Connect with us

Editorial

ഇസ്‌റാഈല്‍ ചേരിയിലേക്ക് ഇന്ത്യ

Published

|

Last Updated

ഇസ്‌റാഈലിന്റെ യുദ്ധക്കുറ്റങ്ങള്‍ക്കെതിരായ യു എന്‍ പ്രമേയത്തില്‍ ഫലസ്തീനികളെ കൈയൊഴിഞ്ഞു ജൂതഭരണകൂടത്തിനനുകൂലമായ നിലപാട് സ്വീകരിച്ചിരിക്കുകയാണ് നരേന്ദ്രമോദി ഭരണകൂടം. കഴിഞ്ഞ വര്‍ഷം ഗാസയിലും വെസ്റ്റ്ബാങ്കിലും നടത്തിയ പൈശാചികമായ നരനായാട്ടിന് ഇസ്‌റാഈലിനെ കുറ്റവിചാരണ നടത്തണമെന്നാവശ്യപ്പെടുന്ന യു എന്‍ പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു കൊണ്ടാണ് കേന്ദ്രത്തിലെ ബി ജെ പി സര്‍ക്കാര്‍ ഇസ്‌റാഈലുമായുള്ള ചങ്ങാത്തം ശക്തമാക്കുന്നതിന്റെ വ്യക്തമായ സൂചന നല്‍കിയത്. ഫലസ്തീനികള്‍ക്കെതിരെ ഇസ്‌റാഈല്‍ നടത്തിയ യുദ്ധക്കുറ്റങ്ങളെ അക്കമിട്ടുനിരത്തി യു എന്‍ മനുഷ്യാവകാശ കൗണ്‍സിലാണ് പ്രമേയം അവതരിപ്പിച്ചത്. യൂറോപ്യന്‍ യൂനിയനിലേതുള്‍പ്പെടെ 41 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചിട്ടും പശ്ചിമേഷ്യന്‍ പ്രശ്‌നത്തില്‍ മുന്‍കാലങ്ങളില്‍ ഇന്ത്യ കൈക്കൊണ്ട മാനുഷികവും ഇരകള്‍ക്കനുകൂലവുമായ നിലപാട് ഉപേക്ഷിച്ച് നിഷ്പക്ഷ ലോകം തെമ്മാടി രാഷ്ട്രമായി മുദ്രകുത്തിയ ഇസ്‌റാഈലിന്റെ കൈയടി വാങ്ങാന്‍ ഒരുമ്പെടുകയായിരുന്നു ഇന്ത്യന്‍ ഭരണകൂടം.
അടുത്തിടെ ഇസ്‌റാഈല്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി മോദിക്ക് ജൂത ഭരണകൂടത്തില്‍ നിന്ന് കൂടുതല്‍ സ്വീകാര്യതയും അംഗീകാരവും ആഗ്രഹിച്ചാണ് വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നതെന്ന് വിലയിരുത്തുന്നവരുണ്ട്. എന്നാല്‍ അതിനപ്പുറം ജൂതഫാസിസവും ഇന്ത്യയിലെ സംഘ്പരിവാറും തമ്മിലുള്ള പ്രത്യയശാസ്ത്ര യോജിപ്പിന്റെ അടിസ്ഥാനത്തില്‍ ചില ഗൂഢതാത്പര്യങ്ങള്‍ മുന്‍നിര്‍ത്തി കൈക്കൊണ്ട നയമായി ഇതിനെ കാണേണ്ടതുണ്ട്. മതാധിഷ്ഠിത രക്തശുദ്ധി വാദത്തില്‍ വിശ്വസിക്കുകയും മുസ്‌ലിംകളെ സാമുദായികമായി തന്നെ ശത്രുക്കളായി കാണുകയും ചെയ്യുന്നവരാണ് സയണിസത്തെ പോലെ ഹിന്ദുത്വ ഫാസിസവും. ഇതര മതവിഭാഗങ്ങളുടെ പ്രത്യേകിച്ചും മുസ്‌ലിംകളുടെ ഉന്മൂലനമാണ് ഇരു വിഭാഗങ്ങളുടെയും മുഖ്യ അജന്‍ഡ. പശ്ചമേഷ്യയില്‍ ഇസ്‌റാഈലും ഇന്ത്യയില്‍ സംഘ്പരിവാറും നടത്തുന്ന വംശീയഹത്യാ പദ്ധതികള്‍ക്ക് പോലും സാമ്യതകളുണ്ടെന്ന് ഇസ്‌റാഈലിന്റെ ഗാസാ ആക്രമണവും ഹിന്ദുത്വ ശക്തികളുടെ ഗുജറാത്ത് കലാപവും തുലനം ചെയ്താല്‍ മനസ്സിലാക്കാകുന്നതേയുള്ളൂ.
ഫലസ്തീന്‍ പ്രദേശങ്ങള്‍ ഒന്നൊന്നായി കൈയേറി അവിടുത്തെ പാവപ്പെട്ട ജനതയെ കൊന്നൊടുക്കുകയും ആട്ടിപ്പായിക്കുകയും ചെയ്യുന്ന ഇസ്‌റാഈലിനെ നാലയലത്തേക്ക് പോലും അടുപ്പിച്ചിരുന്നില്ല മുന്‍കാലങ്ങളില്‍ നമ്മുടെ രാജ്യം. സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തെ ആദ്യമായി പിന്തുണച്ച മുസ്‌ലിമേതര രാജ്യവും ഇന്ത്യയായിരുന്നു. പി എല്‍ ഒയെ ഫലസ്തീന്റെ ഔദ്യോഗിക പ്രതിനിധികളായി അംഗീകരിക്കുന്ന അറബേതര രാജ്യങ്ങളിലും ഇന്ത്യ മുന്‍നിരയിലുണ്ടായിരുന്നു. ഈ ഊഷ്മള ബന്ധത്തിന്റെ സ്മാരകമായാണ് ഡല്‍ഹിയില്‍ ഇന്ത്യ നിര്‍മിച്ചു കൊടുത്ത ഫലസ്തീന്‍ എംബസി കെട്ടിടം.
സോവിയറ്റ് തകര്‍ച്ചയെ തുടര്‍ന്ന് ആഗോള ശാക്തിക ബന്ധങ്ങളില്‍ മാറ്റങ്ങള്‍ സംഭവിക്കുകയും പുറമേ ഖദറും അകമേ കാവിയുമണിഞ്ഞ നരസിംഹറാവു കേന്ദ്രത്തില്‍ അധികാരത്തില്‍ വരികയും ചെയ്തതോടെയാണ് ഇന്ത്യ മാനുഷിക കാഴ്ചപ്പാടില്‍ അധിഷ്ഠിതമായ നയങ്ങളില്‍ നിന്നകന്ന് ഇസ്‌റാഈലുമായി അടുക്കാന്‍ തുടങ്ങിയതും നയതന്ത്രബന്ധം സ്ഥാപിച്ചതും. ആദ്യ എന്‍ ഡി എ സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ ബാന്ധവം കൂടുതല്‍ ശക്തമായി. 2003ല്‍ വാജ്‌പേയി വാഴും കാലത്ത് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ഏരിയാല്‍ ഷാരോണിനെ ഇന്ത്യയിലേക്കു ക്ഷണിച്ചത് ഇതിന്റെ ഭാഗമായിരുന്നു. പിന്നീട് അധികാരത്തിലേറിയ മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ തെറ്റായ ഈ നയങ്ങളെ തിരുത്തുന്നതിന് പകരം അതിനെ പിന്തുടരുകയാണുണ്ടായത്. ഗസ്സയിലെ നരനായാട്ടിനെ അറബ് രാജ്യങ്ങള്‍ക്കൊപ്പം ചൈനയും റഷ്യയും ലാറ്റിനമേരിക്കന്‍, ആഫ്രിക്കന്‍ രാജ്യങ്ങളും ശക്തമായി അപലപിച്ചപ്പോള്‍ ഇന്ത്യ മൗനം പാലിച്ചു. ഇന്നിപ്പോള്‍ മോദി അധികാരത്തിലേറിയതോടെ രാജ്യം അതിന്റെ ധാര്‍മികമായ എല്ലാ തത്വങ്ങളും അവഗണിച്ച് ഇസ്‌റാഈലമായി പൂര്‍ണസഹകരണവും സൗഹൃദവും സ്ഥാപിക്കാനുള്ള തത്രപ്പാടിലാണ്. ഈ വര്‍ഷാവസാനം മോദി നടത്തുന്ന ഇസ്‌റാഈല്‍ സന്ദര്‍ശനത്തിന് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ആദ്യ ഇസ്‌റാഈല്‍ സന്ദര്‍ശനമെന്ന സവിശേഷത മാത്രമല്ല ഉള്ളത്. ജൂതായിസവും ഹിന്ദുത്വ ഫാസിസവും തമ്മിലുള്ള സഹകരണത്തിന്റെ തലം വിപുലപ്പെടുത്തുന്നതിന്റെ ഔപചാരിക തുടക്കം കൂടിയായി ഇതിനെ കാണേണ്ടതുണ്ട്. അപകടകരമായ ഈ നയവ്യതിയാനത്തിലൂടെ മതേതര ജനാധിപത്യ ഇന്ത്യ ഏറ്റുവാങ്ങാന്‍ പോകുന്നത് അപരിമേയമായ ഭവിഷ്യത്തുകളാണ്. തങ്ങളുടെ സംരക്ഷകരായ അമേരിക്കയെ പോലും തരം കിട്ടിയാല്‍ വഞ്ചിക്കുന്ന ജൂതരാഷ്ട്രവുമായുള്ള ബന്ധം ഹിന്ദുത്വ ഫാസിസത്തിന് പോലും ഗുണകരമായിരിക്കില്ലെന്ന് അവര്‍ താമസിയാതെ മനസ്സിലാക്കേണ്ടിവരും.

Latest