Connect with us

Malappuram

പ്ലസ് വണ്‍ പ്രവേശനം; സീറ്റില്ലാതെ 47,782 വിദ്യാര്‍ഥികള്‍

Published

|

Last Updated

മലപ്പുറം: പ്ലസ് വണ്‍ രണ്ടാം അലോട്ട്‌മെന്റ് പൂര്‍ത്തിയായിട്ടും ജില്ലയില്‍ പകുതിയോളം പേര്‍ക്ക് പ്രവേശനം ലഭിച്ചില്ല.
മുഖ്യ അലോട്ട്‌മെന്റിലെ രണ്ടാമത്തെയും അവസാനത്തെയും പട്ടിക പുറത്തുവന്നപ്പോള്‍ 47,782 വിദ്യാര്‍ഥികള്‍ക്കാണ് സീറ്റ് ലഭിക്കാത്തത്. പ്ലസ് വണ്‍ ക്ലാസുകള്‍ ജൂലൈ എട്ടിന് ആരംഭിക്കും. താല്‍ക്കാലിക പ്രവേശനത്തില്‍ തുടര്‍ന്ന വിദ്യാര്‍ഥികള്‍ക്ക് ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്താനുള്ള അവസരവും തീര്‍ന്നു. ഇവര്‍ അലോട്ട്‌മെന്റ് ലഭിച്ച അതത് സ്‌കൂളുകളില്‍ സ്ഥിര പ്രവേശനം നേടിയിട്ടുണ്ട്. സ്‌കൂളുകളില്‍ നിന്ന് ലഭിക്കുന്ന പ്രത്യേക ഫോം ഉപയോഗിച്ച് പിന്നീട് ഹയര്‍ ഒപ്ഷന് ശ്രമിക്കാവുന്നതാണ്. 81,070 പ്ലസ് വണ്‍ അപേക്ഷകരുള്ള ജില്ലയില്‍ 33,260 സീറ്റുകളാണുള്ളത്. അണ്‍ എയ്ഡഡ് മേഖലയില്‍ 10586 സീറ്റുകളും പോളി ടെക്‌നിക്ക്, ഐ ടി ഐ, സി ബി എസ് ഇ എന്നിവിടങ്ങളിലെ ഏഴായിരത്തോളം സീറ്റുകളുമുണ്ട്.
എസ് എസ് എല്‍ സി സേ പരീക്ഷ പാസായവര്‍, സി ബി എസ് ഇ സ്‌കൂള്‍തല പരീക്ഷയില്‍ യോഗ്യത നേടിയവര്‍, നേരത്തെ അപേക്ഷ നല്‍കാന്‍ കഴിയാതിരുന്നവര്‍ എന്നിവര്‍ക്ക് വേണ്ടിയുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതോടെ പ്രവേശനം ലഭിക്കാത്തവരുടെ എണ്ണം ഇനിയും ഉയരും. ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചപ്പോള്‍ 26,950 പേര്‍ക്കും രണ്ടാം അലോട്ട്‌മെന്റില്‍ 3761 പേര്‍ക്കുമാണ് വിവിധ കോഴ്‌സുകള്‍ക്ക് ചേരാന്‍ അനുമതി ലഭിച്ചത്. സംവരണ വിഭാഗത്തില്‍പെട്ട മുസ്‌ലിം, ഈഴവ, തിയ്യ വിഭാഗങ്ങളുടെ സംവരണ സീറ്റുകള്‍ ആദ്യ അലോട്ട്‌മെന്റില്‍ തന്നെ പൂര്‍ണമായി.
എസ് സി, എസ് ടി വിഭാഗങ്ങളുടെ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ട്. സ്‌കൂളുകളില്‍ സ്ഥിരപ്രവേശനം നേടിയവരുടെ കണക്കുകള്‍ ഇന്ന് ഏകജാലക വെബ് സൈറ്റില്‍ അപ്‌ലോഡ് ചെയ്യും. എട്ടു വിഷയങ്ങള്‍ക്ക് എ പ്ലസ് നേടിയവര്‍ക്കുപോലും അലോട്ട്‌മെന്റ് ലഭിക്കാത്ത സ്ഥിതിയാണ്. ഉയര്‍ന്ന വിജയം നേടിയിട്ടും ആദ്യ ഓപ്ഷനുകളിലെ സ്‌കൂളുകളില്‍ പലര്‍ക്കും പ്രവേശനം ലഭിച്ചിട്ടില്ല.
അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്‌മെന്റൊന്നും ലഭിച്ചിട്ടില്ലാത്തവര്‍ക്ക് നിലവിലുളള അപേക്ഷ പുതുക്കി പുതിയ ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ത്ത് സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷ നല്‍കാം. ഇതിനുളള തീയതി വൈകാതെ അറിയിക്കും.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് പ്ലസ് വണ്‍ പ്രവേശനം ലഭിക്കാത്തത് ജില്ലയിലാണ്. കഴിഞ്ഞവര്‍ഷം ജില്ലയില്‍ 74,992 പേര്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിച്ചപ്പോള്‍ രണ്ട് അലോട്ടുമെന്റുകളിലായി 29499 പേര്‍ക്കാണ് അവസരം ലഭിച്ചത്.
തുടര്‍ന്ന് നൂറ് സ്‌കൂളുകളിലായി 121 അധിക ബാച്ചുകള്‍ക്കൊപ്പം 19 ഹൈസ്‌കൂളുകളെ ഹയര്‍സെക്കന്‍ഡറികളായും ഉയര്‍ത്തി താത്ക്കാലിക പരിഹാരം കണ്ടിരുന്നു. എന്നാല്‍ അക്കാദമിക നിലവാരം കുറഞ്ഞ ചില സ്‌കൂളുകളില്‍ പ്ലസ് വണ്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടന്നിരുന്നു. സയന്‍സ് വിഷയത്തിലായിരുന്നു കൂടുതലും. കഴിഞ്ഞ വര്‍ഷം കാല്‍ ലക്ഷത്തോളം പേരാണ് ജില്ലയില്‍ ഓപ്പണ്‍ സ്‌കൂളിനെ ആശ്രയിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്തതും ജില്ലയില്‍ നിന്നായിരുന്നു.