അനാഥാലയങ്ങളിലേക്ക് കുട്ടികള്‍: സി ബി ഐ അന്വേഷിക്കും

Posted on: July 6, 2015 2:00 pm | Last updated: July 7, 2015 at 7:52 am
SHARE

kerala high court pictures

 

കൊച്ചി: സംസ്ഥാനത്തെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട കേസുകളില്‍ സി ബി ഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. കേരളത്തിലെ അനാഥാലയങ്ങളിലേക്ക് ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് 580 കുട്ടികളെ എത്തിച്ച സംഭവത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് പാലക്കാട്ടെ ആള്‍ കേരള ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഐസക് വര്‍ഗീസ് സമര്‍പ്പിച്ച ഹരജിയിലാണ് ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്.
പാലക്കാട്ടേക്ക് കുട്ടികളെ കൊണ്ടുവന്നതിന് പുറമെ മറ്റു സമാന കേസുകളും സി ബി ഐ അന്വേഷിക്കണമെന്നും കോടതി നിര്‍ദേശിച്ചു. അന്തര്‍ സംസ്ഥാന ബന്ധമുള്ള കേസ് എന്ന നിലയിലും കേരളത്തിലേക്ക് കുട്ടികളെ നിയമവിരുദ്ധമായി കടത്തുന്നുവെന്ന പരാതി ആവര്‍ത്തിക്കുന്നതും കണക്കിലെടുത്താണ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണും എ എം ശഫീഖും അടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്.
അനാഥാലയങ്ങളിലേക്ക് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഏജന്റുമാര്‍ മുഖേനയും കുട്ടികള്‍ എത്തുന്നുണ്ടെന്നും ഇക്കാര്യത്തില്‍ ശരിയായ അന്വേഷണത്തിലൂടെ കുറ്റക്കാരെ കണ്ടെത്തേണ്ടതുണ്ടെന്നും കോടതി വിലയിരുത്തി. നിലവില്‍ ക്രൈം ബ്രാഞ്ച് നടത്തുന്ന അന്വേഷണം സി ബി ഐ ഏറ്റെടുക്കണമെന്നും അന്വേഷണത്തിനാവശ്യമായ സഹായങ്ങള്‍ സര്‍ക്കാര്‍ നല്‍കണമെന്നും ഡിവിഷന്‍ ബഞ്ച് നിര്‍ദേശിച്ചു. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ കൊണ്ടുവന്നതിനെ കുറിച്ച് അന്വേഷണം അന്തര്‍ സംസ്ഥാന ബന്ധം കണക്കിലെടുത്ത് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സി ബി ഐ ബോധിപ്പിച്ചിരുന്നു. എന്നാല്‍, നിലവില്‍ ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണം സമഗ്രമാണെന്നും സി ബി ഐ അന്വേഷണം ആവശ്യമില്ലെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. സി ബി ഐ അന്വേഷണത്തിന് പര്യാപ്തമായ കേസ് അല്ല ഇതെന്നും കേസ് സി ബി ഐക്ക് കൈമാറിയാല്‍ സ്ഥാപനങ്ങള്‍ അന്വേഷണത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുമെന്നും അനാഥാലയങ്ങളുടെ സംഘടന വാദിച്ചു.
എന്നാല്‍, വിവിധ സംസ്ഥാനങ്ങലില്‍ അന്വേഷണം നടത്തേണ്ട കേസ് എന്ന നിലയില്‍ അന്വേഷണം സി ബി ഐക്ക് കൈമാറുന്നതാണ് ഉചിതമെന്ന് കോടതി വിലയിരുത്തി.
ക്രൈം ബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ലെന്നും കുട്ടികളെ കടത്തിയതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍ സംസ്ഥാന റാക്കറ്റിനെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സി ബി ഐ അന്വേഷണ ഹരജി. സ്‌കൂളുകളിലെ ഡിവിഷന്‍ ഫാള്‍ ഒഴിവാക്കാനും ഗ്രാന്റുകള്‍ സമാഹരിക്കാനും വിദേശ സാമ്പത്തിക സഹായം നേടാനുമാണ് അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവരുന്നതെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഹരജി ഭാഗത്തിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ടി എ ഷാജി, ബി എച്ച് മന്‍സൂര്‍ ഹാജരായി.