ന് അധികൃതര്‍ പ്രതീക്ഷിക്കുന്നു. ഈദ് ആഘോഷിക്കാന്‍ മികച്ച നഗരം ദുബൈയാണെന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ ഖ്യാതിയുണ്ട്. ഒമാനില്‍ നിന്നും ആയിരങ്ങള്‍ എത്താറുണ്ട്. ഹോട്ടലുകള്‍ നിറയെ അതിഥികളായിരിക്കും. ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും ചാകരയാണ്.
ഈദ് ആഘോഷങ്ങള്‍ക്കു തൊട്ടുപിന്നാലെ വേനല്‍ വിസ്മയോത്സവത്തിന്റെ (ഡി എസ് എസ്) വിവിധ പരിപാടികള്‍ വരുന്നുണ്ട്. മാളുകള്‍ കേന്ദ്രീകരിച്ചാണ് ഏറെയും. ജൂലൈ 23 മുതലാണ് പ്രധാന പരിപാടികള്‍.
കഴിഞ്ഞ തവണത്തേതിനെക്കാള്‍ 30 ശതമാനം സഞ്ചാരികള്‍ എത്താന്‍ സാധ്യതയുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അതിനായി ഒരുങ്ങി. വേള്‍ഡ് ട്രേഡ് സെന്ററില്‍ മൊധേഷ് വേള്‍ഡ് കുടുംബങ്ങളെ ആകര്‍ഷിക്കാന്‍ തയ്യാറായി.
ഈയൊരു തരംഗം വരും വര്‍ഷങ്ങളിലും തുടരുമെന്ന് വിദഗ്ധര്‍. അടിസ്ഥാന സൗകര്യങ്ങളാണ് സവിശേഷത. ദുബൈ മെട്രോ പദ്ധതിയും രണ്ട് രാജ്യാന്തര വിമാനത്താവളങ്ങളും ജല ഗതാഗത സംവിധാനങ്ങളും കുറ്റമറ്റത്. ആവശ്യത്തിന് താമസകേന്ദ്രങ്ങളുമുണ്ട്.
പോയവര്‍ഷം ആദ്യ ആറുമാസം ഏതാണ്ട് 60 ലക്ഷം സന്ദര്‍ശകര്‍ എത്തി. ഈ വര്‍ഷം അത് മറികടക്കും. സഊദിക്കു പുറമെ ഇന്ത്യയില്‍ നിന്നും സന്ദര്‍ശകര്‍ ധാരാളമായിരുന്നു. ഒരു സന്ദര്‍ശകന്‍ ശരാശരി അഞ്ചു ദിവസം താമസിക്കുമെന്നാണ് കണക്ക്. ഹോട്ടലുകള്‍ക്ക് ആറുമാസം കൊണ്ട് 1280 കോടി ദിര്‍ഹം നേടാനാകും.
സന്ദര്‍ശകര്‍ വെറും കൈയോടെ മടങ്ങാറില്ല. ദുബൈയില്‍ മികച്ചതും വൈവിധ്യമാര്‍ന്നതുമായ ഉല്‍പന്നങ്ങള്‍ ലഭ്യമാകുമെന്നതിനാല്‍ ഉപഭോഗം കനത്തതോതില്‍ നടക്കും. വാണിജ്യസമൂഹം വാഗ്ദാന പദ്ധതികള്‍ ഒരുക്കുന്നതിലും ശ്രദ്ധിക്കുന്നു. ഇത്തവണ വിസ്മയോത്സവത്തിന്റെ ഭാഗമായി നറുക്കെടുപ്പിലൂടെ സമ്മാനങ്ങള്‍ കൈനിറയെ നല്‍കും.
അബുദാബി നഗരവും അവസരത്തിനൊത്ത് ഉയര്‍ന്നിട്ടുണ്ട്. വേനല്‍കാല സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
വേള്‍ഡ് എക്‌സ്‌പോ 2020ക്ക് ഇനി അധികം കാലമില്ല. മിലാനില്‍ വേള്‍ഡ് എക്‌സ്‌പോ 2015 നടന്നുവരുകയാണ്. അവിടെ യു എ ഇ പങ്കാളിത്തം ശ്രദ്ധേയം. അവിടെ എത്തുന്ന സന്ദര്‍ശകര്‍ക്കു ദുബൈയുടെ സാധ്യതകള്‍ പരിചയപ്പെടുത്താന്‍ യു എ ഇ പവലിയനു കഴിയുന്നു. സഞ്ചാരികളുടെ സംതൃപ്തിയും വാണിജ്യ മേഖലയുടെ സത്യസന്ധതയും പരസ്പര ബന്ധിതം. അതിഥികളെ ചൂഷണം ചെയ്യാതിരുന്നാല്‍ സഞ്ചാരികള്‍ പിന്നേയും എത്തും.