തലമുറകള്‍ക്ക് ഖിറാഅത്ത് പഠിപ്പിച്ച് മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍

Posted on: July 7, 2015 8:09 am | Last updated: July 7, 2015 at 8:09 am

IMG-20150706-WA0041 copyമലപ്പുറം: തലമുറകള്‍ക്ക് വിശുദ്ധ ഖുര്‍ആന്‍ പകര്‍ന്ന് നല്‍കാനായതിന്റെ നിര്‍വൃതിയിലാണ് ഊരകം വെങ്കുളം പുത്തന്‍പീടിയേക്കല്‍ മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍.
നാട്ടുകാരായ 50 വയസ്സ് പ്രായമുള്ള മിക്കവരെയും ഖുര്‍ആന്‍ പഠിപ്പിച്ച ഇദ്ദേഹത്തിന്റെ ഓര്‍മകള്‍ക്ക് ഇന്നും യുവത്വത്തിന്റെ ചുറുചുറുക്കാണ്. നെല്ലിപ്പറമ്പിലെ കുട്ടി എന്ന പേരില്‍ പ്രസിദ്ധനായ ഓടക്കല്‍ കുട്ടി മുസ്‌ലിയാരുടെ ആഗ്രഹപ്രകാരം നാട്ടിലെ പണ്ഡിതന്‍മാര്‍ക്ക് തജ്‌വീദ് അനുസരിച്ച് ഖുര്‍ആന്‍ പാരായണം പഠിപ്പിക്കുന്നതിന് വേണ്ടി പൊന്നാനിയില്‍ നിന്നും കൊണ്ടുവന്ന വൈലത്തൂരിലെ ഖാരിഅ് മമ്മിക്കുട്ടി മുസ്‌ലിയാരാണ് ഇദ്ദേഹത്തിന്റെ ഗുരുനാഥന്‍.
മമ്മിക്കുട്ടി ഉസ്താദിന്റെ പ്രിയപ്പെട്ട ശിഷ്യനായ മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍ പിന്നീട് ഊരകത്തെ നിരവധി പേര്‍ക്ക് ഖുര്‍ആന്‍ പാരായണം പഠിപ്പിച്ച് കൊടുത്തു. ചുറ്റും പായവിരിച്ച് ഇരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മമ്മിക്കുട്ടി ഉസ്താദ് ഖുര്‍ആന്‍ ഓതിക്കൊടുക്കും. വലിയവരായാലും ചെറിയവരായാലും ഉസ്താദിന് പഠിപ്പിക്കുന്ന വിഷയത്തില്‍ എല്ലാവരും തുല്യരായിരുന്നു. അതുകൊണ്ട തന്നെ തെറ്റുകളുണ്ടെങ്കില്‍ നല്ല ശിക്ഷ എല്ലാവര്‍ക്കും ലഭിക്കുമായിരുന്നു. മൂന്ന് വര്‍ഷം ഉസ്താദിനോട് കൂടെ നെല്ലിപ്പറമ്പ്, കുറ്റാളൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ഖുര്‍ആന്‍ ഓതിപ്പഠിച്ച് മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍ വിവാഹ ശേഷമാണ് പഠനത്തിന് പോയത്.
തുടര്‍ന്ന് ഊരകം നെല്ലിപ്പറമ്പിലായിരുന്നു അധ്യാപനത്തിന്റെ തുടക്കം. നെല്ലിപ്പറമ്പ് ഖാസിയുടെ പ്രത്യേക നിര്‍ദേശം, വിദ്യാര്‍ഥികള്‍ക്ക് തെറ്റ് കൂടാതെ ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ കഴിയണം എന്നതായിരുന്നു. അതു പ്രകാരം 36 വര്‍ഷമാണ് ഇവിടെ സേവനം ചെയ്തത്. പഠിതാക്കളുടെ ആധിക്യം കാരണം നെല്ലിപ്പറമ്പിലെ മദ്‌റസ വിപുലപ്പെടുത്തേണ്ടി വന്നു. ഖാളിയാര്‍ തന്ന സ്ഥലത്ത് പാണക്കാട് പൂക്കോയ തങ്ങള്‍ കുറ്റിയടിച്ചു. നെല്ലിപറമ്പിലെ മദാറുല്‍ ഉലൂം മദ്‌റസ നിര്‍മാണമാരംഭിച്ചു. അതിനു നേതൃത്വം നല്‍കിയത് മുഹമ്മദ് കുട്ടി മുസ്‌ലിയാരാണ്. സമീപ പ്രദേശങ്ങളില്‍ നിന്ന് പോലും കുട്ടികളെ ഖുര്‍ആന്‍ പഠിക്കാന്‍ ഇദ്ദേഹത്തിന്റെ അടുക്കലേക്ക് എത്തിച്ചിരുന്നു.
മേല്‍മുറിയില്‍ നിന്നും ഒരു പെണ്‍കുട്ടിയെ മടക്കാന്‍ പ്രയാസമുള്ളത് കൊണ്ട് എടുത്ത് കൊണ്ട് വന്നത് ഇപ്പോഴും ഓര്‍മിച്ചെടുക്കുകയാണ് ഉസ്താദ്. എന്നാല്‍ ഇന്നത്തെ അവസ്ഥയില്‍ മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍ ഏറെ ദുഃഖിതനാണ്. മദ്‌റസകളില്‍ നിന്ന് തനത് ശൈലിയിലുള്ള ഖുര്‍ആന്‍ പാരായണം ഇല്ലാതാവുന്നതില്‍ അദ്ദേഹത്തിന് ഏറെ വേദനയുണ്ട്. ‘പഴയകാലത്ത് പഠിക്കാത്തതിന് കുട്ടികളെ ശിക്ഷിച്ചാല്‍ ചോദ്യം ചെയ്യാനൊന്നും ആരും വര്‌ലില്ലെയനു. മേശക്കരികില്‍നിന്ന് ഓതിപ്പിക്കും, തെറ്റുണ്ടായാല്‍ നന്നായി ശിക്ഷിക്കു. അതോണ്ടന്നെ കുട്ട്യോളൊക്കെ നന്നായി പഠിച്ചീന്… ‘ മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍ ഓര്‍ത്തെടുക്കുന്നു.
എസ് വൈ എസ് മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, എസ് വൈ എസ് വേങ്ങര സോണ്‍ വൈസ് പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ ബാഖവി(മുഹമ്മദ് കുട്ടി മുസ്‌ലിയാരുെട മകന്‍), മര്‍ഹൂം പി പി മമ്മദ് ഫൈസി തുടങ്ങിയ പ്രമുഖരെല്ലാം മുഹമ്മദ് കുട്ടി മുസ്‌ലിയാരുടെ ശിഷ്യന്മാരാണ്. പ്രായാധിക്യം കാരണം ഉസ്താദ് വിശ്രമത്തിലാണെങ്കിലും ഖുര്‍ആന്‍ പഠന രംഗത്ത് നിന്ന് മാറിയിട്ടില്ല. മുഹമ്മദ് കുട്ടി മുസ്‌ലിയാരുടെ കീഴില്‍ രക്ഷിതാക്കളുടെ പ്രത്യേക താത്പര്യത്തോടെ ഊരകം വെങ്കുളം സല്‍മാനുല്‍ ഫാരിസിയില്‍ അനാരോഗ്യം വകവെക്കാതെ ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട് മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍.