Connect with us

Wayanad

ആദിവാസി യുവാവിനെ കടുവ കൊന്നുതിന്നു

Published

|

Last Updated

സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം. ആദിവാസി യുവാവിനെ കടുവ കൊന്നു തിന്നു. നൂല്‍പ്പുഴ പഞ്ചായത്തിലെ കുറിച്യാട് വനഗ്രാമത്തിലെ കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ട കുള്ളന്റെ മകന്‍ ബാബുരാജിനെ (23) ആണ് കടുവ തിന്നത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നതെന്ന് കരുതുന്നു. വ്യാഴാഴ്ച ഉച്ചക്ക് ശേഷം മുതല്‍ ബാബുരാജിനെ കോളനിയില്‍ നിന്ന് കാണാതായിരുന്നു. ഇന്നലെ നടത്തിയ തിരച്ചിലില്‍ വനത്തിനകത്ത് നിന്ന് തലയോട്ടിയും അസ്ഥികളും കണ്ടെത്തുകയായിരുന്നു.
കോളനിക്ക് സമീപത്ത് വെച്ച് തന്നെയാണ് ബാബുരാജിനെ കടുവ പിടികൂടിയത്. കടുവ പിടികൂടിയ സ്ഥലത്ത് നിന്ന് ബാബുരാജിന്റെ ചെരുപ്പും കത്തിയും കണ്ടെടുത്തു. വിവരമറിഞ്ഞ് ജില്ലാ കലക്ടര്‍ വി കേശവേന്ദ്രകുമാര്‍, ബത്തേരി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ മോഹനന്‍, തഹസില്‍ദാര്‍ എന്‍ കെ എബ്രഹാം, ബത്തേരി സി ഐ ബിജുരാജ് എന്നിവര്‍ സ്ഥലത്ത് സന്ദര്‍ശനം നടത്തി. ബാബുരാജിന്റെ ആശ്രിതര്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കാനും ഭാര്യ സുനിക്ക് വനം വകുപ്പില്‍ താത്കാലിക വാച്ചറായി നിയമനം നല്‍കാനും ശിപാര്‍ശ ചെയ്യുമെന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ മോഹനന്‍ പറഞ്ഞു. കടുവയെ പിടികൂടുന്നതിനായി കൂട് സ്ഥാപിക്കുവാനും കോളനിയില്‍ നിരീക്ഷണമേര്‍പ്പെടുത്തുവാനും വനം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, കടുവയുടെ ആക്രമണം കുറിച്യാട് ഗ്രാമവാസികളെ ഭയചകിതരാക്കിയിരിക്കുകയാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ബത്തേരി വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫീസ് ആക്രമിച്ചു. ജനല്‍ചില്ലുകള്‍ അടിച്ച് തകര്‍ത്തു.
സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയിലുള്‍പ്പെട്ട കുറിച്യാട് ഗ്രാമം ചെതലയത്ത് നിന്ന് എട്ട് കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെയുള്ളവരെ പദ്ധതിയിലുള്‍പ്പെടുത്തി കാടിന് പുറത്തേക്ക് പുനരധിവസിപ്പിച്ചെങ്കിലും പ്രാക്തന ഗോത്രവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന കാട്ടുനായ്ക്കരായ 25 ഓളം കുടുംബങ്ങള്‍ ഗ്രാമത്തിനകത്ത് തന്നെയാണ് കഴിയുന്നത്.
ഈ വര്‍ഷം ഇത് മൂന്നാമത്തെയാളാണ് കടുവക്ക് ഇരയാകുന്നത്. ഫെബ്രുവരി പത്തിന് നൂല്‍പ്പുഴ മുക്കുത്തികുന്ന് സുന്ദരത്ത് ഭാസ്‌കരനാണ് ആദ്യം കടുവയുടെ ആക്രമണത്തിനിരയായത്. പിന്നീട് ഫെബ്രുവരി പതിനാലിന് പന്തല്ലൂര്‍ താലൂക്കിലെ പാട്ടവയലില്‍ തോട്ടം തൊഴിലാളിയായ ഭാഗ്യലക്ഷ്മിയും കടുവയുടെ ആക്രമണത്തിനിരയായി. അഞ്ച് ദിവസത്തെ തിരച്ചിലിനൊടുവില്‍ നരഭോജി കടുവയെ കേരള- തമിഴ്‌നാട് അതിര്‍ത്തിയിലുള്ള ബിദര്‍ക്കാട് ബെണ്ണയ്ക്കടുത്ത് സൂസംപാടിയില്‍ വെച്ച് തമിഴ്‌നാട് വനം വകുപ്പിന്റെ ദൗത്യസംഘം വെടിവെച്ച് വീഴ്ത്തുകയായിരുന്നു.

Latest