അല്‍ ഖാസിമിയ്യ യൂനിവേഴ്‌സിറ്റിയും ജാമിഅ മര്‍കസും സഹകരണത്തിന്

Posted on: July 8, 2015 10:53 pm | Last updated: July 8, 2015 at 11:11 pm
SHARE

IMG_5298
ഷാര്‍ജ: അറബ് ലോകത്തെ മികച്ച യൂനിവേഴ്‌സിറ്റികളിലൊന്നായ ഷാര്‍ജ അല്‍ ഖാസിമി യൂനിവേഴ്‌സിറ്റിയും കോഴിക്കോട് ജാമിഅ മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയും വൈജ്ഞാനിക വിനിമയ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ഷാര്‍ജ യൂനിവേഴ്‌സിറ്റിയിലെ അല്‍ ഖാസിമിയ്യ യൂനിവേഴ്‌സിറ്റി കാമ്പസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരും അല്‍ ഖാസിമിയ ചാന്‍സലര്‍ ഡോ. റശാദ് മുഹമ്മദ് സാലമുമാണ് കരാറില്‍ ഒപ്പുവെച്ചത്. യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ മേല്‍നോട്ടത്തിലും നിയന്ത്രണത്തിലുമാണ് യൂനിവേഴ്‌സിറ്റി പ്രവര്‍ത്തിക്കുന്നത്.
ഇസ്‌ലാമിന്റെ തനതായ മാധ്യമ രൂപം ആഗോള തലത്തില്‍ പ്രചരിപ്പിക്കാനും വൈജ്ഞാനിക ലോകത്ത് നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനുമായി പ്രവര്‍ത്തിക്കുന്ന അല്‍ ഖാസിമിയ യൂനിവേഴ്‌സിറ്റിയുമായുള്ള കൈകോര്‍ക്കല്‍ അഭിമാനകരവും മര്‍കസിന്റെ ചരിത്രത്തില്‍ നാഴികക്കല്ലുമായിരിക്കുമെന്ന്കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. ഏഷ്യയിലെ ഏറ്റവും വലിയ വൈജ്ഞാനിക കലാലയങ്ങളില്‍ ഒന്നായ മര്‍കസുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചത് പുതിയ ചരിത്ര നിര്‍മിതിക്കും നാന്ദികുറിക്കും. ധിഷണാശാലിയായ ഷാര്‍ജ ഭരണാധികാരി ശൈഖ് സുല്‍ത്താന്റെ പുരോഗമനപരമായ ആശയവും, ശൈഖ് അബൂബക്കറിന്റെ കര്‍മകുശലതയും കൈകോര്‍ക്കുന്നത് വൈജ്ഞാനിക ലോകത്തിന് മികച്ച സംഭാവനകള്‍ സമ്മാനിക്കാന്‍ ഉപയുക്തമായി തീരുമെന്ന് ഡോ. റശാദ് പറഞ്ഞു.
മധ്യപൗരസ്ത്യ രാജ്യങ്ങളുടെ സാംസ്‌കാരിക തലസ്ഥാനമായ ഷാര്‍ജയുടെ അഭിമാനസ്തംഭമായ അല്‍ ഖാസിമിയയും ഇന്ത്യയുടെ വൈജ്ഞാനിക സാംസ്‌കാരിക മേഖലയില്‍ ഉന്നത സ്ഥാപനവുമായ മര്‍കസും തമ്മിലുള്ള വൈജ്ഞാനിക മേഖലയില്‍ വന്‍മുന്നേറ്റവും പുത്തന്‍ ഉണര്‍വും നല്‍കുമെന്നും മര്‍കസ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി പറഞ്ഞു. മര്‍കസ് യു എ ഇ അക്കാഡമിക് കോര്‍ഡിനേറ്റര്‍ നാസര്‍ വാണിയമ്പലം, മര്‍കസ് ദുബൈ പബ്ലിക് റിലേഷന്‍ മാനേജര്‍ അബ്ദുസ്സലാം സഖാഫി, റിവാഖ് ഇഹ്‌റാം മീഡിയാ മാനേജര്‍ മുനീര്‍ മുഹ്‌യുദ്ദീന്‍ ചടങ്ങില്‍ സംബന്ധിച്ചു.11038986_577395119070093_371490082HH221705015_n