ദുരന്ത ഭീഷണിയുയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചുമാറ്റിയില്ല; കലക്ടറുടെ പ്രഖ്യാപനം കടലാസിലൊതുങ്ങി

Posted on: July 8, 2015 6:00 am | Last updated: July 7, 2015 at 10:28 pm

കാസര്‍കോട്: കോതമംഗലത്ത് സ്‌കൂള്‍ ബസിന് മുകളില്‍ മരം വീണ് അഞ്ച് കുട്ടികള്‍ മരണപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ റോഡരികുകളില്‍ സ്ഥിതി ചെയ്യുന്ന അപകടഭീഷണിയുയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചുനീക്കണമെന്ന സര്‍ക്കാറിന്റെ നിര്‍ദേശം കാസര്‍കോട് ജില്ലയില്‍ നടപ്പിലായില്ല.

ജില്ലയില്‍ ദേശീയ-സംസ്ഥാനപാതകള്‍ക്കരികിലും മറ്റ് റോഡുകള്‍ക്ക് സമീപവുമുള്ള ഏത് നിമിഷവും കടപുഴകി വീഴാവുന്ന അവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചുമാറ്റാന്‍ കലക്ടര്‍ ഉത്തരവിറക്കിയത് ഒരാഴ്ച മുമ്പാണ്.
ജില്ലാ കലക്ടര്‍ അപകടഭീഷണിയുയര്‍ത്തുന്ന മരങ്ങളുടെ കണക്കെടുപ്പ് നടത്തുന്നതിന് ഉദ്യോഗസ്ഥരുടെ പ്രത്യേക കമ്മിറ്റിയെയും നിയോഗിച്ചിരുന്നു. എന്നാല്‍ ഈ കമ്മിറ്റി കണക്കെടുപ്പ് ആരംഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. കലക്ടറുടെ ഉത്തരവ് വന്നതിന് ശേഷവും ജില്ലയിലെ വിവിധഭാഗങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണിരുന്നു. ഏറ്റവുൂമൊടുവില്‍ ഹൊസങ്കടിയില്‍ കൂറ്റന്‍ ആല്‍മരമാണ് റോഡിലേക്ക് കടപുഴകി വീണത്. ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ദുരന്തം ഒഴിവായത്. ചെര്‍ക്കള, പൊയിനാച്ചി തുടങ്ങിയ ഭാഗങ്ങളില്‍ കടപുഴകി വീഴാറായ ആല്‍മരങ്ങളുണ്ട്. ഇനിയും താമസിച്ചാല്‍ കോതമംഗലത്തുണ്ടായതിനെക്കാള്‍ വലിയ ദുരന്തത്തിന് ജില്ല സാക്ഷ്യം വഹിക്കേണ്ടിവരും.