കെഎസ്ആര്‍ടിസി ഡിപ്പോ; നടപടികള്‍ ഊര്‍ജിതമാക്കണമെന്ന്

Posted on: July 4, 2015 10:57 am | Last updated: July 4, 2015 at 10:57 am
SHARE

പെരിക്കല്ലൂര്‍: കെഎസ്ആര്‍ടിസിയുടെ പെരിക്കല്ലൂര്‍ ഡിപോ ഉടന്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമായി നടപ്പാക്കണമെന്ന് മുള്ളന്‍കൊല്ലി പഞ്ചായത്ത് മെമ്പര്‍ ജോര്‍ജ് വെളിയത്തുമാലില്‍ ആവശ്യപ്പെട്ടു.
വര്‍ഷങ്ങള്‍ക്ക് മുമ്പേ പെരിക്കല്ലൂര്‍ ഡിപോയ്ക്കുള്ള നടപടികള്‍ ആരംഭിച്ചതാണ്. ഡിപോ ആരംഭിക്കുന്നതിനായി രണ്ടേക്കര്‍ സ്ഥലം വിട്ടുനല്കാമെന്ന് കോട്ടയം രൂപത അധികൃതര്‍ അറിയിച്ചിട്ടും ഡിപോ ആരംഭിക്കുന്ന കാര്യത്തില്‍ അധികൃതര്‍ ഇപ്പോഴും മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നത്.
പതിനഞ്ചോളം ദീര്‍ഘദൂര ബസ് സര്‍വീസുകള്‍ പെരിക്കല്ലൂരില്‍ നിന്നും സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലേക്കായി സര്‍വീസ് നടത്തുന്നുണ്ട്. ആ സര്‍വീസുകള്‍ക്ക് വേണ്ട സൗകര്യങ്ങളെല്ലാം ഇപ്പോള്‍ പെരിക്കല്ലൂരില്‍ സെന്റ് തോമസ് പള്ളിയുടെ വകയായി നല്കിയിരിക്കുകയാണ്. ഡിപോയ്ക്ക് ആവശ്യമായ സ്ഥലം ലഭ്യമായിട്ടും അത് ഏറ്റെടുക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതില്‍ ദുരൂഹതയുണ്ട്. ഈ കാര്യത്തില്‍ ഉണ്ടായിട്ടുള്ള തടസങ്ങള്‍ ഒഴിവാക്കി എത്രയും വേഗം ഡിപോ ആരംഭിക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാകണമെന്നും ജോര്‍ജ് വെളിയത്തുമാലില്‍ ആവശ്യപ്പെട്ടു.