സബ്‌സിഡിയുമായി ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍

Posted on: July 5, 2015 9:29 am | Last updated: July 5, 2015 at 9:29 am

കോഴിക്കോട്: കാര്‍ഷിക രംഗത്ത് പുത്തനുണര്‍വ് സൃഷ്ടിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ വാണിജ്യാധിഷ്ഠിത കൃഷിയിനങ്ങള്‍ക്ക് ഉദാരമായി സബ്‌സിഡി നല്‍കുന്നു.
ഹെക്ടറൊന്നിന് വാഴകൃഷിക്ക് 26,250 രൂപ, ടിഷ്യൂകള്‍ച്ചര്‍ വാഴകൃഷി 37,500 രൂപ, പപ്പായ 22,500 രൂപ, മാമ്പഴം, പേരക്ക, ലിച്ചി, മാതളം, നാരകം എന്നിവയുടെ സാന്ദ്രീകൃത ഫലവൃക്ഷത്തോട്ടത്തിന് 24,000 രൂപ, റോസ്, ഹെലിക്കോണിയ, ആന്തൂറിയം, ജെര്‍ബീറ, ഓര്‍ക്കിഡ് പോലുളള അലങ്കാര പുഷ്പകൃഷിക്ക് 40,000 രൂപ, കുറ്റിമുല്ല, ജണ്ടുമല്ലി, ജമന്തി, മേരിഗോള്‍ഡ് തുടങ്ങിയ പുഷ്പകൃഷിക്ക് 16,000 രൂപ, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയ മണ്ണിനടിയില്‍ വളരുന്ന സുഗന്ധ വ്യഞ്ജന വിളകള്‍ക്ക് 12,000 രൂപ, കുരമുളക് പോലുള്ള വാര്‍ഷിക സുഗന്ധവ്യഞ്ജന വിളകള്‍ക്ക് 20,000 രൂപ, ഒരു വര്‍ഷം പ്രായമുള്ള കൊക്കോ ചെടികള്‍ക്ക് 4000 രൂപ എന്നിങ്ങനെയാണ് സബ്‌സിഡി ലഭിക്കുക.
ഗുണനിലവാരമുള്ളതും നിര്‍ദിഷ്ട മാനദണ്ഡങ്ങളനുസരിച്ച് പരിപൂര്‍ണ്ണമായും ചെയ്തു തീര്‍ന്നതോ നടന്നു വരുന്നതോ ആയ കൃഷികള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. പുതിയ സംരംഭകര്‍ സ്വന്തം നിലയില്‍ പരിശീലനം നേടി പദ്ധതികള്‍ നടപ്പിലാക്കിയ ശേഷം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകര്‍ ആധാര്‍ കാര്‍ഡ്, നികുതി രശീതി, ബാങ്ക് അക്കൗണ്ട്, പാസ്സ് ബുക്ക് കോപ്പി എന്നിവയുമായി നിര്‍ദ്ദിഷ്ട ഫോറത്തില്‍ സമീപത്തുളള കൃഷിഭവനിലാണ് അപേക്ഷിക്കേണ്ടത്. ഓണ്‍ലൈന്‍ വഴി ലഭിക്കുന്ന ഐ ഡി നമ്പര്‍ ഉപയോഗിച്ച് അപേക്ഷയുടെ പുരോഗതി മനസ്സിലാക്കാനാവും.
ഇതോടൊപ്പം സര്‍ക്കാര്‍ വികേന്ദ്രീകൃത പദ്ധതികളിലെ എഞ്ചിനീയര്‍മാര്‍, ലൈസന്‍സ് എഞ്ചിനീയര്‍ എന്നിവരുടെ മൂല്യനിര്‍ണ്ണയം, അംഗീകൃത ഏജന്‍സികളുടെ ബില്ല് എന്നിവയും ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്റെ ലോഗോ പതിച്ച പദ്ധതിയുടെ ഫോട്ടോയും നിര്‍ബന്ധമായും ഉളളടക്കം ചെയ്യണം. മേല്‍ വിളകളുടെ പുതിയ തോട്ടങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിന് നല്‍കുന്ന സബ്‌സിഡി ഒരു വ്യക്തിക്ക് പരമാവധി നാലു ഹെക്ടര്‍ വരെയാണ് അനുവദിക്കുന്നത്.
ഇതിന് വ്യക്തികള്‍ക്കും, സ്വാശ്രയ സംഘങ്ങള്‍ക്കും, സഹകരണ സംഘങ്ങള്‍ക്കും, വനിതാ ഗ്രൂപ്പുകള്‍ക്കും അപേക്ഷിക്കാവുന്നതാണ്. ബന്ധപ്പെട്ട കൃഷി ഓഫീസറും, അസിസ്റ്റന്റ് ഡയറക്ടറും ശുപാര്‍ശ ചെയ്യുന്ന അപേക്ഷകള്‍ മാത്രമാണ് ജില്ലാതലത്തില്‍ പരിഗണിക്കുക.
പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കും ഇതര സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങളും വിസ്തൃതിയുമുളള പക്ഷം അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണെന്നും കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ കൃഷി ഭവനുകളില്‍ നിന്ന് ലഭിക്കും.