കൊലയാളിയെ വെറുതെ വിടരുത്: ബി ജെ പി

Posted on: July 10, 2015 11:14 am | Last updated: July 10, 2015 at 11:14 am

bjp logoകാസര്‍കോട്: പുല്ലൂര്‍പെരിയ പഞ്ചായത്തിലെ കല്ല്യോട്ട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൂന്നാംക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ഫഹദിനെ സ്‌കൂളിലേക്ക് പോകുന്ന വഴി അതിദാരുണമായി കൊലപ്പെടുത്തിയ വിജയന്‍ എന്ന പ്രതിയെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ബിജെപി ജില്ലാ ജന.സെക്രട്ടറി അഡ്വ. കെ ശ്രീകാന്ത് പറഞ്ഞു. പ്രതി മാനസിക രോഗിയാണെന്നാണ് പോലീസ് പറയുന്നത്. ഇത് പ്രതിക്ക് ശിക്ഷയില്‍ നിന്ന് ഇളവ് ലഭിക്കാനിടയാക്കുമെന്നും പ്രതിയെ വെറുതെ വിട്ടാല്‍ വീണ്ടും ഇത്തരം അക്രമ സംഭവം ആവര്‍ത്തിക്കാനിടയാകുമെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് പ്രതിക്ക് ശിക്ഷ ഉറപ്പാക്കി മാതൃക കാണിക്കണമെന്നും കൊലപാതകത്തിനിരയായ ഫഹദിന്റെ വീട് സന്ദര്‍ശിച്ച് അഡ്വ. കെശ്രീകാന്ത് പറഞ്ഞു. ബിജെപി പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് ടി വി സുരേഷ്, പി രതീഷ്, പി ബാബു എന്നിവരും ജനറല്‍ സെക്രട്ടറിയോടൊപ്പം വീട്ടിലെത്തി അനുശോചനം അറിയിച്ചു.
വിജയന്‍ ബിജെപി അനുഭാവി ആണെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് ബിജെപി പുല്ലൂര്‍-പെരിയ പഞ്ചായത്ത് കമ്മറ്റി പ്രസ്താവനയില്‍ അറിയിച്ചു.