ഇന്റര്‍നാഷനല്‍ സിറ്റിയിലെ പാര്‍ക്കിംഗ് ദുരിതം തുടരുന്നു

Posted on: July 8, 2015 8:37 pm | Last updated: July 8, 2015 at 8:37 pm

ദുബൈ: ഇന്റര്‍നാഷനല്‍ സിറ്റിയിലെ പാര്‍ക്കിംഗ് ദുരിതം തുടരുന്നതായി താമസക്കാര്‍ വ്യക്തമാക്കി. താമസക്കാരുടെ വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ അനുവദിച്ച പാര്‍ക്കിംഗ് ബേകളില്‍ വാണിജ്യാവശ്യങ്ങള്‍ക്കുള്ള വാഹനങ്ങള്‍ മുന്നറിയിപ്പ് ലംഘിച്ച് പാര്‍ക്ക് ചെയ്യുന്നതാണ് ദുരിതത്തിന് മുഖ്യകാരണമെന്ന് താമസക്കാര്‍ കുറ്റപ്പെടുത്തി.
വാണിജ്യാവശ്യങ്ങള്‍ക്കുള്ള വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്ന് ബോര്‍ഡ് വെച്ചിരിക്കുന്നിടത്താണ് ഇത് അവഗണിച്ച് അനധികൃത പാര്‍ക്കിംഗ് തുടരുന്നത്. ഇവിടെയുള്ള വിവിധ ക്ലസ്റ്ററുകളില്‍ വലുതും ചെറുതുമായ ലോറികള്‍, ബസ്സുകള്‍, സ്‌കൂള്‍ ബസ്സുകള്‍ എന്നിവയാണ് നിര്‍ബാധം പാര്‍ക്ക് ചെയ്യുന്നത്. ഇത് മൂലം തങ്ങളുടെ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് ലഭിക്കുക ബുദ്ധിമുട്ടായിരിക്കയാണെന്ന് താമസക്കാരില്‍ ഒരാളായ സിബിതെ ആരിഫ് വ്യക്തമാക്കി. പാര്‍ക്കിംഗിനായി അര മണിക്കൂറോളം ശരാശരി പരതേണ്ടുന്ന സ്ഥിതിയാണ്. ചില ദിനങ്ങളില്‍ ഇത് മൂക്കാല്‍ മണിക്കൂറിലധമാവാറുണ്ടെന്നും ഇംഗ്ലണ്ട് ക്ലസ്റ്ററില്‍ താമസിക്കുന്ന ഇദ്ദേഹം വിശദീകരിച്ചു. രണ്ടും അഞ്ചും വയസുള്ള കുട്ടികളുമായി പാര്‍ക്കിംഗ് തപ്പുക ശ്രമകരമായ ജോലിയാണ്. 2010 മുതല്‍ താമസ മേഖലകളില്‍ ഹെവി വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗിന് വിലക്കുണ്ടെങ്കിലും അതൊന്നും പാലിക്കപ്പെടുന്നില്ല. താമസക്കാര്‍ക്ക് പാര്‍ക്കിംഗ് ലഭിക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്നാണ് മേഖലയില്‍ വലിയ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്ന മുന്നറിയിപ്പുമായി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. എന്നിട്ടും പ്രയോജനമില്ലാത്ത സ്ഥിതിയാണെന്നു ആരിഫ് പറഞ്ഞു.
മേഖലയില്‍ നിയമം ലംഘിച്ച് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് ദുബൈ പോലീസ് പിഴ ഇടുന്നുണ്ടെന്ന് ഇവിടുത്തെ താമസ കേന്ദ്രങ്ങളുടെ ചുമതലക്കാരായ നഖീല്‍ വ്യക്തമാക്കി.
താമസകേന്ദ്രത്തിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന റെന്റ് എ കാര്‍ സ്ഥാപനങ്ങളും താമസക്കാരുടെ പാര്‍ക്കിംഗ് പ്രശ്‌നം രൂക്ഷമാവുന്നതിന് ഇടയാക്കുന്നുണ്ട്. 20 കാറുകള്‍ അനധികൃതമായി താമസക്കാരുടെ പാര്‍ക്കിംഗ് ബേകള്‍ ഉപയോഗിക്കുന്ന സ്ഥിതിയാണുള്ളതെന്ന് ഫ്രാന്‍സ് ക്ലസ്റ്ററില്‍ താമസിക്കുന്ന സഞ്ജയ് ഹീരചന്ദാനി വ്യക്തമാക്കി.
കഴിഞ്ഞ ഏതാനും മാസങ്ങളായി വാഹനം പാര്‍ക്ക് ചെയ്യുകയെന്നത് ഏറെ ദുരിതമായി മാറിയിരിക്കയാണെന്ന് മറ്റൊരു താമസക്കാരനായ ജുനൈദ് ജംഷദും പറഞ്ഞു.
സ്ഥലം ലഭിക്കാത്തതിനെ തുടര്‍ന്ന് പാര്‍ക്കിംഗ് നിയമം കര്‍ശനമായി പാലിക്കാന്‍ സാധിക്കാത്ത വാഹനങ്ങള്‍ക്ക് ദുബൈ ട്രാഫിക് പോലീസില്‍ നിന്ന് പിഴ ലഭിക്കുന്നതും പ്രശ്‌നം സങ്കീര്‍ണമാക്കുന്നതായും താമസക്കാര്‍ പറഞ്ഞു.