ഹസനിയ്യ വിദ്യാര്‍ഥികളുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാകുന്നു

Posted on: July 6, 2015 9:14 am | Last updated: July 6, 2015 at 9:14 am

ഹസനിയ്യ നഗര്‍:കരുണയുടെ മാസമായ റമളാനില്‍ ദഅ് വാ പ്രവര്‍ത്തന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹസനിയ്യ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ജന ശ്രദ്ധ നേടുന്നു. പാലക്കാടിന്റെ കിഴക്കന്‍ മേഖലകളിലെ നിര്‍ധന ഗ്രാമങ്ങളെ കേന്ദ്രീകരിച്ചാണ് ഹസനിയ്യ ദഅ് വാ വിദ്യാര്‍ത്ഥികളുടെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. സമൂഹ നോമ്പ് തുറകള്‍, രോഗികള്‍ക്കും അവശര്‍ക്കുമുള്ള ധന സഹായം,നിസ്‌കാര കുപ്പായ വിതരണം, മത പഠന ക്ലാസുകള്‍ തുടങ്ങി വിവിധ പരിപാടികള്‍ വിദ്യാര്‍ത്ഥികള്‍ ഹസനിയ്യയുടെയും ഇര്‍ശാദിയ്യ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും സഹകരണത്തോടെയാണ് ചെയ്യുന്നത്.
ഓരോ വീടുകളും കയറിയിറങ്ങി വ്യക്തമായ സര്‍വ്വേ നടത്തിയാണ് സഹായത്തിന് അര്‍ഹരായവരെ കണ്ടെത്തുന്നത്. ഇതിനകം ഇരുപതോളം ഗ്രാമങ്ങള്‍ കവര്‍ ചെയ്തു കഴിഞ്ഞിട്ടുണ്ട്. ഓരോ ഗ്രാമങ്ങളുടെയും വ്യക്തമായ ചിത്രം മനസ്സിലാക്കി ആ ഗ്രാമങ്ങളുടെ പള്‍സറിഞ്ഞ് കൊണ്ടാണ് അവര്‍ക്ക് പള്ളികളും വീടുകളും കേന്ദ്രീകരിച്ചുള്ള ക്ലാസ്സുകള്‍ നല്‍കുന്നത്.
ഭാവിയിലും അവര്‍ക്ക് സഹായങ്ങള്‍ എത്തിക്കാന്‍ വേണ്ടി ഓരോ ഗ്രാമങ്ങളെ കുറിച്ചും വിശദമായ റിപ്പോര്‍ട്ടും തയ്യാറാക്കുന്നുണ്ട് വര്‍ഷവും നടന്നു വരാറുള്ള ഈ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം ഒന്നു കൂടി ഊര്‍ജിതമാക്കിയിരിക്കുകയാണ്. സര്‍ക്കാരാശുപത്രികളിലെ രോഗികള്‍ക്കും പുറമ്പോക്കിലേക്ക് വലിച്ചെറിയപ്പെട്ടവര്‍ക്കും ‘ക്ഷണ വിതരണവും പെരുന്നാളുകളോട് അനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ വര്‍ഷവും നടത്താറുണ്ട് . ബലി പെരുന്നാളിന് ഉള്ഹിയ്യതിനുള്ള മൃഗങ്ങള്‍ ആവിശ്യമായ പ്രദേശങ്ങളില്‍ എത്തിച്ച് കൊടുത്ത് ബലികര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്നു.
ഈ പ്രവര്‍ത്തനങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നേതൃത്വം നല്‍കുന്നത് സിദ്ധീഖ് അല്‍ഹസനിയും തൗഫീക് അല്‍ഹസനിയുമാണ്.