Connect with us

Articles

പട്ടിണി പേക്കോലങ്ങളുടെ ഇന്ത്യ

Published

|

Last Updated

ഇന്ത്യയുടെ ഇരുണ്ട മുഖം ഒരാവര്‍ത്തി കൂടി രാജ്യം ഭരിക്കുന്നവര്‍ വാര്‍ത്താസമ്മേളനം നടത്തി പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ദേശീയ സെന്‍സസ് എന്ന പേരില്‍ 2011-ല്‍ യു പി എ സര്‍ക്കാര്‍ തുടങ്ങിവെച്ച ജാതി സര്‍വേ റിപ്പോര്‍ട്ടിലെ സാമ്പത്തിക-സാമൂഹിക സ്ഥിതിവിവര കണക്കുകളാണ് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റിലിയും ഗ്രാമീണ വികസന മന്ത്രി ബീരേന്ദ്ര സിംഗും കൂടി ലജ്ജയില്ലാതെ പുറത്തുവിട്ടത്. മഹാഭാരതത്തിലെ 56 ശതമാനം ഗ്രാമീണ കുടുംബങ്ങള്‍ക്കും സ്വന്തമായി ഭൂമിയില്ലായെന്ന ഇന്ത്യയുടെ‘”തിളങ്ങുന്ന മുഖം”’ ലോകത്തിന് മുമ്പില്‍ വിളിച്ചുപറയാന്‍ ബി ജെ പി സര്‍ക്കാറിന് മടിയൊന്നുമുണ്ടായില്ല.
2008ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ ബി ജെ പി യുടെ ക്യാമ്പയിന്‍ ഈ തിളങ്ങുന്ന ഇന്ത്യയെക്കുറിച്ചായിരുന്നുവല്ലോ. ഗ്രാമീണ മേഖലയില്‍ ജീവിക്കുന്നവരില്‍ ആറര ലക്ഷം പേര്‍ യാചകരാണ് എന്ന് സര്‍വേ കണ്ടെത്തിയിരിക്കുന്നു. രണ്ടരക്കോടി ഗ്രാമീണര്‍ ഒറ്റ മുറികളില്‍ താമസിക്കുന്നു. അവരില്‍ ഭൂരിപക്ഷവും വീടുകളിലല്ല, കുടിലുകളിലാണ് താമസിക്കുന്നത് എന്നതും പുതിയ അറിവല്ല. ആകെ ഗ്രാമീണ ജനതയില്‍ 48.5 ശതമാനത്തിനും മനുഷ്യോചിതമായി ജീവിക്കാനാവശ്യമായ ഒരുവിധ സാഹചര്യങ്ങളുമില്ല. മൃഗസമാനമായ സാഹചര്യങ്ങളില്‍ കഴിഞ്ഞുകൂടുന്ന അവരുടെ ദയനീയ സ്ഥിതി വിശേഷം മനുഷ്യ മനഃസാക്ഷിയെ എന്നേ മരവിപ്പിച്ചു കഴിഞ്ഞു.
ഈ സാമൂഹിക-സാമ്പത്തിക-ജാതി സെന്‍സസില്‍ മാസവരുമാനം പതിനായിരം കടക്കാത്ത 40 ശതമാനം വരുന്ന ജനവിഭാഗത്തെക്കുറിച്ച് പറയുന്നു. പക്ഷേ, അതിനേക്കാള്‍ കൃത്യമായ കണക്കുകള്‍ 2004ല്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച അര്‍ജ്ജുന്‍ സെന്‍ഗുപ്ത കമ്മീഷന്‍ പുറത്തുവിട്ടിരുന്നു. അതില്‍ ഇന്ത്യയിലെ ബി പി എല്‍ കുടുംബങ്ങളുടെ പ്രതിദിന വരുമാനം 20 രൂപയില്‍ താഴെയാണെന്ന് കണ്ടെത്തിയിരുന്നു. നഗരപ്രദേശങ്ങളില്‍ ദരിദ്രരുടെ പ്രതിദിന വരുമാനം 32 രൂപ മാത്രമാണ്. ഗ്രാമങ്ങളില്‍ 27 രൂപയില്‍ കൂടുതല്‍ പ്രതിദിന വരുമാനമുള്ളവരെ എ പി എല്‍ ആയി പരിഗണിക്കുന്ന കാലമായിരുന്നു അത്. രാജ്യത്തെ 80 ശതമാനം ജനങ്ങള്‍ ദാരിദ്ര്യ രേഖക്ക് താഴെ കഴിയുന്നവരാണ് എന്ന യാഥാര്‍ഥ്യത്തിന് മുമ്പിലാണ് പരമ ദരിദ്രരെ കണ്ടെത്താന്‍ സര്‍ക്കാര്‍ വീണ്ടും കമ്മീഷനുകളെ നിയോഗിച്ചത്.
2011-ലെ പുതിയ സാമ്പത്തിക സര്‍വേ ജാതിക്കാരെ കണ്ടെത്താന്‍ വേണ്ടി നടത്തിയ സെന്‍സസ് ആണ്. കൂട്ടത്തില്‍, അവരുടെ സാമ്പത്തിക സാമൂഹിക അവസ്ഥകളും കൂടി അന്വേഷിക്കപ്പെട്ടുവെന്നുമാത്രം. ഇന്ത്യയുടെ ഭൂസ്വത്ത് ഒരുപിടി വരുന്ന കുത്തകകള്‍ കൈയടക്കി വെച്ചിരിക്കുകയാണെന്ന കാര്യം ഏവര്‍ക്കുമറിയാം. ഭൂമിയുടെ യഥാര്‍ഥ അവകാശികളെ ആട്ടിപ്പായിച്ചിട്ട് ഭൂമി പിടിച്ചെടുക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രി ആയിരുന്ന കാലം മുതല്‍ തുടങ്ങിയതാണ്. ടാറ്റാമാരും ബിര്‍ളാമാരും മഫ്ത്‌ലാല്‍മാരും അതിലൂടെ ഇന്ത്യയിലെ വന്‍കിടക്കാരായി ഉയര്‍ന്നുവന്നു. പിന്നീട്, അംബാനിമാര്‍ രാജ്യം ഭരിച്ചു. ഇപ്പോള്‍, അദാനിമാര്‍ രാജ്യം ഭരിക്കുന്നു. രാജ്യത്തെ ഭൂസ്വത്ത് അവരൊക്കെച്ചേര്‍ന്ന് പങ്കിട്ടെടുത്താല്‍ പിന്നെ ദരിദ്രനാരായണന്‍മാര്‍ എങ്ങനെ ഭൂരഹിതരല്ലാതാകും?
സ്ഥിര സ്വഭാവത്തില്‍ ജോലിയുള്ള ഗ്രാമീണര്‍ ഇന്ത്യയില്‍ എത്ര ശതമാനം വരും? 86 ശതമാനം ഗ്രാമീണരും കാര്‍ഷിക മേഖലയില്‍ പണിയെടുത്ത് കഴിയുന്നവരാണ് ഇന്ത്യയില്‍. അഞ്ച് ശതമാനം ആളുകള്‍ക്ക് മാത്രമാണ് സര്‍ക്കാറുദ്യോഗമുള്ളത്. 80 ശതമാനമാളുകളും കൂലിപ്പണിക്കാരാണ്. നിഷ്ഠുരമായ ചൂഷണത്തിന് ഇരകളായി കഴിയുന്നവര്‍. അന്തിയുറങ്ങാന്‍ സ്വന്തമായി കൂരയില്ലാത്തവരാണ് അവരില്‍ ഭൂരിപക്ഷവും എന്നതിന് നമ്മുടെ ഭരണാധികാരികള്‍ക്ക് എന്ത് സമാധാനം പറയാനുണ്ട്?
സെന്‍സസ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര-സംസ്ഥാന ഭരണാധികാരികള്‍ ജനജീവിതം മെച്ചപ്പെടുത്താന്‍ എന്തു പ്രതിവിധികളാണ് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത്? ഭൂമി പിടിച്ചെടുക്കാന്‍ കുത്തകകള്‍ക്ക് എല്ലാ ഒത്താശകളും ചെയ്തുകൊടുക്കുന്ന സര്‍ക്കാറില്‍ നിന്ന് പട്ടിണിപ്പാവങ്ങള്‍ എന്ത് പ്രതീക്ഷിക്കാന്‍? രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതുന്ന തിരക്കില്‍ നടക്കുകയാണ് അധികാരികള്‍. വിലക്കയറ്റം അനിയന്ത്രിതമായി തുടരുമ്പോഴും പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് അടിക്കടി വിലകൂട്ടി ജനങ്ങളെ കൊള്ളയടിച്ച് വീണ്ടും പാപ്പരീകരണം വര്‍ധിപ്പിക്കുന്ന ക്രൂരതയുടെ വിളയാട്ടങ്ങള്‍ക്ക് അറുതിവരുത്താതെ ഗ്രാമീണ ഇന്ത്യയോ നഗര ഇന്ത്യയോ രക്ഷപ്പെടില്ല. എന്തെങ്കിലും ആശ്വാസം പകരുന്ന ഒരു നടപടിയും ഉണ്ടാകുന്നില്ലായെങ്കില്‍ മഹാഭൂരിപക്ഷം വരുന്ന പട്ടിണിപ്പാവങ്ങളുടെ ഇന്ത്യ ദയനീയമായ വിധത്തില്‍ മരണമടയും. മറുവശത്ത് കുത്തകകളുടെ ഇന്ത്യ ലോക വികസന കുതിപ്പില്‍ തിളങ്ങുകയും ചെയ്യും. ഏത് ഇന്ത്യയാണ് യഥാര്‍ഥ ഇന്ത്യ?
ആക്രിക്കാരും യാചകരും രാജ്യത്ത് വര്‍ധിച്ചുകൊണ്ടിരിക്കുമ്പോള്‍, ശുചിമുറികള്‍ പോലും പൊതുവായി നിര്‍മിച്ചുകൊടുക്കാന്‍ സ്വാതന്ത്ര്യത്തിന്റെ ആറരപ്പതിറ്റാണ്ടുകള്‍ക്ക് ശേഷവും കഴിഞ്ഞിട്ടില്ലെന്ന യാഥാര്‍ഥ്യം നമ്മെ തുറിച്ചുനോക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തില്‍ വന്നതുതന്നെ ജനങ്ങള്‍ക്ക് സ്വന്തമായി കക്കൂസ് വേണം എന്ന കാര്യം ഓര്‍മിപ്പിക്കാനാണെന്ന് തോന്നും വിധത്തിലാണ് ക്യാമ്പയിന്‍ നടന്നത്. പക്ഷേ, ശൗചാലയങ്ങള്‍ നിര്‍മിക്കണമെങ്കില്‍ ജനങ്ങള്‍ക്ക് ജീവിക്കാന്‍ എന്തെങ്കിലും വകയുണ്ടാക്കികൊടുക്കണമെന്ന് പ്രധാനമന്ത്രി ചിന്തിക്കുന്നുണ്ടോ? തൊഴിലും ജീവിതമാര്‍ഗങ്ങളും പാര്‍പ്പിടവും ഒന്നുമില്ലാത്ത ദരിദ്ര ഭാരതീയന്‍ സ്വന്തമായി ശൗചാലയം നിര്‍മിക്കണമെന്ന് പറയുന്നത് ക്രൂരമായ തമാശയല്ലേ?
ഈ ദേശീയ ജാതി സെന്‍സസ് നടത്തിയത് എന്തിനുമാകട്ടെ, അതിന്റെ കണ്ടെത്തലുകള്‍ ഭരണാധികാരികളുടെ കണ്ണുതുറപ്പിക്കുമോ എന്നതാണ് പ്രധാന ചോദ്യം. ശോചനീയമായ ഇന്ത്യയുടെ സാമൂഹിക-സാമ്പത്തിക അവസ്ഥാ വിശേഷത്തിന് പരിഹാരം കാണാന്‍ ജനജീവിതം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ പട്ടിണിമാറ്റാനുള്ള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സ്വീകരിക്കുക എന്നതാണ് സര്‍ക്കാര്‍ ജനസ്‌നേഹത്തിന്റെ തരിമ്പെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ ഒന്നാമതായി ചെയ്യേണ്ട കാര്യം.