Connect with us

Gulf

അബ്ദുല്‍ മജീദിന്റെ പ്രാര്‍ഥനക്കും കാത്തിരിപ്പിനും ഫലം

Published

|

Last Updated

ദുബൈ: ഉമ്മുല്‍ ഖുവൈനില്‍ നിന്ന് ആറ് വര്‍ഷം മുമ്പ് നാട്ടിലേക്ക് പുറപ്പെട്ട് കാണാതായ ദുബൈ മുട്ടം മുസ്‌ലിം ജമാഅത്ത് കമ്മിറ്റി അംഗം കൊവ്വപ്പുറത്ത് അബ്ദുല്‍ മജീദിന്റെയും കണ്ണൂര്‍ കസാന കോട്ടയിലെ കോഹിനൂര്‍ ഹൗസില്‍ കാനപ്പുറത്ത് ഷാഹിനയുടെയും മകനായ നിഷാദ് മജീദ് (21) നാട്ടില്‍ തിരിച്ചെത്തി. ഡല്‍ഹിയിലായിരുന്നുവത്രെ നിഷാദ്.
2009 ജൂണ്‍ 27ന് രാത്രി 7.30ന് ദുബൈയില്‍ നിന്നുള്ള എമിറേറ്റ്‌സ് വിമാനത്തില്‍ ബംഗളൂരുവിലേക്ക് പോയി അവിടെനിന്ന് കിംഗ് ഫിഷര്‍ വിമാനത്തില്‍ മംഗലാപുരത്ത് എത്തിയെന്ന് വിവരം ലഭിച്ചിരുന്നു. അതിനു ശേഷം നിഷാദിനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. നിഷാദിന്റെ പിതാവ് മജീദിന്റെ സഹോദരി പുത്രന്‍ ആസാദിന്റെ റിയല്‍ എസ്റ്റേറ്റ് കമ്പനി ഓഫീസിലായിരുന്നു നിഷാദ് ജോലി ചെയ്തിരുന്നത്. കമ്പനി അധികൃതരോടോ പിതാവിനോടോ പറയാതെയാണ് വസ്ത്രം പോലും എടുക്കാതെ പാസ്‌പോര്‍ട്ടടങ്ങിയ ബാഗും കൈയിലെടുത്ത് ഇദ്ദേഹം നാട്ടിലേക്ക് പോയത്. ഏഴ് വര്‍ഷമായി നാട്ടിലെയും ഗള്‍ഫിലെയും മാധ്യമപ്രവര്‍ത്തകരും പോലീസും ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചില്ല.
പിതാവ് വിവിധ സംസ്ഥാനങ്ങളിലും അന്വേഷണം നടത്തിവരുകയായിരുന്നു. മകന്റെ തിരിച്ചുവരവിനായി റമസാന്റെ പുണ്യദിനങ്ങളിലും കുടുംബം പ്രാര്‍ഥനയിലായിരുന്നു. ഇതിനിടയിലാണ് നിഷാദിന്റെ തിരിച്ചുവരവ്.
ഗോവ, പഞ്ചാബ്, ഡല്‍ഹി എന്നിവിടങ്ങളില്‍ ആറു വര്‍ഷം കറങ്ങിത്തിരിയുകയായിരുന്നുവെന്നും എന്തിന് വേണ്ടിയാണ് പോയതെന്ന് അറിയില്ലെന്നും കോഹിന്നൂര്‍ ഹൗസില്‍ തിരിച്ചെത്തിയ നിഷാദ് പറഞ്ഞു. പഞ്ചാബില്‍ ഒരു ഓഫീസില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലി ചെയ്തുവരുന്നതിന്റെ ഇടയില്‍ പിതാവിന്റെ ദയനീയ അഭ്യര്‍ഥന സോഷ്യല്‍ മീഡിയയില്‍ കണ്ടപ്പോഴാണ് മനസ്സ് മാറിയത്. അവിടെയുള്ള കൂട്ടുകാരോട് വിവരങ്ങള്‍ പറഞ്ഞു. പിന്നീട് സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ച് കണ്ണൂരിലേക്ക് പോകാന്‍ തീരുമാനിക്കുകയും ഉമ്മയുടെ ശബ്ദം കേട്ടതോടെ നാട്ടിലേക്ക് പോകാന്‍ തീരുമാനിക്കുകയുമായിരുന്നു. എന്തിന് നാടുവിട്ടുപോയി എന്ന് മാത്രം ഇതുവരെ പറഞ്ഞില്ല. മൂന്നുവട്ടം വീട്ടില്‍ തിരിച്ച് വരാന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും നിഷാദ് പറഞ്ഞു. ദുബൈയിലാണ് പിതാവ് മജീദ്.
അല്ലാഹു തനിക്ക് റമസാനില്‍ നല്‍കിയ ഏറ്റവും വലിയ നിധിയാണ് ഇതെന്നും ഗള്‍ഫിലെ മാധ്യമപ്രവര്‍ത്തകരോടും സുഹൃത്തുക്കളോടും പ്രത്യേകിച്ച് മുട്ടം മുസ്‌ലിം ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലിയോടും ഒരുപാട് നന്ദിയും കടപ്പാടും ഉണ്ടെന്നും മജീദ് കണ്ണീരോടെ പറഞ്ഞു.

Latest