അനാഥാലയങ്ങള്‍ക്ക് ബാലനീതി നിയമപ്രകാരം രജിസ്‌ട്രേഷന്‍ നിര്‍ബന്ധം

Posted on: July 7, 2015 6:00 am | Last updated: July 7, 2015 at 2:44 am

high court
കൊച്ചി: സംസ്ഥാനത്തെ മുഴുവന്‍ അനാഥാലയങ്ങള്‍ക്കും ബാലനീതി നിയമപ്രകാരം രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. അനാഥാലയങ്ങളെ 2000ത്തിലെ ബാലനീതി നിയമപ്രകാരമുള്ള രജിസ്‌ട്രേഷനില്‍ നിന്ന് ഒഴിവാക്കിയ സര്‍ക്കാര്‍ നടപടി നിയമപരമല്ലെന്നും അനാഥാലയങ്ങളെ ബാലനീതി നിയമത്തില്‍ നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാറിന് അധികാരമില്ലെന്നും ചീഫ് ജസ്റ്റിസ് അശോക് ഭൂഷണും ജസ്റ്റിസ് എ എം ശഫീഖും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങള്‍ക്ക് ബാലനീതി നിയമപ്രകാരം രജിസ്‌ട്രേഷന്‍ ആവശ്യമില്ലെന്ന് വ്യക്തമാക്കി 2010 ഫെബ്രുവരി 11ന് സംസ്ഥാന സാമൂഹികക്ഷേമ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവാണ് ഡിവിഷന്‍ ബഞ്ച് അസാധുവാക്കിയത്.
ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിനു കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുഴുവന്‍ അനാഥാലയങ്ങളും ബാലനീതി നിയമം അനുശാസിക്കുന്ന പ്രകാരമുള്ള രജിസ്‌ട്രേഷന്‍ നേടണമെന്നും കോടതി നിര്‍ദേശിച്ചു. സംസ്ഥാനത്തെ മുഴുവന്‍ അനാഥാലയങ്ങളും ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നും ഇവയുടെ പ്രവര്‍ത്തനം നിയമാനുസൃതമാണോ എന്നും അതാത് ജില്ലകളിലെ ശിശുക്ഷേമ സമിതികള്‍ പരിശോധന നടത്തി ഉറപ്പ് വരുത്തണം. പരിശോധനക്കാവശ്യമായ എല്ലാ സൗകര്യങ്ങളും അതാത് ജില്ലാ ഭരണകൂടങ്ങള്‍ നല്‍കണമെന്നും ഡിവിഷന്‍ ബഞ്ച് നിര്‍ദേശിച്ചു.
അതാത് സംസ്ഥാനങ്ങളിലെ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെയോ സര്‍ക്കാറിന്റെയോ ശിപാര്‍ശ കൂടാതെ ശിശുഭവനങ്ങളും അനാഥാലയങ്ങളും കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവരരുതെന്നും കോടതി നിര്‍ദേശിച്ചു.
ദരിദ്ര കുടുംബങ്ങളില്‍ നിന്നുമുള്ള കുട്ടികളെയാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് രക്ഷകര്‍ത്താക്കളുടെ അനുമതിയോടെ കേരളത്തിലെ അനാഥാലയങ്ങളിലേക്ക് അയക്കുന്നതെന്നും അതിനാല്‍ ബാലനീതി നിയമം ബാധകമല്ലെന്നുമുള്ള അനാഥാലയങ്ങളുടെ വാദം കോടതി നിരസിച്ചു. ബാലനീതി നിയമവും ചട്ടവും അനുസരിച്ച് മാതാപിതാക്കള്‍ ഇല്ലാത്തവരെയാണ് അനാഥരായി നിര്‍വചിച്ചിട്ടുള്ളത്. എന്നാല്‍, നിലവില്‍ അനാഥാലയങ്ങളില്‍ എത്തുന്ന കുട്ടികള്‍ക്ക് മാതാപിതാക്കള്‍ ഉണ്ടെന്നും അതിനാല്‍ ഇവരെ അനാഥരായി കണക്കാക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കുട്ടികളെ അനാഥാലയങ്ങളിലേക്ക് അയക്കുന്നതിലൂടെ അവരുടെ വിദ്യാഭ്യാസത്തിനുള്ള മൗലികാവകാശങ്ങളുടെ ലംഘനമാണ് ഉണ്ടാകുന്നതെന്നും കോടതി വിലയിരുത്തി.