കെട്ടിട നിര്‍മാണ സാമഗ്രികളുടെ വില്‍പ്പനയില്‍ ക്രമക്കേട് കണ്ടെത്തി

Posted on: July 3, 2015 9:16 pm | Last updated: July 3, 2015 at 9:16 pm

കാസര്‍കോട്: സംസ്ഥാന വ്യാപകമായി ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ കടകളില്‍ നടത്തിയ പരിശോധനയുടെ ഭാഗമായി ജില്ലയിലും പരിശോധനകള്‍ നടത്തി. ജില്ലയിലെ കെട്ടിട നിര്‍മാണ സാമഗ്രികള്‍ വില്‍പ്പന നടത്തുന്ന ഹാര്‍ഡ് വെയര്‍ കടകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ഏഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
കെട്ടിട നിര്‍മാണ സാമഗ്രികളായ ടൈല്‍സ്, പെയിന്റ്- ബ്രഷ്, ഡോര്‍ലോക്കുകള്‍ എന്നിവ വില്‍പന നടത്തുന്നതില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. ടൈല്‍സ് പാക്കറ്റുകളില്‍ രേഖപ്പെടുത്തിയ എം ആര്‍ പി യെക്കാള്‍ രണ്ടിരട്ടി തുക ഈടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ജില്ലാ ലീഗല്‍ മെട്രോളജി അസി. കണ്‍ട്രോളര്‍ ഐ. രാമപ്രസാദ ഷെട്ടിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഫഌയിംഗ് സ്‌ക്വാഡ് അസി. കണ്‍ട്രോളര്‍ പി.ശ്രീനിവാസ, ഇന്‍സ്‌പെക്ടര്‍ കെ,ശശികല, ഇന്‍സ്‌പെക്ടിംഗ് അസിസ്റ്റന്റുമാരായ ടി. നാരായണന്‍, കെ. ഹരിദാസ്, ഡ്രൈവര്‍ കെ പി മുസ്തഫ എന്നിവര്‍ പങ്കെടുത്തു.
അമിതവില ഈടാക്കിയും രേഖപ്പെടുത്തിയ എംആര്‍പി തിരുത്തുകയും അളവില്‍ കുറവ് വരുത്തി വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പരിശോധന നടത്തി കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്ന് ലീഗല്‍ മെട്രോളജി അസി. കണ്‍ട്രോളര്‍ അറിയിച്ചു.