Idukki
വിവാഹതട്ടിപ്പും പണാപഹരണവും: യുവാവ് അറസ്റ്റില്‍
തൊടുപുഴ: തവണ വ്യവസ്ഥയില്‍ വീട്ടുപകരണങ്ങള്‍ എത്തിച്ചു കൊടുക്കാമെന്ന് പറഞ്ഞ് സ്ത്രീകളില്‍ നിന്നു പണം തട്ടിയ യുവാവ് പിടിയില്‍. വയനാട് മുട്ടത്ത് ബെന്നി ബേബിയാണ് (33) കരിമണ്ണൂര്‍ പോലീസിന്റെ പിടിയിലായത്. ഉടുമ്പന്നൂര്‍ മലയിഞ്ചിയില്‍ അമ്പതോളം സ്ത്രീകളുടെ പണം തട്ടിയെന്ന പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പു കഥകളുടെ ചുരുളഴിഞ്ഞത്. തവണ വ്യവസ്ഥയില്‍ വീട്ടുപകരണങ്ങളും മറ്റും എത്തിച്ചു കൊടുക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് മലയിഞ്ചിയില്‍ 500 രൂപ വീതം ഇയാള്‍ സ്ത്രീകളോടു വാങ്ങിയിരുന്നു. സാധനങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് സ്ത്രീകള്‍ കരിമണ്ണൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സ്ത്രീകളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പോലീസ് ഇയാളെ തന്ത്രപൂര്‍വം കരിമണ്ണൂരിലേയ്ക്ക് വിളിച്ചു വരുത്തിയാണ് അറസ്റ്റു ചെയ്തത്.
ആകര്‍ഷകമായ വാഗ്ദാനങ്ങള്‍ നല്‍കിയാണ് സ്ത്രികളെ വലയിലാക്കിയിരുന്നത്. തുടര്‍ന്ന് പ്രതിയുടെ ഫോണിന്റെ കോള്‍ലിസ്റ്റ് പരിശോധിച്ചപ്പോഴാണ് ഇയാളുടെ തട്ടിപ്പ് കൂടുതല്‍ പുറത്തു വന്നത്. ഇരുപതോളം സ്ത്രീകളില്‍ നിന്ന് വിവാഹ വാഗ്ദാനം നല്‍കി ഇയാള്‍ പണവും സ്വര്‍ണവും തട്ടിയെടുത്തതായി പോലീസ് കണ്ടെത്തി.



