തോല്‍പ്പെട്ടിയില്‍ കാട്ടാനയുടെ വിളയാട്ടം: വനപാലകരെ നാട്ടുകാര്‍ തടഞ്ഞുവെച്ചു

Posted on: July 6, 2015 9:13 am | Last updated: July 6, 2015 at 9:13 am

കാട്ടിക്കുളം: കാട്ടാനശല്യം രൂക്ഷമായ തോല്‍പ്പെട്ടിയില്‍ കാട്ടാനകളെ തുരത്താനെത്തിയ വനപാലകരെ രോഷാകുലരായ നാട്ടുകാര്‍ ബന്ധിയാക്കി.
ഡെപ്യൂട്ടി റൈഞ്ചര്‍ സി.കെ സുധാകരനടക്കം ആറോളം ഉദ്യോഗസ്ഥരെയാണ് പ്രദേശവാസികള്‍ തടഞ്ഞ് വെച്ചത്. മാസങ്ങളായി നാട്ടുകാരുടെയും കര്‍ഷകരുടെയും പേടിസ്വപ്‌നമായിരിക്കുകയാണ് കാട്ടാനകള്‍. യാത്രക്കാര്‍ക്ക് ദുരിതമായിക്കഴിഞ്ഞ മോഴയാനയെ തുരത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധത്തിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ തോല്‍പ്പെട്ടി നരക്കല്‍ ഭാഗങ്ങളില്‍ ഭീതി പരത്തിയ മോഴ പുലര്‍ച്ചെ മൂന്ന് മണിയായിട്ടും വീട്ടുപടിക്കല്‍ തന്നെ നിലയുറപ്പിക്കുകയായിരുന്നു. വീട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഡെപ്യൂട്ടി റെയിഞ്ചര്‍ സി.കെ സുധാകരന്‍, ഫോറസ്റ്റര്‍ ശ്രീധരന്‍, ബീറ്റ് ഓഫീസര്‍ നൗഫല്‍, സത്യന്‍ എന്നിവര്‍ സ്ഥലത്തെത്തി. നരിക്കല്ലിലെത്തിയ ഇവരെ നാട്ടുകാര്‍ തടഞ്ഞുവെക്കുകയായിരുന്നു. പ്രതിഷേധം രൂക്ഷമായതിനെത്തുടര്‍ന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ മോഹനന്‍ പിള്ള, റെയിഞ്ചര്‍ എ.കെ ഗോപാലന്‍, ഡെപ്യൂട്ടി റെയിഞ്ചര്‍ അബ്ദുല്‍ സമദ്, വന്യമൃഗ പ്രതിരോധ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പി.സി.ജോസ്, കെ.ജി രാമകൃഷ്ണന്‍, കെട്ടി ഗോപിനാഥന്‍, കെ അനന്തന്‍ നമ്പ്യാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ആക്രമം നടത്തുന്ന സ്വഭാവമുള്ള മോഴയാനയെ മയക്കുവെടിവെച്ച് ആനപന്തിയില്‍ കൊണ്ടുപോയി പരിശീലനം നല്‍കുമെന്നും ടെഞ്ചുകളും ഫെന്‍സിങ് വേലി എന്നിവ കാര്യക്ഷമമാക്കുമെന്നും അദികൃതര്‍ ഉറപ്പു നല്‍കിയതിനെത്തുടര്‍ന്നാണ് സംഘര്‍ഷത്തിന് അയവുവന്നത്. പ്രദേശവാസികളായ 4 പേരെ ആനയിറങ്ങുന്ന സ്ഥലങ്ങളില്‍ കാവല്‍ നിര്‍ത്താനും തോല്‍പ്പെട്ടി ഫോറസ്റ്റ് ഓഫീസില്‍ മതിയായ ജീവനക്കാരെ നിയമിക്കുമെന്നും ഡി.എഫ്.ഒ ഉറപ്പുനല്‍കി. നിലവില്‍ ഒരു ഡെപ്യൂട്ടിയടക്കം ഏഴ് ജീവനക്കാരും മൂന്ന് വാച്ചര്‍മാരുമാണ് കാവല്‍ നില്‍ക്കുന്നത്.