പകര്‍ച്ചപ്പനി: നില്‍ക്കാനിടമില്ലാതെ മഞ്ചേരി മെഡിക്കല്‍ കോളജ്

Posted on: July 7, 2015 8:09 am | Last updated: July 7, 2015 at 8:09 am

മഞ്ചേരി: ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ പകര്‍ച്ചപ്പനി പടര്‍ന്നു പിടിക്കുന്നതിനെ തുടര്‍ന്ന് മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ വന്‍ തിരക്ക്.
ഡോക്ടര്‍മാരുടെ അപര്യാപ്തതയാണ് ഒപിയിലും ഐപിയിലും കാണപ്പെടുന്ന തിരക്കിന് പ്രധാന കാരണം. അത്യാഹിത വിഭാഗത്തിലും സ്ഥിതി മറിച്ചല്ല. കൂടുതല്‍ ഡോക്ടര്‍മാരെ ആവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ട് ഡോ. കെ വി നന്ദകുമാര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി ഉമറുല്‍ ഫാറൂഖിന് അപേക്ഷ നല്‍കിയിട്ടുണ്ട്.
മഴക്കാലം തുടങ്ങുന്നതോടെ പടരുന്ന പകര്‍ച്ച പനിയെ പ്രതിരോധിക്കുന്നതിന് എല്ലാ വര്‍ഷവും ഇവിടെ പ്രത്യേക പനി ക്ലിനിക്ക് ആരംഭിക്കാറുണ്ട് എന്നാല്‍ ഇത്തവണ ഇത്തരം സംവിധാനം ഒരുക്കാത്തതും ആവശ്യമായ മരുന്നില്ലാത്തതും രോഗികളുടെ എണ്ണം കൂടാന്‍ കാരണമായിട്ടുണ്ട്. ക്യാഷ്വാലിറ്റിയില്‍ പലപ്പോഴും ഒരു ഡോക്ടര്‍ മാത്രമാണുള്ളത്. ക്യൂ നില്‍ക്കുന്ന രോഗികള്‍ തളര്‍ന്നു വീണ സംഭവവും നിരവധിയാണ്. രോഗികളുടെ ആധിക്യം കൊണ്ട് രണ്ട്, ഒമ്പത് വാര്‍ഡുകളിലും കാഷ്വാലിറ്റി വാര്‍ഡിലും നിന്നു തിരിയാനിടമില്ല. ഒരു ബെഡില്‍ രണ്ട് രോഗികള്‍ വീതമാണ് കിടിക്കുന്നത്. പുറമെ തറയിലും വരാന്തയിലും പായ വിരിച്ച് കിടക്കുന്ന രോഗികളും നിരവധിയാണ്. ഗ്ലൂക്കോസ് സ്റ്റോക്കുണ്ടെങ്കിലും ഇത് രോഗിക്ക് ലഭ്യമാക്കുന്ന ഐ വി സെറ്റ് ഇല്ലാത്തത് ഏറെ പ്രയാസം സൃഷ്ടിക്കുന്നുവെന്ന് നഴ്‌സുമാര്‍ പറയുന്നു. ഐ വി സെറ്റ് തീര്‍ന്നിട്ട് ഒരാഴ്ചയിലധികമായി. ഡെങ്കിപ്പനി ബാധിച്ച് ഇന്നലെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെട്ട 40 പേരില്‍ 18 രോഗികളും സ്ത്രീകളാണ്. 19 പേര്‍ നിരീക്ഷണത്തിലാണ്. ഡെങ്കിപ്പനി ബാധിതര്‍ക്ക് പ്രത്യേക വാര്‍ഡ് അനുവദിക്കാത്തത് മറ്റു രോഗികളെ ആശങ്കയിലാഴ്ത്തുന്നു.