Connect with us

Sports

ഡല്‍ഹിയുടെ കോച്ച് കാര്‍ലോസ് ഇന്നെത്തും; ഛേത്രിക്കായി ക്ലബ്ബുകള്‍

Published

|

Last Updated

ന്യൂഡല്‍ഹി : ബ്രസീലിന്റെയും റയല്‍മാഡ്രിഡിന്റെയും ഇതിഹാസ താരം റോബര്‍ട്ടോ കാര്‍ലോസ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ എസ് എല്‍) ഫുട്‌ബോളിന്റെ ഭാഗമാകാന്‍ ഇന്ന് ഇന്ത്യയിലെത്തിയേക്കും. ഡല്‍ഹി ഡൈനാമോസിന്റെ മാര്‍ക്വു മാനേജറായി നിയമിക്കപ്പെട്ട കാര്‍ലോസിന്റെ വരവ് പ്രതീക്ഷിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികള്‍. ഒക്‌ടോബര്‍ മൂന്ന് മുതല്‍ ഡിസംബര്‍ ഇരുപത് വരെയാണ് രണ്ടാം ഐ എസ് എല്‍.
ഏറ്റവുമൊടുവിലായിട്ടാണ് ഡല്‍ഹി ടീം രണ്ടാം ഐ എസ് എല്‍ സീസണിലെ പരിശീലകനെ കണ്ടെത്തിയത്. റോബര്‍ട്ടോ കാര്‍ലോസുമായി കഴിഞ്ഞ ഒരാഴ്ചയായി തിരക്കിട്ട ചര്‍ച്ചയിലായിരുന്നു ഡല്‍ഹി അധികൃതര്‍. ഞായറാഴ്ച രാത്രിയോടെയാണ് ഡല്‍ഹി ഡൈനാമോസിന്റെ വെബ്‌സൈറ്റില്‍ കരാര്‍ സ്ഥിരീകരണമുണ്ടായത്. ഇന്ന് കാര്‍ലോസ് ഡല്‍ഹി ടീമിന്റെ ആസ്ഥാനത്തെത്തിയേക്കുമെന്നാണ് വിശ്വസനീയ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. വെടിയുണ്ട പോലുള്ള ഫ്രീകിക്കുകള്‍ക്ക് പ്രശസ്തനാണ് കാര്‍ലോസ്. 1998 ലോകകപ്പ് റണ്ണേഴ്‌സപ്പും 2002 ലോകകപ്പ് ജേതാക്കളുമായ ബ്രസീല്‍ ടീമിന്റെ കരുത്തായിരുന്നു കാര്‍ലോസ്. തുര്‍ക്കി ക്ലബ്ബുകളായ സിവാസ്പര്‍, അഖിസാര്‍ ബെലെദിയെസ്പര്‍ എന്നിവയില്‍ പരിശീലകനായിരുന്നതാണ് നാല്‍പ്പത്തിരണ്ടുകാരന്റെ കോച്ചിംഗ് പരിചയം.
പ്രഥമ സീസണില്‍ നികോളാസ് അനെല്‍ക, അലസാന്‍ഡ്രൊ ഡെല്‍ പിയറോ, മാര്‍കോ മെറ്റരാസി, ഡേവിഡ് ട്രെസഗെ, ലൂയിസ് ഗാര്‍സിയ, റോബര്‍ട് പിറസ് എന്നിവര്‍ അണിനിരന്നിരുന്നു. ഇവരില്‍ ചിലര്‍ ഇത്തവണയും ഐ എസ് എല്ലിന് ആവേശം പകരാനുണ്ട്. മുന്‍ ഫ്രഞ്ച് താരം നികോളാസ് അനെല്‍ക കഴിഞ്ഞ സീസണില്‍ മുംബൈയുടെ താരമായിരുന്നെങ്കില്‍ ഇത്തവണ പ്ലെയര്‍-മാനേജര്‍ റോളിലാണ്.
എഫ് സി ഗോവയുടെ പരിശീലകനായി ഇത്തവണയും ബ്രസീലിയന്‍ ഇതിഹാസം സീക്കോയാണ്. പോയ സീസണില്‍ കൈവിട്ട കിരീടം തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് ഗോവയും സീക്കോയും. ഈ മാസം പത്തിന് മുംബൈയില്‍ നടക്കുന്ന താരലേലത്തില്‍ ഇഷ്ടമുള്ള കളിക്കാരെ വിളിച്ചെടുക്കാന്‍ സീക്കോക്ക് പൂര്‍ണ അധികാരമാണ് എഫ് സി ഗോവ മാനേജ്‌മെന്റ് നല്‍കിയിരിക്കുന്നത്.
പതിനൊന്ന് ആഭ്യന്തര താരങ്ങളെ ഇതിനകം ഗോവന്‍ ക്ലബ്ബ് സ്വന്തമാക്കിയിട്ടുണ്ട്. മൂന്ന് കോടിയോളം ഇതിനായി ചെലവായി. ഇനി രണ്ട് ആഭ്യന്തര താരങ്ങളെ കൂടി ഗോവക്ക് സ്വന്തമാക്കാം. കണക്ക് പ്രകാരം 2.5 കോടി രൂപ കൂടി എഫ് സി ഗോവക്ക് ലേലത്തില്‍ ചെലവഴിക്കാം.
ഐ ലീഗ് ക്ലബ്ബ് ബെംഗളുരു എഫ് സിയുടെ സൂപ്പര്‍ താരങ്ങളായ സുനില്‍ ഛേത്രിയെയും റോബിന്‍ സിംഗിനെയുമാണ് ഡല്‍ഹി നോട്ടമിട്ടിരിക്കുന്നത്.
ആക്രമണനിര ശക്തിപ്പെടുത്താന്‍ ഈ രണ്ട് ഡല്‍ഹിക്കാരെ ടീമിലെത്തിക്കുന്നത് ഗുണകരമാകുമെന്നാണ് ഡല്‍ഹി ടീമിന്റെ നിരീക്ഷണം. ആദ്യ എഡിഷനില്‍ അഞ്ചാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടാന്‍ പ്രധാന കാരണം മികച്ച കളി കാഴ്ചവെച്ചിട്ടും സ്‌കോറിംഗില്‍ പരാജയപ്പെട്ടതാണ്. നാല് തവണ ഇന്ത്യയുടെ മികച്ച ഫുട്‌ബോളര്‍ പട്ടം സ്വന്തമാക്കിയ ഛേത്രിയുടെ സ്‌ട്രൈക്കിംഗ് മികവ് ശ്രദ്ധേയമാണ്.
എണ്‍പത് ലക്ഷം രൂപയാണ് ഛേത്രിക്കുള്ള അടിസ്ഥാനവില. റോബിന്‍ സിംഗിന് നാല്‍പത് ലക്ഷവും. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കടുത്ത ആരാധകനായ റോബിന്‍ സിംഗ് കഴിഞ്ഞ ഐ ലീഗ് സീസണില്‍ ആറ് ഗോളുകളുമായി ബെംഗളുരുവിന്റെ ടോപ് സ്‌കോററായി.
എഫ് സി പൂനെ സിറ്റി, അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത, നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ് സി ടീമുകളും ഛേത്രി-റോബിന്‍ ദ്വന്ദത്തെ റാഞ്ചാന്‍ രംഗത്തുണ്ട്.
ഇവരെക്കൂടാതെ ജാക്കിചന്ദ് സിംഗ്, സെയ്ത്യാസെന്‍ സിംഗ്, കരണ്‍ജീത് സിംഗ്, തോയ് സിംഗ്, റിനോ ആന്റോ, അനസ് എടത്തൊടിക്ക, അരാറ്റ ഇസുമി, യൂഗെന്‍സെന്‍ ലിംഗ്‌ദോ എന്നിവരും പത്തിന് നടക്കുന്ന താരലേലത്തില്‍ നേട്ടമുണ്ടാക്കും.sunil chetri