7,000 ദിര്‍ഹം കവര്‍ന്ന കേസില്‍ മൂന്നു പേര്‍ക്ക് മൂന്നു വര്‍ഷം തടവ്

Posted on: July 3, 2015 5:41 pm | Last updated: July 3, 2015 at 6:04 pm

ദുബൈ: കാല്‍നട യാത്രക്കാരനെ ആക്രമിച്ച് 7,000 ദിര്‍ഹം കവര്‍ന്ന കേസില്‍ പ്രതികളായ മൂന്നുപേര്‍ക്ക് മൂന്നു വര്‍ഷം വീതം തടവ്. ദുബൈ ക്രിമിനല്‍ കോടതിയാണ് സഹോദരന്മാര്‍ ഉള്‍പെടെ മൂന്നു പേര്‍ക്ക് തടവ് വിധിച്ചത്. രഹസ്യപോലീസാണെന്ന് വിശ്വസിപ്പിച്ചായിരുന്നു ജനുവരി 12ന് പുലര്‍ച്ചെ 2.30ക്ക് ബംഗ്ലാദേശ് സ്വദേശിയായ നിക്ഷേപകനില്‍ നിന്നു പണം കവര്‍ന്നത്. രണ്ടു പേര്‍ തനിക്കരുകില്‍ എത്തുകയും തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെടുകയുമായിരുന്നുവെന്ന് കവര്‍ച്ചക്ക് ഇരയായ ബംഗ്ലാദേശ് യുവാവ് അന്വേഷണ സംഘത്തോട് വ്യക്തമാക്കിയിരുന്നു. സംശയം തോന്നിയതിനാല്‍ അവരുടെ തിരിച്ചറിയല്‍ കാര്‍ഡ് കാണണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പോലീസിന്റെ ലോഗോ പതിച്ച കാര്‍ഡ് പ്രദര്‍ശിപ്പിച്ചതായും താന്‍ പേഴ്‌സില്‍ നിന്നു ഐ ഡി കാര്‍ഡ് എടുക്കവേ ആക്രമിച്ച് പേഴ്‌സില്‍ നിന്നു 7,000 ദിര്‍ഹം കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നുവെന്നും ഇയാള്‍ മൊഴിനല്‍കിയിയിരുന്നു. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുകയും കവര്‍ച്ചക്ക് ഇരയായ യുവാവ് തിരിച്ചറിയുകയും ചെയ്തിരുന്നു.