ജീവിതത്തിലേക്ക് തിരികെ വരാന്‍ അന്‍വറിനെ സഹായിക്കണം

Posted on: July 5, 2015 6:30 pm | Last updated: July 5, 2015 at 6:30 pm

anvar

ദുബൈ: രണ്ടു പതിറ്റാണ്ട് യു എ യിലെയും, ബുറൈമിയിലെയും കലാ, സംകാരിക, ജീവകാരുണ്യ രംഗത്ത് നിറസാന്നിധ്യമായിരുന്ന ആലപ്പുഴ സ്വദേശി അന്‍വര്‍ വൃക്ക രോഗത്തില്‍ പെട്ടുഴലുന്നു.
അന്‍വറിന്റെ പ്രവാസ ജീവിതം ആരംഭിക്കുന്നത് തൊണ്ണൂറുകളിലാണ്. പ്രവാസികള്‍ക്ക് സംഘടനാ സ്വാതന്ത്ര്യം ഇല്ലായിരുന്ന ബുറൈമിയില്‍ ഇന്ത്യന്‍ അസോസിയേഷനും, സ്‌കൂളും, കോണ്‍സുലര്‍ സര്‍വീസും ആരംഭിക്കാനയത് അന്‍വറിന്റെയും സുഹൃത്തുക്കളുടെയും ശ്രമഫലമായാണ്.
കേരളത്തില്‍ നിന്നുള്ള സിനിമ-സീരിയല്‍- മിമിക്രി കലാകാര്‍ന്മാരെ ഉള്‍പെടുത്തി പ്രവേശന ടിക്കറ്റ് ഇല്ലാതെ കലാപരിപാടികള്‍ അവതരിപ്പിച്ചു പ്രവാസ ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വമായിരുന്നു. മാപ്പിളപ്പാട്ട് ലോകത്തെ മൂന്നു തലമുറയിലെ ഗായികാ ഗായകന്മാരെ അണിനിരത്തി 40ല്‍ പരം ഷോ കള്‍ യു എ ഇ യുടെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ചു. ബുറൈമി മലയാളികളുടെ ചരിത്രത്തില്‍ ആദ്യമായി സംഘടിപ്പിച്ച പത്തു ദിവസം നീണ്ടുനിന്ന ക്രിക്കറ്റ് ടൂര്‍ണമെന്റ് അന്‍വറിന്റെ സംഘാടക മികവിന് ഏറ്റവും നല്ല ഉദാഹരണമാണ്. ഇതിലൂടെ ലഭിക്കുന്ന ലാഭം സഹജീവികളുടെ ഉന്നമനത്തിന് വേണ്ടി അദ്ദേഹം നീക്കിവെച്ചിരുന്നു എന്നതാണ് ഏറെ ശ്രദ്ധേയം.
ജീവകാരുണ്യ മേഖലയില്‍ നിറസാന്നിധ്യമായിരുന്ന അന്‍വറിന്റെ പ്രധാന ശ്രദ്ധ ഗള്‍ഫില്‍ മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിലും, ജയിലുകളും ആശുപത്രികളും സന്ദര്‍ശിക്കാനും ഇവിടങ്ങിളില്‍ ഒക്കെ കുടുങ്ങിയ പ്രവാസികള്‍ക്ക് കൈത്താങ്ങ് തീര്‍ക്കാനും സാന്ത്വനം നല്‍കാനും അദ്ദേഹം മുന്നിലുണ്ടായിരുന്നു.
ആലപ്പുഴ തെക്കന്‍ ആര്യാട് സ്വദേശി അന്‍വറിനെ അറിയാത്തവര്‍ യു എ ഇയില്‍ നന്നേ കുറവ്. രണ്ടു പതിറ്റാണ്ടു പ്രവാസത്തിന്റെ ബാക്കിപത്രമായി കിട്ടിയ കിഡ്‌നി രോഗത്തില്‍ നിന്ന് ഇഷ്ട ജനങ്ങളുടെ പ്രാര്‍ഥനയാല്‍ അന്‍വര്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നെങ്കിലും ആഴ്ചയില്‍ മൂന്ന് പ്രാവശ്യം ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുകയാണ്.
ഡയാലിസിസിനും അനുബന്ധ കാര്യങ്ങള്‍ക്കുമായി അന്‍വറിന് മാസാന്തം 12,000 രൂപ ചിലവുവരുന്നു. ഭാര്യയും മൂന്ന് പെണ്‍മക്കളുമടങ്ങിയ കുടുംബത്തിന്റെ ബാധ്യതകള്‍ ഇതിനു പുറമെയാണ്. നിരവധിപേര്‍ക്ക് സാധാരണ ജീവിതത്തിലേക്ക് വഴികാണിച്ച ‘ഒ’ ഗ്രൂപ്പുകാരനായ അന്‍വര്‍ തനിക്ക് യോജിച്ച വൃക്ക ദാതാവിനെ തേടുന്നു. ഒപ്പം സഹൃദയരായ മുഴുവനാളുകളുടെയും പ്രാര്‍ഥനയും. വിവരങ്ങള്‍ക്ക്: 050- 1514514, 050-4754014, 050-2542162.