നൂഡില്‍സ് വിപണിയില്‍ 90 ശതമാനത്തിന്റെ ഇടിവ്

Posted on: July 7, 2015 6:00 am | Last updated: July 7, 2015 at 1:15 am

maggy
ന്യൂഡല്‍ഹി: നെസ്‌ലെയുടെ മാഗിക്കെതിരെയുള്ള നിരോധം നടപ്പായി ഒരു മാസം പിന്നിടു മ്പോള്‍ നൂഡില്‍സ് വിപണിയി ല്‍ 90 ശതമാനത്തിന്റെ ഇടിവ്. ഒരു മാസം മുമ്പ് വരെ 350 കോടിയുടെ പ്രതിമാസ വിറ്റുവരവുണ്ടായിരുന്ന നൂഡില്‍ വില്‍പ്പന വെറും 30 കോടി രൂപയായി ചുരുങ്ങിയതായി വ്യവസായ രംഗത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നു. പ്രതിവര്‍ഷം 4,200 കോടി രൂപയുടെ വിറ്റുവരവാണ് ഈ മേഖലയില്‍ നേരത്തെ ഉണ്ടായിരുന്നത്.
ഇതിലുണ്ടായിരിക്കുന്ന ഭീമമായ ഇടിവ് തങ്ങളുടെ മൂലധന നിക്ഷേപത്തെ തന്നെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് ഇന്റസ്ട്രി ബോഡി അസോചം വൃത്തങ്ങള്‍ അറിയിച്ചു. നൂഡില്‍സ് നിര്‍മാതാക്കള്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരില്‍ നിന്ന് അനാവശ്യ പീഡനങ്ങള്‍ക്ക് വിധേയരാകുന്നുണ്ട്. ഉപഭോക്താക്കളാകട്ടെ ഒരുതരം മാനസിക ഭയം ബാധിച്ചവരായി തീര്‍ന്നിരിക്കയാണെന്നും അസോചം കുറ്റപ്പെടുത്തി.
അനാരോഗ്യത്തിന് ഇടയാക്കുമെന്നും സുരക്ഷിതമല്ലെന്നും ചൂണ്ടിക്കാട്ടി കേന്ദ്ര ഭക്ഷ്യ സുരക്ഷാ വിഭാഗമായ എഫ് എസ് എസ് എ ഐ നെസ്‌ലെയുടെ മാഗി നിരോധിച്ചിത്. അനുവദനീയമായതിലും കൂടുതല്‍ ഈയവും മോണോസോഡിയം ഗ്ലൂട്ടാമിനും (എം എസ് ജി) മാഗിയില്‍ അടങ്ങിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഈ നിരോധം. ഇതേത്തുടര്‍ന്ന് ഹിന്ദുസ്ഥാന്‍ യൂനിലിവര്‍ ചൈനീസ് (എച്ച് യു എല്‍) ഉത്പന്നമായ നോര്‍ ചൈനീസ് നൂഡില്‍സ് വിപണിയില്‍ നിന്ന് പിന്‍വലിച്ചിട്ടുണ്ട്. ഇന്റോ നിസ്സിന്റെ ടോപ് റെമന്‍ നിരോധനത്തിനുള്ള ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ തീരുമാനത്തിന് കാത്തുകിടക്കുകയാണ്.
അതേസമയം, ഇത്തരം ഭക്ഷ്യ പദാര്‍ഥങ്ങള്‍ പരിശോധന നടത്താന്‍ രാജ്യത്താകമാനം ഏകീകൃത സംവിധാനമില്ലെന്ന് അസോചം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ ഇടപെടല്‍ അത്യാവശ്യമാണ്. പരിശോധനകള്‍ക്കും പരിഹാരം കണ്ടെത്തുന്നതിനും നിര്‍മാതാക്കള്‍ക്ക് വിവിധ സംസ്ഥാനങ്ങള്‍ ആവശ്യത്തിന് സമയം അനുവദിക്കുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. പാക്കറ്റ് ഭക്ഷ്യവസ്തുക്കളെല്ലാം അപകടകരമാണെന്ന തരത്തില്‍ പ്രചാരണം നടക്കുന്നതിനാല്‍ ഇത്തരം വ്യവസായത്തില്‍ ഇനി ആരാണ് മുതല്‍മുടക്കാന്‍ വരികയെന്നും അവര്‍ ചോദിക്കുന്നു. നിലവില്‍ 90,000 കോടി രൂപയുടെ നിക്ഷേപമാണ് ഈ വ്യവസായ രംഗത്തുള്ളത്. നെസ്‌ലെ ഇന്ത്യയുടെ മാഗി നിര്‍മാണ മേഖലയില്‍ ഏതാണ് 1500 പേര്‍ തൊഴിലെടുക്കുന്നുണ്ടെന്നും വ്യവസായം തകരുന്നത് ഇവരുടെ ജീവിതത്തെ ബാധിക്കുമെന്നും അസോചം മുന്നറിയിപ്പ് നല്‍കുന്നു.