സാകിയുര്‍റഹ്മാന്‍ ലഖ്‌വിയുടെ വിചാരണ: പാക്കിസ്ഥാനെതിരായ പ്രമേയത്തെ എതിര്‍ത്തതിനെ ന്യായീകരിച്ച് ചൈന

Posted on: July 10, 2015 6:06 am | Last updated: July 10, 2015 at 12:57 am

ബീജിംഗ്: മുംബൈ ഭീകരാക്രമണത്തില്‍ കുറ്റാരോപിതനായ സാകിയുര്‍റഹ്മാന്‍ ലഖ്‌വിയെ വിചാരണ ചെയ്യുന്നതില്‍ വീഴ്ച വരുത്തിയ പാക്കിസ്ഥാനെതിരെ യു എന്നില്‍ വന്ന പ്രമേയത്തെ എതിര്‍ത്തതിനെ ശക്തമായി ന്യായീകരിച്ച് ചൈന രംഗത്ത്. തങ്ങളുടെ നിലപാട് വസ്തുതകള്‍ അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്നും ലക്ഷ്യാധിഷ്ഠിതവും നീതിയുക്തവുമാണ് തീരുമാനമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചുന്‍യിംഗ് പറഞ്ഞു. ബ്രിക്‌സ് ഉച്ചകോടിയുടെ പാര്‍ശ്വങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗും ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ചൈനീസ് വിദേശകാര്യ മന്ത്രാലത്തിന്റെ ന്യായീകരണം. യു എന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗമെന്ന നിലയില്‍ ഉത്തരവാദിത്വപൂര്‍ണമായ സമീപനമേ ചൈന കൈകൊള്ളൂവെന്ന് വിദേശകാര്യ വക്താവ് അവകാശപ്പെട്ടു.

റഷ്യയിലെ ഉഫയില്‍ നടന്ന കൂടിക്കാഴ്ചക്കിടെ ലഖ്‌വി വിഷയം സി ജിന്‍പിംഗിനുമുമ്പാകെ മോദി ഉന്നയിച്ചിരുന്നു. ഇതിനോടുള്ള പ്രതികരണമെന്ന നിലയിലാണ് ചുന്‍യിംഗിന്റെ പ്രതികരണം. ഇന്ത്യയും ചൈനയും തീവ്രവാദത്തിന്റെ ഇരകളാണ്. ചൈന എല്ലാ തരത്തിലുമുള്ള തീവ്രവാദത്തിനുമെതിരാണ്. തീവ്രവാദവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ യു എന്നിന്റെ മുന്‍കൈയില്‍ നടക്കുന്ന ഏത് ശ്രമങ്ങള്‍ക്കും ചൈന പിന്തുണ നല്‍കും. ലഖ്‌വി വിഷയത്തില്‍ എടുത്ത തീരുമാനത്തെ മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കേണ്ടതില്ലെന്നും അവര്‍ പറഞ്ഞു. ലഖ്‌വിയെ ജയില്‍ മോചിതനാക്കിയ കാര്യം യു എന്‍ ഉപരോധ കമ്മിറ്റിയില്‍ ഇന്ത്യ ശക്തമായി ഉന്നയിച്ചിരുന്നു. ഇതേതുടര്‍ന്ന് പാക്കിസ്താനെതിരെ പ്രമേയം വരുമെന്ന ഘട്ടത്തില്‍ ചൈനീസ് പ്രതിനിധികള്‍ എതിര്‍ക്കുകയായിരുന്നു. ഇന്ത്യ ലഖ്‌വിക്കെതിരെ മതിയായ തെളിവുകള്‍ ഹാജരാക്കിയിട്ടില്ലെന്നായിരുന്നു ചൈനയുടെ വാദം.