കരിപ്പൂരില്‍ 2. 55 കോടിയുടെ സ്വര്‍ണവുമായി യുവതി പിടിയില്‍

Posted on: July 7, 2015 6:00 am | Last updated: July 7, 2015 at 1:36 am

gold
കൊണ്ടോട്ടി: കരിപ്പൂരില്‍ 2.55 കോടിയുടെ സ്വര്‍ണവുമായി യുവതി പിടിയില്‍. കൊച്ചി മട്ടാഞ്ചേരി സ്വദേശിനി മാളിയക്കല്‍ വീട്ടില്‍ എസ് ശബ്‌നം (30) ആണ് പിടിയിലായത്. ദുബൈയില്‍ നിന്ന് ഇന്നലെ രാവിലെ പത്ത് മണിക്ക് എത്തിയ ഇന്‍ഡിഗോ വിമാനത്തിലാണ് ഇവര്‍ എത്തിയത്.
പര്‍ദ്ദക്കടിയില്‍ ധരിച്ച ജാകറ്റിനു പ്രത്യേക അറകളുണ്ടാക്കി അതില്‍ ഒളിപ്പിച്ചാണ് ഇവര്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഒരു കിലോ തൂക്കം വരുന്ന ഒമ്പത് സ്വര്‍ണ കട്ടികളും 465 ഗ്രാം തൂക്കം വരുന്ന ബിസ്‌കറ്റുകളുമാണ് ഇവര്‍ കടത്തിയിരുന്നത്. ജാക്കറ്റ് അറകളെല്ലാം പ്രത്യേക ഷീറ്റുകള്‍ കൊണ്ട് അടച്ച നിലയിലായിരുന്നു. യുവതിയുടെ നടത്തത്തിലും സംസാരത്തിലും അസ്വാഭാവികത തോന്നിയ കസ്റ്റംസ് ഉദേ്യാഗസ്ഥര്‍ വനിതാ ജീവനക്കാരുടെ സഹായത്തോടെ ദേഹ പരിശോധന നടത്തിയപ്പോഴാണ് വസ്ത്രത്തിനടിയില്‍ സ്വര്‍ണം ഒളിപ്പിച്ചു വെച്ചത് കണ്ടെത്തിയത്. 20 ദിവസം മുമ്പാണ് ശബ്‌നം വിസിറ്റിംഗ് വിസയില്‍ ദുബൈയില്‍ പോയത്. റിയാസ് എന്നയാളാണ് ദുബൈയില്‍ വെച്ച് ഇവര്‍ക്ക് സ്വര്‍ണം നല്‍കിയിരുന്നത്. ഇവര്‍ക്കൊപ്പം സ്വര്‍ണ കടത്തുമായി ബന്ധപ്പെട്ട ഒരാള്‍ വിമാനത്തിലുണ്ടായിരുന്നതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സൂചന ലഭിച്ചിട്ടുണ്ട്.
ഇയാളെ പറ്റിയുള്ള അന്വേഷണം നടന്നു വരുന്നുണ്ട്. ഈ വര്‍ഷം ആദ്യമായിട്ടാണ് ഒരാള്‍ തന്നെ ഇത്രയും വലിയ കൂടുതല്‍ സ്വര്‍ണവുമായി കരിപ്പൂരില്‍ പിടിയിലാകുന്നത്. അസിസ്റ്റന്റ്കമ്മീഷന്‍ സി പി എം അബദുല്‍ റശീദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വര്‍ണ കടത്ത് പിടികൂടിയത്.
ഞായറാഴ്ച ഇതേ വിമാനത്തിലെത്തിയ കാസര്‍കോട് സ്വദേശി ഹാരിസിനെ 62 ലക്ഷം രൂപയുടെ 20 സ്വര്‍ണ ബിസകററുകളുമായി കസ്റ്റംസ് പിടികൂടിയിരുന്നു.