ജനതാദള്‍ യുനൈറ്റഡ് എം എല്‍ എ റിമാന്‍ഡില്‍

Posted on: July 9, 2015 6:06 am | Last updated: July 9, 2015 at 1:07 am

പാറ്റ്‌ന: കൊലക്കേസിലടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ബീഹാറിലെ ജനതാദള്‍ (യു) എം എല്‍ എ അനന്ത് സിംഗിനെ പ്രാദേശിക കോടതി ജൂലൈ 20 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ മാസം ആയുധ നിയമമനുസരിച്ച് എടുത്ത കേസിലാണ് എം എല്‍ എയെ അറസ്റ്റ് ചെയ്തത്.
പാറ്റ്‌ന ജില്ലയിലെ മൊകാമ മണ്ഡലത്തില്‍ നിന്നുള്ള എം എല്‍ എയായ സിംഗ് ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നിരിക്കെ കോടതിയില്‍ കനത്ത സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. മജിസ്‌ട്രേട്ട് രാഘവേന്ദ്ര നാരായന്‍ സിംഗാണ് അനന്ത് സിംഗിനെ 20 വരെ റിമാന്‍ഡ് ചെയ്തത്. ഇന്‍സാസ് റൈഫിളിന്റെ ആറ് മാഗസിനുകളും ഒരു വെടിയുണ്ട ഏല്‍ക്കാത്ത വിദേശ നിര്‍മിത ജാക്കറ്റും ഒരു കവറില്‍ സൂക്ഷിച്ചിരുന്ന രക്തക്കറ പുരണ്ട തുണികളും മറ്റും ഇയാളുടെ പാറ്റ്‌നയിലെ ഔദ്യോഗിക വസതിയിലും പരിസരത്തും നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. നാല് യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസിലാണ് വസതിയില്‍ റെയിഡ് നടന്നത്. തട്ടിക്കൊണ്ടുപോയവരില്‍ ഒരാളുടെ മൃതദേഹം അടുത്ത ദിവസം കണ്ടെടുത്തിരുന്നു.