Connect with us

Editorial

സെന്‍സസ് നല്‍കുന്ന മുന്നറിയിപ്പ്

Published

|

Last Updated

കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തു വിട്ട സാമൂഹിക സാമ്പത്തിക ജാതി സെന്‍സസ് (സോഷ്യോ ഇക്കണോമിക് ആന്‍ഡ് കാസ്റ്റ് സെന്‍സസ്- എസ് ഇ സി സി) റിപ്പോര്‍ട്ട് രാജ്യത്തിന്റെ വികസന മുന്‍ഗണനയെക്കുറിച്ചുള്ള നിര്‍ണായകമായ ഓര്‍മപ്പെടുത്തലുകള്‍ നടത്തുന്നുണ്ട്. ഇന്ത്യ ഗ്രാമങ്ങളില്‍ വസിക്കുന്നുവെന്ന ഗാന്ധിജിയുടെ വാക്കുകള്‍ക്ക് അത് അടിവരയിടുന്നതോടൊപ്പം ഈ ഗ്രാമീണ ജനതയുടെ ജീവിതം അങ്ങേയറ്റം പരിതാപകരമാണെന്ന വസ്തുതയും ഈ റിപ്പോര്‍ട്ട് വരച്ചു കാണിക്കുന്നു. 1932ന് ശേഷം ഇതാദ്യമായാണ് ഇത്രയും സമഗ്രമായ ഒരു സാമൂഹിക, സാമ്പത്തിക, ജാതി കണക്കെടുപ്പ് നടക്കുന്നത്. 2011 ആധാരവര്‍ഷമായെടുത്ത് കണക്കുകള്‍ ശേഖരിച്ചത് തികച്ചും ഇലക്‌ട്രോണിക് സങ്കേതങ്ങള്‍ ഉപയോഗിച്ചാണെന്ന പ്രത്യേകതയും ഉണ്ട്. തികച്ചും അപര്യാപ്തമായ വരുമാനം, ഭൂരഹിതരുടെ ആധിക്യം, വിദ്യാഭ്യാസത്തിന്റെ അഭാവം, പാര്‍പ്പിടങ്ങളുടെ ശോചനീയാവസ്ഥ, തൊഴില്‍രാഹിത്യം തുടങ്ങിയ ഗുരുതരമായ പിന്നാക്കാവസ്ഥയിലാണ് ഇന്നും നമ്മുടെ ഗ്രാമങ്ങളെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടിലെ വസ്തുതകള്‍ നയരൂപവത്കരണം നടത്തുന്നവരെയും ഭരണകര്‍ത്താക്കളെയും ആസൂത്രണം നടത്തുന്നവരെയും ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്.
രാജ്യത്തെ 73 ശതമാനം കുടുംബങ്ങളും ഗ്രാമങ്ങളിലാണ് വസിക്കുന്നതെന്ന് എസ് ഇ സി സി വ്യക്തമാക്കുന്നു. ഇതില്‍ 74.5 ശതമാനം കുടുംബങ്ങളുടെയും മാസാന്ത വരുമാനം 5,000 രൂപയില്‍ കുറവാണെന്നും പതിനായിരം രൂപയില്‍ കുടുതല്‍ മാസാന്ത വരുമാനമുള്ള ഗ്രാമീണ കുടുംബങ്ങള്‍ 8.3 ശതമാനം മാത്രമാണെന്നും വെളിപ്പെടുത്തുന്നു. സെന്‍സസ് പ്രകാരം 23.52 ശതമാനം ഗ്രാമീണ കുടുംബങ്ങളിലും 25 വയസ്സിന് മുകളിലുള്ള സാക്ഷരരില്ല. ഗ്രാമീണ ജനസംഖ്യയിലെ വിദ്യാഭ്യാസ നിലവാരത്തിന്റെ പരിതാപകരമായ സ്ഥിതിയാണ് ഇത് കാണിക്കുന്നത്. ഇങ്ങനെ നിരക്ഷരത കൊടികുത്തി വാഴുന്നത് കൊണ്ട് ഗ്രാമീണരെ ക്രൂരമായി ചൂഷണം ചെയ്യാന്‍ സാധിക്കുന്നു. സര്‍ക്കാര്‍ കാലാകാലങ്ങളില്‍ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെയും ആനുകൂല്യ വിതരണത്തിന്റെയും ഗുണം ആരൊക്കെയോ തട്ടിയെടുക്കുന്നു.
നഗര, ഗ്രാമങ്ങളിലായി രാജ്യത്ത് 24.39 കോടി കുടുംബങ്ങളാണുള്ളതെന്ന് സര്‍വേ വെളിപ്പെടുത്തുന്നു. ഇതില്‍ 17.91 കോടി കുടുംബങ്ങളും ഗ്രാമങ്ങളിലാണ്. ഇതില്‍ 10.69 കോടി കുടുംബങ്ങള്‍ ഏറ്റവും മോശമായ സാഹചര്യത്തിലാണ് ഉള്ളത്. ഗ്രമീണ ജനസംഖ്യയില്‍ 56 ശതമാനം ജനങ്ങളും സ്വന്തമായി ഭൂമിയില്ലാത്തവരാണ്. ഇങ്ങനെ ഭൂമിയില്ലാത്തവരില്‍ 70 ശതമാനവും പട്ടികജാതിക്കാരായ കുടുംബങ്ങളാണ്. 50 ശതമാനം പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും സ്വന്തമായി ഭൂമിയില്ല. 2.37 കോടി കുടുംബങ്ങള്‍ ഒറ്റമുറി മാത്രമുള്ള വീടുകളിലാണ് കഴിയുന്നത്.
ഗ്രാമജനസംഖ്യയില്‍ 9.16 കോടി കുടുംബങ്ങള്‍ (51.14 ശതമാനം) ആശ്രയിക്കുന്നത് ശാരീരികമായ കൂലിപ്പണിയെയാണ്. 30.10 ശതമാനം പേര്‍ കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നു. 2.5 കോടി കുടുംബങ്ങള്‍ സര്‍ക്കാര്‍ മേഖലയില്‍ നിന്നും പോതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും വരുമാനം സിദ്ധിക്കുന്നവരാണ്. രാജ്യത്ത് 4.08 ലക്ഷം ജനങ്ങള്‍ സാധനങ്ങള്‍ പെറുക്കി ജീവിക്കുന്നവരും 6.68 ലക്ഷം യാചകരുണ്ടെന്നുമാണ് സര്‍വേ പറയുന്നത്.
ഇന്ത്യയിലെ വികസന പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിക്കേണ്ടത് ഗ്രാമങ്ങളില്‍ തന്നെയാണെന്ന് ഈ സര്‍വേ റിപ്പോര്‍ട്ട് ഓര്‍മപ്പെടുത്തുന്നു. സ്വാതന്ത്ര്യ ലബ്ധിയുടെ ഏഴ് പതിറ്റാണ്ടിലേക്ക് കുതിക്കുമ്പോഴും ഗ്രാമീണ ജനത യാചകരും പെറുക്കികളും ഭവനരഹിതരും വിദ്യാവിഹീനരും പട്ടിണിക്കാരുമായി നിലനില്‍ക്കുന്നത് എന്തുകൊണ്ടാണ്? നമ്മുടെ ഭരണകര്‍ത്താക്കള്‍ ദാരിദ്ര്യ നിര്‍മാര്‍ജന മുദാവാക്യം ഇടക്കിടക്ക് മുഴക്കുമെന്നല്ലാതെ ആത്മാര്‍ഥവും ഫലദായകവുമായ ശ്രമങ്ങള്‍ ഈ ദിശയില്‍ നടത്തിയിട്ടില്ല എന്നത് തന്നെയാണ് ഉത്തരം. തൊലിപ്പുറമേയുള്ള മിനുക്കുപണികളാണ് നടന്നിട്ടുള്ളത്. ഒരു കാലത്ത് സ്വയം പര്യാപ്തമായിരുന്ന ഇന്ത്യന്‍ ഗ്രാമങ്ങളെ വെറും കൂലിപ്പണിക്കാരുടെ ഇടമാക്കി മാറ്റിയത് ബ്രിട്ടീഷ് അധിനിവേശമായിരുന്നു. എന്നാല്‍ രാഷ്ട്രീയ സ്വാതന്ത്ര്യം കൈവന്നിട്ടും ആ സ്ഥിതിക്ക് മാറ്റം വന്നില്ല. 1990കള്‍ക്ക് ശേഷം നടപ്പാക്കിയ ഉദാരവത്കൃത സാമ്പത്തിക നയമാകട്ടെ, ഗ്രാമീണ ജനതക്ക് തൊഴിലും കൂലിയും നല്‍കിയിരുന്ന പരമ്പരാഗത, കുടില്‍ വ്യവസായങ്ങളെ തകര്‍ത്ത് തരിപ്പണമാക്കുകയായിരുന്നു. എന്നിട്ടിപ്പോഴും നഗരവികസനത്തിലാണ് ഭരണകര്‍ത്താക്കളുടെ കണ്ണ്. ഗ്രാമങ്ങളില്‍ തൊഴിലില്ലാതെ അലയുന്ന മനുഷ്യര്‍ നഗരങ്ങളില്‍ ചേക്കേറുമ്പോള്‍ അവിടെ ചേരികള്‍ രൂപപ്പെടുന്നു. ഈ ചേരി നിവാസികളെ ആട്ടിയോടിച്ചാണ് സ്മാര്‍ട്ട് നഗരങ്ങള്‍ സ്ഥാപിക്കാന്‍ പോകുന്നത്. സാമ്പത്തിക വളര്‍ച്ചയുടെ ശതമാനക്കണക്കുകള്‍ ഇടക്കിടക്ക് പുറത്തുവിടുന്നത് കാണാം. ആരാണ് വളരുന്നത്? ഏതാനും പേരുടെ ശതകോടി വരുമാനത്തില്‍ ഉണ്ടാകുന്ന വര്‍ധനവിന്റെ കണക്കില്‍ രാജ്യം വളര്‍ന്നേ എന്ന് ഉദ്‌ഘോഷിക്കുന്നതിന്റെ പരിഹാസ്യതയല്ലേ ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്? ഗ്രാമീണ ജനതയെ സ്വയംപര്യാപ്തരാക്കാതെ രാജ്യത്തിന്റെ യഥാര്‍ഥ വളര്‍ച്ച അസാധ്യമാണെന്ന് ഇനിയെങ്കിലും തിരിച്ചറിയേണ്ടിയിരിക്കുന്നു.

---- facebook comment plugin here -----

Latest