Connect with us

Kerala

നഗര ശുചീകരണത്തിന് 'ക്ലീന്‍ മൈ സ്ട്രീറ്റ്' പദ്ധതി

Published

|

Last Updated

തിരുവന്തപുരം: നഗരശുചീകരണത്തിനായി നഗരസഭകളില്‍ “ക്ലീന്‍ മൈ സ്ട്രീറ്റ്” പദ്ധതി നടപ്പാക്കുന്നു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ തൊഴിലാളികളെ നിയമിക്കുകയും ജനകീയമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്ന ഈ പദ്ധതിയ്ക്ക് 10ന് തിരുവനന്തപുരത്ത് തുടക്കമാകും. സംസ്ഥാന സര്‍ക്കാരിന്റെ നാലാംവാര്‍ഷികാഘോഷത്തിന്റെയും മുനിസിപ്പല്‍ ദിനാഘോഷത്തിന്റെയും ഭാഗമായാണ് “ക്ലീന്‍ മൈ സ്ട്രീറ്റ്” പദ്ധതി നടപ്പാക്കുന്നതെന്ന് നഗരകാര്യമന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു.
ശുചീകരണത്തിനായി മുനിസിപ്പല്‍ വാര്‍ഡുകളില്‍ ഒരാളെയും മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍ മൂന്നുപേരെ വീതവും അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി പ്രകാരം അധികമായി നിയമിക്കും. ഇവര്‍ക്ക് പ്രതിദിനം 300 രൂപ വേതനം നല്‍കും. നിലവിലെ തൊഴിലാളികളെക്കൊണ്ട് മാത്രം നഗരശുചീകരണം നടത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് കൂടുതല്‍ തൊഴിലാളികളുടെ സേവനം ഉറപ്പുവരുത്തുന്നത്. ഓടകളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങളും ഖരമാലിന്യങ്ങളും കുന്നുകൂടിയതിനാല്‍ മലിനജലം കെട്ടിക്കിടക്കുകയും പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാവുകയും ചെയ്യുന്നുണ്ട്. ഇവ നീക്കം ചെയ്യുന്നതിന് അയ്യങ്കാളി പദ്ധതി പ്രകാരം നിയമിക്കുന്ന ഈ തൊഴിലാളികളെ ഉപയോഗപ്പെടുത്തും. നഗരങ്ങളിലെ അനധികൃത ബോര്‍ഡുകള്‍ ഫഌക്‌സുകളും വൈദ്യുതി കാലുകളിലെ അനധികൃത പോസ്റ്ററുകളും മറ്റും നീക്കം ചെയ്യുന്നതിനും ഈ തൊഴിലാളികളെ ഉപയോഗപ്പെടുത്തും. തൊഴിലാളികളുടെ നിയമനവും പ്രവര്‍ത്തന മേല്‍നോട്ടവും വാര്‍ഡ് കൗണ്‍സിലര്‍മാരും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും ചേര്‍ന്ന് നിര്‍വ്വഹിക്കും. മൂന്നുവരെ വാര്‍ഡുകള്‍ക്ക് സംയുക്തമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താവുന്നതാണ്. ഇതിന്റെ ഭാഗമായി ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകള്‍ ക്ലീന്‍ കേരള കമ്പനി ഏറ്റെടുക്കും.
നിലവില്‍ അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 229 രൂപയാണ് വേതനം. ഈ തുകയ്ക്ക് നഗരങ്ങളില്‍ ജോലി ചെയ്യാന്‍ ആളില്ലാത്തതിനാല്‍ പല നഗരസഭകളിലും പദ്ധതിയ്ക്കായി നീക്കിവെച്ച തുക വിനിയോഗിക്കാതെ കിടക്കുകയാണ്. മാത്രമല്ല, ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയാതെയും വന്നു. ഈ സാഹചര്യത്തിലാണ് താല്‍ക്കാലികമായി കൂടുതല്‍ തൊഴിലാളികളെ വച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ തീരുമാനിച്ചത്. ഇതിന് ആവശ്യമായി വരുന്ന തുക നഗരസഭകള്‍ അയ്യങ്കാളി പദ്ധതിയ്ക്കായി അനുവദിച്ച തുകയില്‍നിന്ന് ചിലവഴിക്കാവുന്നതാണ്. അംഗീകരിച്ച ലേബര്‍ ബജറ്റില്‍ ആവശ്യമെങ്കില്‍ ഭേദഗതി വരുത്താനും അനുമതിയുണ്ട്. ലേബര്‍ ബജറ്റുകള്‍ അംഗീകരിക്കാത്ത നഗരസഭകള്‍ വേഗത്തില്‍ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.