Connect with us

Kerala

കരിപ്പൂര്‍ സംഭവം: ഒമ്പത് ജവാന്‍മാര്‍ക്ക് ജാമ്യം

Published

|

Last Updated

മഞ്ചേരി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സി ഐ എസ് എഫ് ജവാന്‍ ശരത്‌സിംഗ് യാദവ് വെടിയേറ്റ് മരിച്ച സംഭവത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ പ്രതികളായ ഒമ്പത് സി ഐ എസ് എഫ് ജവാന്മാര്‍ക്ക് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു.
പശ്ചിമ ബംഗാള്‍ ഡാര്‍ജിലിംഗ് സുരേഷ് ഗൗള (25), രാജസ്ഥാന്‍ സരോജ്ഘഡിലെ സുഭാഷ്ചന്ദര്‍ (28), ഒഡീഷ ഗോധ്രയിലെ കമലകാന്ത്ഗൗഡ (26), ഉത്തര്‍പ്രദേശ് ഗോസിയിലെ ജിതേന്ദ്രകുമാര്‍ (27), ഉത്തര്‍പ്രദേശ് സിക്കന്ദര്‍പൂര്‍ ബാലിയിലെ അരവിന്ദ്‌യാദവ് (26), ജാര്‍ഖണ്ഡ് കാന വില്ലേജില്‍ അശ്വനികുമാര്‍ (23), മധ്യപ്രദേശ് സാഗര്‍ ജില്ലയിലെ അമിത്തിവാരി (26), ജാര്‍ഖണ്ഡ് റാഞ്ചിയിലെ ധീരേന്ദ്ര ഓറാന്‍(27), മഹാരാഷ്ട്ര ചന്ദ്രപൂര്‍ ജി എ നടരാജ്(30) എന്നിവര്‍ക്കാണ് മജിസ്‌ട്രേറ്റ് എസ് ജയകുമാര്‍ ജോണ്‍ സോപാധിക ജാമ്യം അനുവദിച്ചത്.5.35 ലക്ഷം രൂപ വീതം അഞ്ച് ദിവസത്തിനകം കോടതിയില്‍ കെട്ടിവെക്കണം. അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ് പിയുടെ മുമ്പാകെ ആഴ്ചയില്‍ രണ്ട് ദിവസം ഹാജരാകണം. ജാമ്യം നില്‍ക്കുന്ന രണ്ടു പേരില്‍ ഒരാള്‍ പ്രതിയുടെ ബന്ധുവും അപരന്‍ കേരളീയനുമായിരിക്കണം. പ്രതികളുടെ നാട്ടിലെയും താമസ സ്ഥലത്തെയും പൂര്‍ണ വിലാസം പാസ്‌പോര്‍ട്ട് സഹിതം കോടതിയില്‍ ഹാജരാക്കണം തുടങ്ങിയവയാണ് ഉപാധികള്‍.
പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷന്‍ വാദവും പോലീസ് ഹരജിയും തള്ളിയ കോടതി പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പാര്‍പ്പിക്കേണ്ടതില്ലെന്ന് കണ്ടെത്തുകയായിരുന്നു. കേസിലെ പ്രധാന പ്രതികളായ നാല് പേര്‍ക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചതിനാല്‍ ഇവര്‍ക്കും ജാമ്യം നല്‍കാവുന്നതാണെന്ന പ്രതിഭാഗം അഭിഭാഷകന്‍ കെ വി സാബുവിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
2015 ജൂണ്‍ 10ന് രാത്രി 9.40ന് കരിപ്പൂര്‍ വിമാനത്താവളത്തിലെ എ ടി സി ഗേറ്റിനു മുന്‍വശത്താണ് കേസിന്നാസ്പദമായ സംഭവം. സെക്യൂരിറ്റി ജീവനക്കാരനായ സീതാറാം ചൗധരി മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് ദേഹപരിശോധന നടത്തിയതിലുള്ള വിരോധം അക്രമത്തിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു. സംഘം ചേര്‍ന്ന് അതിക്രമിച്ചു കയറല്‍, ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തല്‍, മര്‍ദ്ദനം, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചാര്‍ത്തിയിട്ടുള്ളത്.