Connect with us

Kerala

വ്യാജ 'പ്രേമം': അന്‍വര്‍ റഷീദും അല്‍ഫോണ്‍സ് പുത്രനും ആന്റി പൈറസി സെല്ലിന് മൊഴി നല്‍കും

Published

|

Last Updated

തിരുവനന്തപുരം: പ്രേമം സിനിമയുടെ വ്യാജ പകര്‍പ്പ് ഇറങ്ങിയതുമായി ബന്ധപ്പട്ട് ചിത്രത്തിന്റെ നിര്‍മാതാവ് അന്‍വര്‍ റഷീദിനോടും സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രനോടും നേരിട്ട് ഹാജരാകാന്‍ ആന്റി പൈറസി സെല്‍ നിര്‍ദേശം നല്‍കി. പരാതിയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് നേരിട്ട് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് എസ് പി രാജ്പാല്‍ മീണ ആവശ്യപ്പെട്ടത്. ഇന്ന് രാവിലെ 11 മണിക്ക് തിരുവനന്തപുരത്തുള്ള ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്താനാണ് നിര്‍ദേശം. അന്‍വര്‍ റഷീദിന്റെ മാനേജര്‍ സുനിലില്‍ നിന്നും അന്വേഷണ സംഘം ഇന്നലെ മൊഴിയെടുത്തു.
സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ സംബന്ധിച്ച കൂടുതല്‍ വിരവങ്ങളറിയാനാണ് സംവിധായകനോടും നിര്‍മാതാവിനോടും ഹാജരാകാന്‍ ആവശ്യപ്പെട്ടത്. ശാസ്ത്രീയ പരിശോധനയിലൂടെ കുറ്റക്കാരെ കണ്ടെത്താനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. വിവിധ ഘട്ടങ്ങളില്‍ ആരെല്ലാം സിനിമയുടെ പ്രിന്റ് കെകാര്യം ചെയ്‌തെന്ന കാര്യവും അന്വേഷിക്കേണ്ടതുണ്ട്. ഈ പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ 29ന് ഇ- മെയിലിലൂടെ അന്‍വര്‍ റഷീദ് പരാതി നല്‍കിയിരുന്നെങ്കിലും ഹാജരായിരുന്നില്ല.
അതേസമയം, കേസില്‍ അന്വേഷണം നല്ലരീതിയില്‍ പുരോഗമിക്കുന്നുണ്ടെന്ന് ഡി ജി പി. ടി പി സെന്‍കുമാര്‍ പറഞ്ഞു. സാങ്കേതികമായ കാര്യങ്ങളുള്ളതിനാലാണ് കേസ് അന്വേഷണം നീളുന്നത്. സംഭവത്തില്‍ ആന്റി പൈറസി വിഭാഗം കഴക്കൂട്ടത്തെ വിസ്മയ മാക്‌സ് സ്റ്റുഡിയോയിലും സെന്‍സര്‍ ബോര്‍ഡ് തിയേറ്ററിലും കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു. ഇവിടത്തെയും സെന്‍സര്‍ ബോര്‍ഡ് ഓഫിസിലെയും കംപ്യൂട്ടര്‍ ലോഗ് വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
അതേസമയം അന്വേഷണം പ്രഹസനമാണെന്ന് ആരോപിച്ചാണ് തിയറ്റര്‍ ഉടമകള്‍ സിനിമ ബന്ദിന് ഒരുങ്ങുന്നത്. നിലവില്‍ നടക്കുന്ന അന്വേഷണം സിനിമ ഷൂട്ടിംഗ് പോലെയാണെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ ആക്ഷേപിച്ചു. ശക്തമായ നടപടിയുണ്ടായില്ലെങ്കില്‍ തിയറ്ററുകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടുമെന്ന് അദ്ദേഹം പറഞ്ഞു. ക്രൈംബ്രാഞ്ച് എസ് പി രാജ്പാല്‍ മീണ, ഡിവൈ. എസ് പി എം ഇഖ്ബാല്‍, ഇന്‍സ്‌പെക്ടര്‍ ഡി കെ പൃഥ്വിരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

---- facebook comment plugin here -----

Latest