ഉറങ്ങിക്കിടന്ന വയോധികയുടെ മാല കവര്‍ന്നു

Posted on: July 7, 2015 8:07 am | Last updated: July 7, 2015 at 8:07 am

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം പോളിടെക്‌നിക്കിന് എതിര്‍വശത്തെ കൊല്ലംതൊടി സുരേഷിന്റെ വീട്ടില്‍ ഞായറാഴ്ച രാത്രി നടന്ന മോഷണത്തില്‍ മൂന്ന് പവന്റെ മാല നഷ്ടമായി.
രണ്ടുമണിയോടെയാണ് മോഷണം നടന്നത്. വീടിന്റെ അടുക്കളയുടെ ഇരുമ്പ് ജനല്‍ കമ്പികള്‍ കട്ടര്‍ ഉപയോഗിച്ച് മുറിച്ചുനീക്കിയാണ് മോഷ്ടാവ് അകത്തുകടന്നത്. വാതില്‍ കുറ്റിയിടാതെ കിടന്ന സുരേഷിന്റെ അമ്മ വിശാലാക്ഷിയുടെ കഴുത്തില്‍ നിന്നും മാല പൊട്ടിച്ചു. പരിഭ്രമിച്ച ഇവരുടെ മുഖത്തേക്ക് ടോര്‍ച്ച് അടിച്ചുപിടിക്കുകയും ഒച്ച വെക്കും മുമ്പ് കളളന്‍ മാലയുമായി കടന്നുകളയുകയായിരുന്നു.
തുടര്‍ന്ന് നാട്ടുകാരും വിവരമറിഞ്ഞെത്തിയ പൊലീസ് സംഘവും തെരച്ചില്‍ നടത്തിയെങ്കിലും ആരെയും പിടികൂടാനായില്ല. കഴിഞ്ഞ ആഴ്ചയാണ് അങ്ങാടിപ്പുറത്ത് താമസിക്കുന്ന പെരിന്തല്‍മണ്ണ അഡീഷണല്‍ തഹസില്‍ദാരുടെ വീട്ടില്‍ മോഷണം നടന്നത്.
ഇവിടെനിന്നും മൂന്നര പവനും ഇരുപതിനായിരം രൂപയുമാണ് മോഷണംപോയത്. തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ ചില വീടുകളിലും കഴിഞ്ഞ ദിവസം മോഷണശ്രമമുണ്ടായതായി നാട്ടുകാര്‍ പറയുന്നു.
ഇന്നലെ രാവിലെ സുരേഷിന്റെ വീട്ടില്‍ ഡോഗ് സ്‌ക്വാഡ് പരിശോധനക്കെത്തി. മോഷ്ടാക്കള്‍ ഉപേക്ഷിച്ച തുണിയില്‍ മണംപിടിച്ച് ക്രിക്കറ്റ് സ്റ്റേഡിയം ഭാഗത്തേക്കാണ് നായ പോയത്. വിരലടയാള വിദഗ്ധരും പരിശോധന നടത്തി. പ്രദേശത്ത് മഴക്കാലം കഴിയുംവരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും വീടുകളിലെ പിന്‍വാതില്‍ ഉള്‍പ്പെടെ മുഴുവന്‍ വാതിലുകളും അടച്ചുറപ്പാക്കി പുറത്തെ ലൈറ്റുകള്‍ തെളിച്ചിടണമെന്നും പൊലീസ് നിര്‍ദേശം നല്‍കി.
വീടുപൂട്ടി പോകുന്നവര്‍ തൊട്ടടുത്തുളളവരെ വിവരം അറിയിക്കണം. സംശയാസ്പദമായി അപരിചിതരെ പ്രദേശത്ത് കണ്ടാല്‍ ഉടന്‍ സ്റ്റേഷനില്‍ അറിയിക്കണമെന്നും പ്രദേശത്ത് പട്രോളിംഗ് ശക്തമാക്കിയതായും പെരിന്തല്‍മണ്ണ സി ഐ. കെ എം ബിജു അറിയിച്ചു.